The Official Website Of Edathirinji [ Since 2002 ]

1 വീടുണ്ടാക്കാന്‍ ഭൂമി തിരഞ്ഞെടുക്കുമ്പോള്‍

? ഭവനനിര്‍മ്മാണത്തിന്‌ ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?


ഉദയസൂര്യന്‍െറ നിഴല്‍ വീഴാത്തിടത്തെല്ലാം വീട്‌ നിര്‍മ്മിക്കാം. സൂര്യവെളിച്ചവും കാറ്റും വേണ്ടവിധം ലഭ്യമാകുന്ന രീതിയിലാവണം. തെക്കുവടക്കും കിഴക്കും പടിഞ്ഞാറും കൃത്യമായി ദിക്കിനനുസരിച്ച്‌ വേണം ഗൃഹം വെക്കാന്‍. കോണ്‍ തിരിഞ്ഞുവരരുത്‌. നാല്‌ ദിക്കുകളെയും മഹാദിക്കുകളായി കണക്കാക്കണം.

പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ ഭൂമി തിരിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഈ ഗമനത്തിനനുസൃതമായി വീട്‌ വെച്ചാല്‍ കൂടുതല്‍ സുഖപ്രദമാകും. ഭൂമി വര്‍ഷത്തിലൊരിക്കല്‍ തെക്കോട്ടും വടക്കോട്ടും പോകുന്നു.അതിനാല്‍ തെക്ക്‌വടക്ക്‌ ദിശയും സ്വീകാര്യമാണ്‌ (ഉത്തരായനം, ദക്ഷിണായനം). വാഹനത്തിലിരിക്കുമ്പോള്‍ വാഹനം സഞ്ചരിക്കുന്ന ദിശയ്‌ക്കനുസരിച്ച്‌ ഇരിക്കുന്നതാണല്ലോ കൂടുതല്‍ സുഖം. വിപരീത ദിശയിലിരുന്നാല്‍ ഉണ്ടാകുന്ന വിഷമതകള്‍ ദിക്കിനനുയോജ്യമല്ലാതെ നിര്‍മ്മിച്ച വീടുകളിലും ഉണ്ടാകാവുന്നതാണ്‌. അതായത്‌ ഭൂമിയുടെ കിടപ്പനുസരിച്ച്‌ സ്ഥലം കണ്ടെത്തി വേണം ഗൃഹനിര്‍മ്മാണം നടത്താന്‍. അതാണ്‌ സുഖം. മഹാദിക്കുകള്‍ അനുസരിച്ചുവേണം ഇരിക്കാന്‍. കോണ്‍ ദിക്കുകളി (വിദിക്കുകള്‍)ലേക്ക്‌ തിരിഞ്ഞിരിക്കാന്‍ പാടില്ല.

