The Official Website Of Edathirinji [ Since 2002 ]


തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍ വെള്ളാങ്കല്ലൂര്‍ ബ്ളോക്കിലാണ് പടിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടതിരിഞ്ഞി, പടിയൂര്‍, മനവലശ്ശേരി(ഭാഗികം) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 18.57 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 14 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാട്ടൂര്‍, കാറളം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൂമംഗലം പഞ്ചായത്തും, തെക്കുഭാഗത്ത് കെട്ടുചിറകടവും, പടിഞ്ഞാറുഭാഗത്ത് കനോലി കനാലുമാണ്. പുരാതന ചേരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളത്തിന്റെ മതില്‍ക്കകമായ തൃക്കണാമതിലകത്തിന്റെ പടിയായ ഊര് എന്നു കണക്കാക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു പടിയൂര്‍ എന്നറിയപ്പെട്ടത്. ഇതത്രെ പടിയൂരിന്റെ സ്ഥലനാമ ഐതിഹ്യം.

ഭരതപ്രതിഷ്ഠയുള്ള മഹാക്ഷേത്രത്തിന്റെ പെരുമകൊണ്ടും മലഞ്ചരക്കുവ്യാപാരകേന്ദ്രമെന്ന പ്രധാന്യം കൊണ്ടും പ്രശസ്തമായിരുന്ന ഇരിഞ്ഞാലക്കുട പട്ടണമായിരുന്നു പടി ഇറങ്ങുന്നവരുടെ ലക്ഷ്യസ്ഥാനം. ഇപ്പോള്‍ പൂമംഗലത്തില്‍ ഉള്‍പ്പെടുന്ന അരിപ്പാലത്തായിരുന്നു പടിയൂര്‍, പൂമംഗലം പഞ്ചായത്തുകള്‍ ഒന്നിച്ചുചേര്‍ന്ന് പടിയൂര്‍ പഞ്ചായത്തായി പ്രവര്‍ത്തിച്ചിരുന്ന കാലത്തെ ആസ്ഥാനം. 1950-ല്‍ കൊച്ചിയും തിരുവിതാംകൂറും കൂടിച്ചേര്‍ന്ന് തിരുക്കൊച്ചി സംസ്ഥാനമാകും മുമ്പ് കൊച്ചിയില്‍ അവസാനത്തെ തിരഞ്ഞെടുപ്പ് നടന്നത് 1939-ല്‍ ആയിരുന്നു. ഇപ്പോഴത്തെ പടിയൂര്‍ പഞ്ചായത്തുപ്രദേശത്തുനിന്നും 4 പേരും പൂമംഗലം ഭാഗത്തുനിന്നും 3 പേരും ഉള്‍പ്പെടെ 7 അംഗങ്ങളോടുകൂടിയ പഞ്ചായത്തായിരുന്നു അന്നത്തെ പടിയൂര്‍. അച്ചടിച്ച വോട്ടര്‍പട്ടിക സമ്പ്രദായം നിലവില്‍ വന്നിരുന്നില്ല. പകരം തെരഞ്ഞെടുപ്പിനു ജനങ്ങള്‍ പഞ്ചായത്തില്‍ ഒത്തുചേര്‍ന്ന് കൈപൊക്കി ഭൂരിപക്ഷപ്രകാരം തെരഞ്ഞെടുക്കുന്ന സമ്പ്രദായമായിരുന്നു. 10 രൂപ സര്‍ക്കാരിലേക്ക് നികുതി കൊടുക്കുന്ന, 25 വയസ്സ് പൂര്‍ത്തീകരിച്ച വ്യക്തിയായിരിക്കണമെന്നതാണ് സ്ഥാനാര്‍ത്ഥിയാകാനും മത്സരിക്കാനുമുണ്ടായിരുന്ന യോഗ്യത. പഞ്ചായത്തിന്റെ കാലാവധിയാകട്ടെ മൂന്നു വര്‍ഷക്കാലമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പുയോഗം വിളിച്ചുചേര്‍ത്തിരുന്നത് പാര്‍വ്വത്യക്കാരനായിരുന്നു. 1939-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച്, ആദ്യപ്രസിഡന്റായത് നെല്ലിമുട്ടത്ത് ഗോവിന്ദന്‍കുട്ടി മേനോനായിരുന്നു. കേരളത്തില്‍ ആംഗ്ളോ ഇന്ത്യന്‍ സമൂഹം ധാരാളമായി നിവസിക്കുന്ന ഒരു പഞ്ചായത്താണ് പടിയൂര്‍.

