The Official Website Of Edathirinji [ Since 2002 ]




Cheraman Juma Masjid : (Distance 18.8 KM From Edathirinji)
അനിസ്ലാമികമെന്ന്‌ ചില മുസ്ലിം കേന്ദ്രങ്ങളെങ്കിലും കരുതുന്ന ആചാരങ്ങൾ നടക്കുന്ന മുസ്ലിം ദേവാലയമാണ്‌ ഈ പള്ളി. അടുത്തകാലത്ത്‌ ഈ ആചാരങ്ങൾ വിവാദമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ വിജയദശമിനാളിൽ ചേരമാൻ പള്ളിയിൽ കുട്ടികളെ എഴുത്തിനിരുത്തിയ സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും കുട്ടികളെ അവിടെ എഴുത്തിനിരുത്തുകയുണ്ടായി. ചില മുസ്ലിം കേന്ദ്രങ്ങൾ എതിർപ്പ്‌ പ്രകടിപ്പിച്ചെങ്കിലും ഈ ചടങ്ങ് നടന്നു. അതുപോലെതന്നെ, നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെതന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി. നിലവിളക്ക്‌ കൊളുത്തുന്നത്‌ നിഷിദ്ധമാണെന്ന ഇസ്ലാമിക സങ്കല്പത്തിന്‌ വിരുദ്ധമാണിത്‌. എന്നാലും നിലവിളക്ക്‌ ചേരമാൻ പള്ളിയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായിത്തന്നെ നിലനില്ക്കുകയാണ്‌. പള്ളി സന്ദർശിക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്കുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാൻ കൊടുങ്ങല്ലൂർ നിവാസികൾ ഈ പള്ളിയിലെത്തുന്നത്‌. ഇസ്ലാമിക സംസ്കാരം എത്തുന്നതിനുമുമ്പുതന്നെയുള്ള ബുദ്ധമതപാരമ്പര്യത്തിന്റെ തുടർച്ചയാണ്‌ ഇപ്പോഴത്തെ ഈ ആചാരങ്ങൾ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
 
 
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌ (cheraman juma masjid). ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളി. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബി സന്ന്യസിവര്യനായ മാലിക് ഇബ്നു ദിനാർ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്.