ഉദയസൂര്യനെ തടസ്സമില്ലാതെ കാണാന്‍ കിഴക്ക്‌ വശം താഴ്‌ന്നിരിക്കണം. കിഴക്കുവശത്ത്‌ മലയോ മറ്റ്‌ തടസ്സങ്ങളോ ഉണ്ടെങ്കില്‍ ഉദയസൂര്യന്‍െറ പ്രകാശം ലഭിക്കില്ല. രാത്രിയായാല്‍ നക്ഷത്രങ്ങള്‍ (സപ്‌തര്‍ഷികള്‍)ക്കാണ്‌ പ്രാധാന്യമെന്നതുകൊണ്ട്‌ വടക്കോട്ട്‌ ചെരിവും ഉത്തമമാണ്‌. ദിവസത്തിന്‍െറ പകല്‍ ഭരിക്കുന്നത്‌ സൂര്യനും രാത്രി ഭരിക്കുന്നത്‌ സൂര്യന്‍െറ പ്രതിബിംബങ്ങളായ നക്ഷത്രങ്ങള്‍ അഥവാ സപ്‌തര്‍ഷികളും ആകുന്നു. വടക്ക്‌ ഉദിക്കുന്ന സപ്‌തര്‍ഷികളെകാണാന്‍ ഇത്‌ ഉപകരിക്കും. അതായത്‌ ഭവനനിര്‍മ്മാണത്തിന്‌ കിഴക്കോട്ടും വടക്കോട്ടും നീരൊഴുക്കുള്ള ഭൂമിയാണ്‌ അത്യുത്തമം എന്നുപറയാം. സൂര്യന്‍െറ അസ്‌തമയം പടിഞ്ഞാട്ടും സപ്‌തര്‍ഷികളുടേത്‌ തെക്കോട്ടും ആയതിനാല്‍ ആ രണ്ടുദിക്കുകളിലേക്കും ചെരിവ്‌ നന്നല്ല. എന്നാല്‍ കിഴക്കോട്ടും തെക്കോട്ടും ചായ്‌വുള്ളതാണെങ്കില്‍ മധ്യമത്തില്‍ ഉള്‍പ്പെടുത്താം. (കിഴക്കോട്ടുള്ള ചെരിവ്‌മൂലം ഉദയസൂര്യനെ കാണാന്‍ കഴിയുമ്പോള്‍ തെക്കോട്ടുള്ള ചെരിവ്‌ സപ്‌തര്‍ഷികളുടെ ഉദയത്തെ തടസ്സപ്പെടുത്തുന്നു - ഇത്‌ മധ്യമം). ഇതേപോലെ തന്നെയാണ്‌ വടക്കോട്ടും പടിഞ്ഞാട്ടും ചരിഞ്ഞിരുന്നാല്‍. ഇവിടെ സൂര്യോദയം മറയുമ്പോള്‍ സപ്‌തര്‍ഷികളുടെ ഉദയം കാണാനാകും. ഇതും മധ്യമം തന്നെ. പടിഞ്ഞാട്ടും തെക്കോട്ടും ചെരിവുള്ള ഭൂമി ഒട്ടും പരിഗണിക്കാവുന്നതല്ല - അധമമാണ്‌. ഗൃഹനിര്‍മ്മാണത്തിന്‌ തിരഞ്ഞെടുക്കുന്ന ഭൂമി ഉറപ്പുള്ളതാണോ എന്ന്‌ മണ്ണ്‌ പരിശോധനയിലൂടെ എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്‌. ഈ ഭൂമിയില്‍ നിശ്ചിത അളവില്‍ ഒരുകുഴിയുണ്ടാക്കി അതില്‍ നിന്നെടുത്ത മണ്ണ്‌ വീണ്ടും അതേകുഴിയില്‍ നിറയ്‌ക്കുമ്പോള്‍ കുഴിനിരപ്പാക്കിയിട്ടും മണ്ണ്‌ ബാക്കി വരികയാണെങ്കില്‍ ആ ഭൂമി ഉറപ്പുള്ളതും ഉത്തമവുമായി കണക്കാക്കാം. എന്നാല്‍ ഇപ്രകാരം മണ്ണ്‌ നിറയ്‌ക്കുമ്പോള്‍ ബാക്കി വരുന്നില്ലെങ്കില്‍ ആ ഭൂമി മധ്യമത്തിലെടുക്കാം.