സാമൂഹ്യ-സാംസ്കാരികചരിത്രം

പുരാതന ചേരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളത്തിന്റെ മതില്‍ക്കകമായ തൃക്കണാമതിലകത്തിന്റെ പടിയായ ഊര് എന്നു കണക്കാക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു പടിയൂര്‍ എന്നറിയപ്പെട്ടത്. ഇതത്രെ പടിയൂരിന്റെ സ്ഥലനാമ ഐതിഹ്യം. ഭരതപ്രതിഷ്ഠയുള്ള മഹാക്ഷേത്രത്തിന്റെ പെരുമകൊണ്ടും മലഞ്ചരക്കുവ്യാപാരകേന്ദ്രമെന്ന പ്രധാന്യം കൊണ്ടും പ്രശസ്തമായിരുന്ന ഇരിഞ്ഞാലക്കുട പട്ടണമായിരുന്നു പടി ഇറങ്ങുന്നവരുടെ ലക്ഷ്യസ്ഥാനം. നാട്ടുപാതകളിലൂടെ കാല്‍നടയായി നീങ്ങുന്ന വഴിയാത്രക്കാരും, വിവാഹസംഘങ്ങളും ഇരിഞ്ഞാലക്കുട ചന്തയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ വഹിച്ചുനീങ്ങുന്ന ചുമട്ടുകാരും കച്ചവടക്കാരും കടന്നുപോയിരുന്നത് 1950-കളുടെ അവസാനം വരെ ഈ ഗ്രാമത്തിലെ പതിവുകാഴ്ചയായിരുന്നു. സഞ്ചാരികള്‍ക്കു വിശ്രമത്തിനായി നിര്‍മ്മിച്ച വഴിയമ്പലങ്ങളും ആല്‍ത്തറകളും അതിനോടുചേര്‍ന്ന് നാട്ടുവഴികളുടെ ഓരത്തുള്ള മറ്റ് അത്താണികളും പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളായി ഇന്നും പലയിടത്തും കാണാം.

ഗോവയില്‍ നിന്ന് കേരളത്തില്‍ വന്നവരെന്നു കരുതുന്ന കുടുംബിസമുദായക്കാര്‍ പഞ്ചായത്തിന്റെ പല വാര്‍ഡുകളിലും താമസിക്കുന്നുണ്ട്. കൊച്ചിരാജാവില്‍ നിന്നു പതിച്ചുകിട്ടിയതെന്ന് കരുതപ്പെടുന്ന ധാരാളം ഭൂസ്വത്ത് ഇവര്‍ക്കുണ്ടായിരുന്നു. ഇവരുടെയില്‍ ശൈശവവിവാഹം നിലനിന്നിരുന്നു. പെണ്‍കുട്ടികള്‍ക്ക് 7 വയസ്സും ആണ്‍കുട്ടികള്‍ക്ക് 12 വയസ്സുമായിരുന്നു ഇവരുടെയിലെ വിവാഹപ്രായം. വലിയ ആര്‍ഭാടത്തോടെ 7 ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു ഇവരുടെ വിവാഹച്ചടങ്ങുകള്‍. ഹോളി ഇവര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ഉത്തരേന്ത്യന്‍ ഉത്സവമാണ്. കഥകളിയില്‍ പ്രാവീണ്യം നേടിയവരും, വിഷചികിത്സാരംഗത്ത് വൈദഗ്ദ്ധ്യമുള്ളവരും ഇവര്‍ക്കിടയിലുണ്ട്. പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ ആംഗ്ളോ ഇന്ത്യക്കാര്‍ കൂടുതലാണ്. ക്രിസ്തീയദേവാലയങ്ങളില്‍ തന്നെയാണ് ഇവരും ആരാധന നടത്തുന്നത്. പെരേര, പിന്‍ഹിറോ, ലിവേര, റോഡ്രിഗ്സ്, അല്‍മേഡ, റോച്ച, ഡിസില്‍വ തുടങ്ങിയ സര്‍നെയിമുകളില്‍ ഇവര്‍ അറിയപ്പെടുന്നു.