അതേസമയം കുഴിയെടുത്ത മണ്ണ്‌ തിരിച്ചു നിറയ്‌ക്കുമ്പോള്‍ മതിയാവാതെ വരികയാണെങ്കില്‍ ആ ഭൂമി ഗൃഹനിര്‍മ്മാണത്തിന്‌ യോഗ്യമല്ലെന്ന്‌ സാരം.
പടിഞ്ഞാറ്‌ നിന്ന്‌ കിഴക്കോട്ടൊഴുകുന്ന നദിയുടെ തെക്ക്‌ വശം വീട്‌വെക്കാന്‍ ഏറ്റവും ഉത്തമം. അതായത്‌ വീടുവെക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ വടക്കുവശത്ത്‌ പ്രദക്ഷിണമായി ഒഴുകുന്ന ജലാശയമുള്ളത്‌ വാസയോഗ്യമായ ഭൂമിയുടെ ലക്ഷണമാണ്‌. അതുപോലെത്തന്നെ വടക്കുനിന്ന്‌ തെക്കോട്ടൊഴുകുന്ന നദിയുടെ പടിഞ്ഞാറെകരയും വാസയോഗ്യമായ ഭൂമിയായി കണക്കാക്കാം. എന്നാല്‍ തെക്ക്‌ നിന്ന്‌ വടക്കോട്ടൊഴുകുന്ന നദിയുടെ പടിഞ്ഞാറെ കരയും അപ്രദക്ഷിണമായി ഒഴുകുന്ന ജലാശയവും മധ്യമമാണ്‌. ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ഗൃഹത്തിനടിയില്‍ എല്ലുപെടാന്‍ പാടില്ല. ശ്‌മശാനദോഷമുള്ള ഭൂമിയില്‍ ഖനനാദിശുദ്ധി, അത്ഭുതശാന്തി, പുണ്യാഹം, വാസ്‌തുബലി, നവധാന്യം വിതയ്‌ക്കല്‍ തുടങ്ങിയ പരിഹാരക്രിയകള്‍ ഭൂമിയുടെ രീതിയനുസരിച്ച്‌ നടത്തേണ്ടതാണ്‌.
ദേവാലയസാമീപ്യമുള്ള ഭൂമികള്‍ ഗൃഹനിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ ദേവാലയത്തിന്‍െറ നാല്‌ പ്രധാന നടകളില്‍ (ദര്‍ശനത്തിനുനേരെ) വരാതെ ശ്രദ്ധിക്കേണ്ടതാണ്‌.


2 ഭവനനിര്‍മാണത്തില്‍ കോണുകളുടെ പ്രാധാന്യം

?ഈശാന കോണ്‍, അഗ്‌നനികോണ്‍, വായുകോണ്‍, നിര്യതി കോണ്‍ ഇവയെന്ത്‌? ഭവനനിര്‍മാണത്തില്‍ ഇവയുടെ പ്രാധാന്യമെന്ത്‌?


ഭൂമിയുടെ വടക്ക്‌-കിഴക്കേ കോണിനെ (മൂല) ഈശാന കോണ്‍ എന്നുവിളിക്കുന്നു.
തെക്ക്‌-കിഴക്കേ കോണ്‍-അഗ്‌നനികോണ്‍ എന്നും വടക്ക്‌-പടിഞ്ഞാറെ കോണ്‍-വായു കോണ്‍ എന്നും തെക്ക്‌പടിഞ്ഞാറെ കോണ്‍ നിര്യതി കോണ്‍ എന്നും അറിയപ്പെടുന്നു.
ഈ നാല്‌ കോണിലേക്കും വീട്‌ തിരിഞ്ഞിരിക്കാന്‍ പാടില്ല. കോണിലേക്ക്‌ തിരിഞ്ഞിരുന്നാല്‍ സ്വസ്ഥത കിട്ടില്ലെന്നു സാരം. വാസ്‌തുശാസ്‌ത്രത്തില്‍ ദിക്‌ പാലകന്മാര്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. അഗ്‌നനികോണില്‍ (അഗ്‌നനിപദം) അഗ്‌നനിയുടെ സ്ഥാനമാണ്‌. ഈശാനകോണില്‍ (ഈശാനപദം) ജലത്തിനാണ്‌ സ്ഥാനം. വായുകോണില്‍ (വായുപദം) വായുസ്ഥാനവും നിര്യതി കോണില്‍ (നിര്യതി പദം) ആകാശത്തിന്‍െറ സ്ഥാനവുമാണ്‌.

നടുക്ക്‌ ഭൂമിയും നാല്‌കോണിലുമായി അഗ്‌നനിയും ജലവും വായുവും ആകാശവും ഉള്‍പ്പെടെ പഞ്ചഭൂതങ്ങളായി ബന്ധിപ്പിക്കപ്പെട്ടതാണ്‌ വാസ്‌തു. ഭൂമിയെന്നസ്ഥലത്ത്‌ പഞ്ചഭൂതങ്ങളും വന്നുചേരുന്നു. അതിനാല്‍ ഭൂമി എല്ലാം തികഞ്ഞത്‌ എന്നാണ്‌ ശാസ്‌ത്രം. പഞ്ചഭൂതങ്ങളുടെ അഞ്ചുഗുണങ്ങളും ഭൂമിക്കുണ്ട്‌. ആകാശത്തിന്‍െറ ഗുണം ശബ്ദമാണ്‌. ആകാശത്ത്‌ നിന്ന്‌ ഉണ്ടാകുന്നതാണ്‌ വായു. വായുവിന്‍െറ ഗുണം സ്‌പര്‍ശമാണ്‌. ശീല്‍ക്കാരത്തോടെ കാറ്റടിക്കുമ്പോള്‍ ശബ്ദവും സ്‌പര്‍ശവുമുണ്ടാകും. വായുവില്‍ നിന്നും അഗ്‌നനിയുണ്ടാവും. അഗ്‌നനിക്ക്‌ രൂപം ഉണ്ടാകും. അത്‌ ദൃശ്യവുമാണ്‌. അതായത്‌ അഗ്‌നനിക്ക്‌ ശബ്ദവും സ്‌പര്‍ശവും രൂപവുമുണ്ടാകും. നാലാമതായി ജലം. ജലത്തിന്‌ മുകളില്‍ പറഞ്ഞ ഗുണങ്ങള്‍കൂടാതെ രസംകൂടിയുണ്ടാകും. പഞ്ചഭൂതങ്ങളില്‍ പ്രധാനമായ ഭൂമിയുടെ തനതുഗുണം ഗന്ധമാണ്‌. ഈ അഞ്ച്‌ ഗുണങ്ങളും (ശബ്ദം, സ്‌പര്‍ശം, രൂപം, രസം, ഗന്ധം) ഭൂമിക്കുണ്ട്‌. അതിനാല്‍ എല്ലാം തികഞ്ഞതാണ്‌ ഭൂമി. സൗരയൂഥത്തിന്‍െറ എല്ലാ ഗുണങ്ങളും ഭൂമിയില്‍ നിന്നും മാത്രമേ നമുക്കുലഭിക്കൂ. ശാസ്‌ത്രവിധി പ്രകാരം ശ്രദ്ധിച്ചാല്‍ അഥമഫലങ്ങള്‍ ഒഴിവാക്കാനാകും. ഭൂമിയെ ഒട്ടാകെ ഒരു വാസ്‌തു ആയി കണക്കാക്കിയാല്‍ ഭൂമിക്ക്‌ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടോ അവയെല്ലാം ഭൂമിയുടെ ഭാഗമായ 10 സെന്‍റിനും ഭൂമിക്കും ബാധകമാണ്‌. വേണ്ടവിധത്തിലാണെങ്കില്‍ എല്ലാം നല്ലതായി മാറ്റാന്‍ കഴിയും.
അഗ്‌നനികോണ്‍ അസ്ഥിരത പ്രദാനം ചെയ്യുന്നു. വാസ്‌തുവിന്‍െറ തെക്ക്‌-കിഴക്കേമൂല (അഗ്‌നനികോണ്‍) യില്‍ നിന്നും വടക്കു-പടിഞ്ഞാറേ മൂല (വായുകോണ്‍) യിലേക്ക്‌ വരക്കുന്ന രേഖ മൃത്യുസൂത്രം ആയതിനാല്‍ ഈ പാതയില്‍ വീട്‌ പണിതാല്‍ അവിടെ അഗ്‌നനിയുടേയും വായുവിന്‍േറയും കൂടിച്ചേരലില്‍ അഗ്‌നനിഭയം ഉണ്ടാകും. അമേരിക്കയിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്‍റര്‍ അഗ്‌നനികോണിന്‍േറയും വായുകോണിന്‍േറയും നേര്‍ക്കായിരുന്നുവെന്ന്‌ ഈയിടെ നടത്തിയ വിദഗ്‌ദ്‌ധരുടെ സര്‍വ്വെഫലം വെളിപ്പെടുത്തുന്നു.