ഹൈന്ദവരുടെയിടയില്‍ അയിത്തവും തൊട്ടുകൂടായ്മയും കേരളത്തിലെല്ലായിടത്തുമുണ്ടായിരുന്നതുപോലെ ഇവിടെയും നിലനിന്നിരുന്നു. ഒരോ ജാതിക്കാരനും തൊട്ടുമുകളിലുള്ള ജാതിക്കാരനില്‍നിന്ന് നിശ്ചിതദണ്ഡ് അകന്നുമാറി നില്‍ക്കണമെന്നായിരുന്നു അലിഖിത നിയമം. നമ്പൂതിരിയില്‍ നിന്ന് നായര്‍ മൂന്നു ദണ്ഡും നായരില്‍നിന്ന് ഈഴവര്‍ മൂന്നു ദണ്ഡും അവരില്‍നിന്ന് മറ്റു പിന്നോക്കക്കാര്‍ മൂന്നു ദണ്ടും എന്നിങ്ങനെയായിരുന്നു കണക്ക്.സവര്‍ണ്ണര്‍ക്ക് ക്ഷൌരം ചെയ്യുന്നതിന് പ്രത്യേകം ഏര്‍പ്പാടും അവിടെ അവര്‍ണ്ണര്‍ക്ക് വിലക്കും ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനു മുമ്പ് സവര്‍ണ്ണക്ഷേത്രങ്ങള്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. മുന്‍കാലത്ത് ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ പണ്ടാരവകയോ ദേവസ്വം വകയോ ആയിരുന്നു. ഭൂവുടമകള്‍ കൃഷിക്കാര്‍ക്ക് പാട്ടത്തിന് ഭൂമി നല്‍കിയിരുന്നു. 10 മുതല്‍ 30 വരെ പാട്ടം കൊടുക്കേണ്ടിയിരുന്ന ഇത്തരം പാട്ടഭൂമിയില്‍ കൃഷി പിഴച്ചാല്‍ കൃഷിക്കാര്‍ കടത്തിലാവുക പതിവായിരുന്നു. ഭൂവുടമക്ക് അപ്രിയമായി പ്രവര്‍ത്തിച്ചാലും കുടിയൊഴിപ്പിക്കപ്പെടുമായിരുന്നു. ഭൂപരിഷ്ക്കരണനിയമം കൃഷിക്കാരേയും കുടികിടപ്പുകാരേയും ഈ കെടുതിയില്‍നിന്നും രക്ഷപ്പെടുത്തി. പട്ടികജാതിക്കാരില്‍ വേലന്മാരൊഴികെ മറ്റാര്‍ക്കും സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല.ഹിന്ദുക്കളില്‍ അവര്‍ണ്ണജാതിക്കാരുടെയില്‍ വസ്ത്രധാരണത്തില്‍ ചില നിയന്ത്രണങ്ങളുണ്ടായിരുന്നു. പത്തുവയസ്സുവരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൌപീനം മാത്രമെ ധരിച്ചിരുന്നുള്ളൂ. ആണുങ്ങള്‍ ആരും ഷര്‍ട്ട് ഉപയോഗിച്ചിരുന്നില്ല.

1945-50 വരെ ചെരുപ്പ് ഉപയോഗിച്ചിരുന്നില്ലെങ്കിലും ചിലര്‍ മെതിയടി ഉപയോഗിച്ചിരുന്നു. രോഗം വന്നാല്‍ ചികിത്സിക്കാതിരിക്കുക, ജ്യോത്സ്യരെ കണ്ട് ദോഷകാരണങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുക, മന്ത്രവാദങ്ങള്‍ ചെയ്യിക്കുക, ശത്രുക്കളെ കൊല്ലുന്നതിന് പാണരെക്കൊണ്ട് ഒടിവെപ്പിക്കുക എന്നിവയൊക്കെ അന്ന് പ്രചാരത്തിലിരുന്ന അന്ധവിശ്വാസങ്ങളായിരുന്നു. അനാചാരങ്ങള്‍ക്കെതിരെ 1934-35 കാലഘട്ടത്തില്‍ വിദ്യസമ്പന്നരായ കുറേ ചെറുപ്പക്കാര്‍ ചേര്‍ന്ന് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളെ ആസ്പദമാക്കി ഒരു ശ്രീനാരായണമൂവ്മെന്റിന് രൂപം കൊടുക്കുകയും ഏതാണ്ട് 500-ല്‍ പരം ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പടിയൂര്‍ എസ്.എന്‍.വി.എല്‍.പി.സ്ക്കൂളില്‍ വച്ച് ഒരു പൊതുയോഗം ചേരുകയും ചെയ്തു. ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. അന്നത്തെ ദിനപ്പത്രമായിരുന്ന ഗോമതിയില്‍ ഈ വാര്‍ത്ത വലിയ പ്രധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ചുരുക്കം ചിലര്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു. ഉപജീവനമാര്‍ഗ്ഗത്തിനുവേണ്ടി വളരെ മുമ്പുതന്നെ സിലോണില്‍ പോയിട്ടുള്ളവരില്‍ ചിലര്‍ സ്വാതന്ത്ര്യസമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് നാട്ടില്‍ തിരിച്ചെത്തി ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അത്തരം അപൂര്‍വ്വം ചിലരില്‍ ഒരാളാണ് വി.ആര്‍.കൃഷ്ണന്‍. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിനേതുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പടിയൂരില്‍ ആദ്യം രൂപംകൊണ്ട തൊഴിലാളിസംഘടന ചെത്തു തൊഴിലാളികളുടേതാണ്. ഈ ജില്ലയിലെ ആദ്യത്തെ ചെത്തുതൊഴിലാളി സമരം നടന്നത് എടതിരിഞ്ഞി-പടിയൂര്‍ ഭാഗത്താണ്. വി.വി.ചാത്തുണ്ണി, കെ.ആര്‍.അപ്പുക്കുട്ടന്‍ തുടങ്ങിയവരാണ് ഈ സമരത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നത്.