എന്നാല്‍ വാസ്‌തുവിന്‍െറ വടക്കു-കിഴക്കേമൂല (ഈശാനകോണ്‍)യും തെക്കുപടിഞ്ഞാറെ മൂല (നിര്യതി കോണ്‍)യും സന്ധിക്കുമ്പോള്‍ ഈശാനകോണിലെ ജലവും നിര്യതികോണിലെ ആകാശവും കൂടിച്ചേര്‍ന്നാല്‍ ശുഭകരമാണ്‌. അതിനാലാണ്‌ വാസ്‌തുവിനെ നാലാക്കി തിരിച്ച്‌ വടക്ക്‌ കിഴക്ക്‌, ഈശാനഖണ്ഡത്തിലോ, തെക്കുപടിഞ്ഞാറ്‌ നിര്യതിഖണ്ഡത്തിലോ ഗൃഹ നിര്‍മ്മാണം അഭികാമ്യം എന്നുപറയുന്നത്‌. എന്നാല്‍ വടക്കുപടിഞ്ഞാറ്‌ വായുഖണ്ഡത്തിലും തെക്കുകിഴക്ക്‌ അഗ്‌നനിഖണ്ഡത്തിലും ഗൃഹനിര്‍മ്മാണം അശുഭവുമാണ്‌.


3 വീടും വൃക്ഷങ്ങളും

? ഭവനത്തിനുചുറ്റും വെക്കേണ്ട ഉത്തമ വൃക്ഷങ്ങളേവ? ഇവയുടെ ഗുണങ്ങള്‍ എന്ത്‌?


*തെങ്ങ്‌, മാവ്‌, കവുങ്ങ്‌, പ്ലാവ്‌ എന്നിവയാണ്‌ പ്രധാനമായും വീടിനുചുറ്റും വെയ്‌ക്കാവുന്ന ഫലവൃക്ഷങ്ങള്‍. കിഴക്കുഭാഗത്ത്‌ സ്ഥാനം പ്ലാവിനാണ്‌. തെക്ക്‌ കവുങ്ങിനും പടിഞ്ഞാറ്‌ തെങ്ങിനും വടക്ക്‌ മാവിനും സ്ഥാനമാകുന്നു. എന്നാല്‍ ഇവയെല്ലാം വിപരീത സ്ഥാനങ്ങളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വന്നാലും യാതൊരു ദോഷവുമില്ല. ഉപയോഗ യോഗ്യമായ ഉത്തമ വൃക്ഷങ്ങള്‍ എവിടെവെച്ചാലും ദോഷമില്ലെന്നു സാരം.

എന്നാല്‍ പ്രത്യേകസ്ഥാനങ്ങളില്‍ മാത്രം വെക്കാവുന്ന വൃക്ഷങ്ങളുമുണ്ട്‌. പേരാല്‍ വീടിന്‍െറ കിഴക്കുഭാഗത്ത്‌ മാത്രമേ പാടുള്ളൂ. തെക്ക്‌-അത്തി, പടിഞ്ഞാറ്‌-അരയാല്‍, വടക്ക്‌-ഇത്തി (നാലെണ്ണത്തേയും കൂടി നാല്‌പാമരം എന്നുപറയും) എന്നിവയേ വെക്കാവൂ. ഇവ നാലും സ്ഥാനം തെറ്റിയാല്‍ വിപരീത ദോഷങ്ങളുമുണ്ടാകും. കിഴക്ക്‌-പൂവരിഞ്ഞി, തെക്ക്‌-പുളി, പടിഞ്ഞാറ്‌ ഏഴിലം പാല, വടക്ക്‌ -പുന്ന എന്നിവ ഉത്തമമാണ്‌. കുമിഴ്‌, കൂവളം, കടുക്കമരം, നെല്ലി, ദേവദാരു, പ്ലാശ്‌, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവയെല്ലാം വീടിന്‍െറ ഇരുവശങ്ങളി (ഇടതു, വലതുവശം) ലായി വെക്കാം. വാഴ, മുല്ല, പിച്ചകം തുടങ്ങി പുഷ്‌പപ്രദാനമായവയെല്ലാം എവിടെ വേണമെങ്കിലും വളര്‍ത്താവുന്നതാണ്‌.
എന്നാല്‍ വെറ്റിലക്കൊടി, മുരിങ്ങ, കടപ്പിലാവ്‌, പൂള തുടങ്ങി ബലമില്ലാത്തവ വീടിനു സമീപത്ത്‌ നന്നല്ല.

പ്രധാനമായും വൃക്ഷങ്ങളെ നാലായി തിരിക്കാം.
1) ബഹിര്‍സാര (പുറംതോടിന്‌ ബലമുള്ള വൃക്ഷങ്ങള്‍): തെങ്ങ്‌, കവുങ്ങ്‌.
2) അന്തഃസാര (തടിക്കുള്ളില്‍ കാതലുള്ളവ): പ്ലാവ്‌, മാവ്‌
3) സര്‍വ്വസാര (മുഴുവന്‍ കാതലുള്ളവ): തേക്ക്‌, പുളി
4) നിസ്സാര (കാതല്‍ തീരെയില്ലാത്തവ): മുരിങ്ങ, ഏഴിലംപാല, പൂള
നാലാമത്തെ വിഭാഗത്തില്‍പ്പെട്ടവ വീടിനുസമീപം ഉത്തമമല്ല.
എന്നാല്‍ കാഞ്ഞിരം, ചേര്‌, വയ്യങ്കതവ്‌, നറുവരി, താന്നി, പീലുവേപ്പ്‌, കള്ളി, പിശാചവൃക്ഷം (ഭൂതാദിവാസമുള്ള വൃക്ഷങ്ങള്‍), എരുമക്കള്ളി, മുരിങ്ങ എന്നീ വൃക്ഷങ്ങള്‍ ഗൃഹത്തിന്‍െറ വാസ്‌തുവിനകത്ത്‌ വളര്‍ത്താന്‍ പാടില്ലാത്തതാണ്‌. അതായത്‌ ഗൃഹം വാസ്‌തുതിരിച്ച്‌ നിര്‍ത്തിയാല്‍ ശേഷിക്കുന്ന പറമ്പില്‍ (പുറംപറമ്പ്‌) ഏത്‌തരം വൃക്ഷങ്ങളും വളര്‍ത്താവുന്നതാണ്‌. പുഷ്‌പവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും ഗൃഹത്തിന്‍െറ ഏത്‌ദിക്കിലും എത്ര കുറഞ്ഞ ദൂരത്തിലും വളര്‍ത്താവുന്നതാണ്‌. അവസാനവാക്ക്‌: പൊന്നുകായ്‌ക്കുന്ന മരമായാലും വീടിനടുത്തുപാടില്ല. വൃക്ഷത്തിന്‍െറ ഉയരത്തിന്‍െറ ഇരട്ടി അകലത്തില്‍ വെക്കണമെന്നാണ്‌ ശാസ്‌ത്രം. ഇരട്ടിയില്ലെങ്കിലും ഉയരത്തിന്‍െറ അകലമെങ്കിലും പാലിക്കണം.

4 വീടിന്‌ സ്ഥാനം ഗണിക്കുമ്പോള്‍

? വീട്‌ നിര്‍മ്മാണത്തിന്‌ സ്ഥാനം ഗണിക്കുന്നതെങ്ങനെ?