1920-ന് മുമ്പ് എഴുത്താശ്ശാന്‍മാരില്‍ നിന്നും ഏതാനുംപേര്‍ അക്ഷരാഭ്യാസം നേടിയിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം 1920-ല്‍ ചേലൂരില്‍ സ്ഥാപിതമായി. സെന്റ് മേരീസ് എല്‍.പി.സ്ക്കുളെന്ന ഇതിനെ കക്കഴ സ്ക്കൂള്‍ എന്നും വിളിച്ചിരുന്നു. ആദ്യം മൂന്നാം ക്ളാസ്സ് വരെ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എടതിരിഞ്ഞിയില്‍ ഇന്ന് എച്ച്.ഡി.പി.എസ് സ്ക്കൂള്‍ ഉള്ള സ്ഥലത്ത് ഒരു വര്‍ഷക്കാലം പ്രവര്‍ത്തിച്ച മറ്റൊരു സ്ക്കൂളും ഉണ്ടായിരുന്നു. 1926-ല്‍ പടിയൂര്‍ എസ്.എന്‍.വി.എല്‍.പി സ്ക്കൂളും പിന്നീട് എടതിരിഞ്ഞിയില്‍ ആര്‍.ഐ.എല്‍.പി സ്ക്കൂളും സ്ഥാപിതമായി. ഇപ്പോള്‍ നാല് എല്‍.പി.സ്ക്കൂളും രണ്ട് യു.പി.സ്ക്കൂളും ഒരു ഹൈസ്ക്കൂളുമിവിടെയുണ്ട്. 1979-80 കാലഘട്ടത്തിലാണ് എച്ച്.ഡി.പി.എസ് ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. പട്ടികജാതിക്കാരില്‍ വിദ്യഭ്യാസം നേടിയവര്‍ വളരെ കുറവായിരുന്നങ്കിലും കൊച്ചിരാജത്തുനിന്നും ആദ്യം ഡോക്ടറായത് ഡോ.കെ.എം.ചെറയത്താണ്. ഇദ്ദേഹം അവിഭക്ത പടിയൂര്‍ പഞ്ചായത്തിലെ എടക്കുളം നിവാസിയാണ്. ഇന്നത്തെ പടിയൂര്‍ പഞ്ചായത്തില്‍ പട്ടികജാതിക്കാരില്‍നിന്നും ആദ്യത്തെ ബിരുദധാരിയായത് പി.വി. ചാത്തുക്കുട്ടിയാണ്.