വീട്‌ നിര്‍മ്മിക്കാന്‍ തിരഞ്ഞെടുത്ത ഭൂമിയെ നാല്‌ ഖണ്ഡമായിതിരിക്കുക. ഇവയില്‍ വടക്ക്‌-കിഴക്ക്‌ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറ്‌ ഖണ്ഡത്തിലോ ആണ്‌ ഗൃഹനിര്‍മ്മാണത്തിന്‌ ഉത്തമം. തിരഞ്ഞെടുത്ത ഭൂമിയുടെ മദ്ധ്യത്തോടുചേര്‍ന്നുവേണം വീട്‌ വെക്കാന്‍. എന്നാല്‍ മദ്ധ്യത്തിലാകാനും പാടില്ല. അതേസമയം അതിര്‍ത്തിയോടു ചേര്‍ത്തുവെക്കുകയുമരുത്‌. ചെറിയ സ്ഥലമാണെങ്കില്‍ ഗൃഹമദ്ധ്യം തെക്ക്‌-പടിഞ്ഞാറ്‌ ഖണ്ഡത്തിലേക്കോ, വടക്ക്‌-കിഴക്ക്‌ ഖണ്ഡത്തിലേക്കോ വരുത്തിവേണം നിര്‍മ്മിക്കാന്‍. ഭൂമിയുടെ മദ്ധ്യത്തില്‍ ഗൃഹമദ്ധ്യം വരാന്‍ പാടില്ലെന്നു സാരം.
കൂടുതല്‍ ഭൂമിയുള്ള സ്ഥലങ്ങളില്‍ വീടുവെക്കുമ്പോഴാണ്‌ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌. ആ സ്ഥലത്ത്‌ ഒതുങ്ങുന്ന സമചതുരമായ വാസ്‌തുവിനെ കണക്കാക്കി കിഴക്ക്‌ വശത്തെ മദ്ധ്യത്തില്‍ നിന്നും പടിഞ്ഞാറ്‌വശത്തെ മദ്ധ്യം വരെ കണക്കാക്കുന്ന ബ്രഹ്മസൂത്രവും തെക്കുവടക്കുദിശയില്‍ വാസ്‌തുമദ്ധ്യത്തില്‍ യമസൂത്രവും കണക്കാക്കുന്നു. ഈ വിധത്തില്‍ രേഖ നാല്‌ ആക്കി തിരിച്ച്‌ അതില്‍ വടക്കു-കിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍

ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടതാണ്‌. ഈ രീതിയില്‍ വെക്കുന്ന ഗൃഹങ്ങള്‍ തെക്കുപടിഞ്ഞാറേ മൂലയില്‍ നിന്ന്‌ വടക്കുകിഴക്കേ മൂല വരെയുള്ള കര്‍ണസൂത്രം ഒഴിവിടേണ്ടതാണ്‌. എന്നാല്‍ ചെറിയ പറമ്പുകളില്‍ വാസ്‌തുശാസ്‌ത്രത്തില്‍ അനുശാസിക്കുന്ന `അല്‌പക്ഷേത്രവിധി' പ്രകാരം ഒട്ടാകെയുള്ള ഭൂമിയില്‍ ഒതുങ്ങുന്ന ഒരു ദീര്‍ഘചതുരമോ, സമചതുരമോ കണക്കാക്കി, പിശാചവീഥി കൂടി ഒഴിവാക്കി വാസ്‌തുമദ്ധ്യത്തില്‍ നിന്ന്‌ ഗൃഹമദ്ധ്യം വടക്കുകിഴക്കോട്ടോ, തെക്കുപടിഞ്ഞാട്ടോ നീക്കി നിര്‍ത്താവുന്ന രീതിയില്‍ വേണം സ്ഥാനം നിശ്ചയിക്കാന്‍. വാസ്‌തുമധ്യത്തില്‍ നിന്ന്‌ ഗൃഹമദ്ധ്യം വടക്കുകിഴക്കോട്ട്‌ നീക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ താരതമ്യേന ഗൃഹത്തിന്‍െറ വടക്കുവശത്തുള്ളതിനേക്കാള്‍ കൂടുതല്‍ മുറ്റം തെക്കുവശത്തും കിഴക്കുവശത്തുള്ളതിനേക്കാള്‍ മുറ്റം പടിഞ്ഞാറുവശത്തും ആയിവരുംഎന്നാണ്‌. അതേപോലെ ഗൃഹമദ്ധ്യം വാസ്‌തുമദ്ധ്യത്തില്‍ നിന്ന്‌ തെക്കുപടിഞ്ഞാട്ടേക്ക്‌ നീക്കുകയെന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ താരതമ്യേനപടിഞ്ഞാറുവശത്തുള്ളതിനേക്കാള്‍ മുറ്റംകിഴക്കു വശത്തും തെക്കുവശത്തുള്ളതിനേക്കാള്‍ കൂടുതല്‍ മുറ്റം വടക്കുവശത്തും ആയി വരും എന്നതാണ്‌.
വലിയപറമ്പുകളില്‍ കണക്കാക്കേണ്ടതായ ബ്രഹ്മസൂത്രം, യമസൂത്രം, കര്‍ണ്ണസൂത്രം എന്നിവ അല്‌പക്ഷേത്രവിധി പ്രകാരം ചെറിയപറമ്പുകളില്‍ കണക്കാക്കേണ്ടതില്ല. എന്നാല്‍ ചെറിയപറമ്പുകളില്‍ വെക്കുന്ന ഗൃഹങ്ങളുടെ ദര്‍ശനമനുസരിച്ച്‌ (ഏകശാലയാണെങ്കില്‍) പടിഞ്ഞാറ്റിപുരകള്‍ക്ക്‌ കിഴക്ക്‌ പടിഞ്ഞാറ്‌ ദിശയിലുള്ള ഗൃഹമദ്ധ്യസൂത്രവും തെക്കിനിപുരകള്‍ക്ക്‌ തെക്ക്‌-വടക്ക്‌ ദിശയിലുള്ള ഗൃഹമദ്ധ്യസൂത്രവും ഒഴിയത്തക്കവിധം ജനല്‍, കട്ടിള എന്നിവ ഉണ്ടാക്കേണ്ടത്‌ നിര്‍ബന്ധമാണ്‌. അതുപോലെ തന്നെ ഗൃഹമദ്ധ്യസൂത്രം തടസ്സപ്പെടുന്ന രീതിയില്‍ ഭിത്തി, തൂണ്‌, ടോയ്‌ലറ്റ്‌ തുടങ്ങിയവ വരുന്നത്‌ ശുഭകരമല്ല.