പഴയകാലത്ത് യാത്രയ്ക്കു വേണ്ടി വഞ്ചിയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. കനോലിപ്പുഴയിലൂടെ അക്കാലത്ത് ബോട്ടുസര്‍വ്വീസുണ്ടായിരുന്നു. ഏഴെട്ടുനാഴിക വരെ വിവാഹയാത്രകള്‍ പോലും നടന്നായിരുന്നു പോയിരുന്നത്. 1931-ല്‍ ഇനാപ്പള്ളി പരമുമേനോന്‍ ഒരു സൈക്കിള്‍ കൊണ്ടുവന്നപ്പോള്‍ അതൊരു അത്ഭുത വസ്തുവായാണ് ജനം വീക്ഷിച്ചത്. രോഗികളെ കൊണ്ടുപോകാന്‍ തണ്ടികയാണ് ഉപയോഗിച്ചിരുന്നത്. പഴയകാല വാണിജ്യകേന്ദ്രങ്ങളായിരുന്ന പൊന്നാനി, കൊടുങ്ങല്ലൂര്‍, കൊച്ചി എന്നീ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുവേണ്ടി കനോലി സായ്പ് 1850-ല്‍ നിര്‍മ്മിച്ച കനോലി കനാലിന്റെ കാക്കാത്തുരുത്തി മുനയം ഭാഗത്തുനിന്നും, 1936 കാലഘട്ടത്തില്‍ പ്രധാന മലഞ്ചരക്കുവ്യാപാരകേന്ദ്രമായിരുന്ന ഇരിഞ്ഞാലക്കുടയിലേക്ക് ഷണ്‍മുഖം ചെട്ടിയാര്‍ നിര്‍മ്മിച്ച് 1940-ല്‍ ഉദ്ഘാടനം ചെയ്ത കനാലിന്റെ മൊത്തം 7 കിലോമീറ്റര്‍ നീളത്തില്‍ പകുതിയിലേറെയും ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു.

ബര്‍മ്മയിലെ റങ്കൂണില്‍ നിന്നാണ് പ്രധാനമായും അരി വന്നിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് അതും നിലച്ചു. ഇവിടുത്തെ നെല്ലുല്‍പാദനം പരിമിതമായിരുന്നു. കൊടുംപട്ടിണി എങ്ങും നടമാടിയിരുന്നു. അക്കാലത്ത് മലബാര്‍ പ്രദേശത്ത് പട്ടിണി കൊണ്ടും പകര്‍ച്ചവ്യാധി പിടിപെട്ടും നിരവധി പേര്‍ മരിക്കുകയുണ്ടായി. നാമിന്നുപയോഗിക്കുന്ന സാധാരണ പച്ചക്കറിയുല്‍പന്നങ്ങളായ ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി, കാബേജ്, സവാള തുടങ്ങിയവയൊന്നും അന്നുള്ളവര്‍ കണ്ടിട്ടുപോലുമില്ലായിരുന്നു. 28 സമ്പന്നര്‍ക്കു മാത്രമായിരുന്നു അന്നു പഞ്ചസാരക്ക് പെര്‍മിറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവരാകട്ടെ പഞ്ചസാരക്കു പകരം ശര്‍ക്കരയും തെങ്ങിന്‍ശര്‍ക്കരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. മലബാര്‍ മേഖല പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാല്‍ അവിടേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്കും അവ പരിശോധിക്കുന്നതിന് കാക്കാത്തുരുത്തി, മതിലകം, കടവ് എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകളും ഉണ്ടായിരുന്നു.

1925-നു മുന്‍പ് ഈ പ്രദേശത്ത് അഞ്ചോ ആറോ ഓടിട്ട വീടുകള്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കിയെല്ലാം ഓലപ്പുരകളായിരുന്നു. കളിമണ്ണുകൊണ്ടുള്ള ഇഷ്ടികകളായിരുന്നു ചുമരുണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്നത്. എല്ലാ ജാതിക്കാര്‍ക്കും അവരവരുടെ തനതുകലകള്‍ ഉണ്ടായിരുന്നു. പൊറാട്ടുനാടകം എന്ന കലാരൂപത്തിന് നല്ല പ്രചാരമുണ്ടായിരുന്നു. കര്‍ക്കിടകമാസത്തിലെ പുലര്‍കാലത്ത് പാണന്‍മാരുടെ തുകിലുണര്‍ത്തുപാട്ടും, കന്നിമാസത്തില്‍ വേലന്‍മാരുടെ നന്തൂണിപ്പാട്ടും പതിവായിരുന്നു. വേലന്മാര്‍ ദേവപ്രീതിക്കായി നടത്തിയിരുന്ന കളമെഴുത്തുപാട്ടിനും കൊയ്ത്തുകാലത്ത് മുഴങ്ങിയിരുന്ന പുള്ളുവന്‍പാട്ടിനും സര്‍പ്പാരാധനയുമായി ബന്ധമുണ്ട്. മിക്ക വീടുകളിലും അക്കാലത്ത് സര്‍പ്പക്കാവുകളുമുണ്ടായിരുന്നു.