5 ചെറിയ സ്ഥലത്തും വീടു പണിയാം

? പറമ്പ്‌ ചെറുതാണെങ്കില്‍ വീടിന്‌ സ്ഥാനം കാണാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?


*എത്ര ചെറിയ സ്ഥലമായാലും ഭൂമിയുടെ മധ്യത്തില്‍ ഗൃഹമദ്ധ്യം വരാതെ കണ്ട്‌ ഒരല്‌പം മാറ്റി വീട്‌ നിര്‍മ്മിക്കാം. 20 അടി സമചതുരമായ (20-20) സ്ഥലത്തും വാസ്‌തുപ്രകാരം രണ്ട്‌ അടിയും മറുവശത്ത്‌ മൂന്ന്‌ അടിയും വിട്ട്‌ 15 അടി വീതിയില്‍ കെട്ടിടം നിര്‍മിക്കാവുന്നതാണ്‌.
പറമ്പ്‌ ചെറുതാണെങ്കില്‍ (വീതി കുറഞ്ഞ പറമ്പുകളില്‍) 8, 9, 10, 11, 12 പദങ്ങളായി ഭാഗിച്ചുവേണം വീടു വെക്കാന്‍. പറമ്പിന്‍െറ വീതിയുടെ എട്ടില്‍ ഒന്നോ, ഒമ്പതില്‍ ഒന്നോ, 10ല്‍ ഒന്നോ, 12ല്‍ ഒന്നോ സ്ഥലം ഒരു വശത്തും അതില്‍ കുറച്ചുകൂട്ടി മറുവശത്തും സ്ഥലം ഒഴിച്ചിട്ട്‌ പണിയാനുദ്ദേശിക്കുന്ന ഗൃഹത്തിന്‍െറ വിസ്‌താരം (വീതി) നിര്‍ണയിക്കാവുന്നതാണ്‌. വാസ്‌തുമദ്ധ്യവും ഗൃഹമദ്ധ്യവും ഒരേദിശയില്‍ വേധദോഷമായി വരാതിരിക്കാനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. ചെറിയ സ്ഥലങ്ങളില്‍ മേല്‍പറഞ്ഞ പ്രകാരം അതിര്‍ത്തിയില്‍ നിന്ന്‌ നിശ്ചിതസ്ഥലം വിട്ട്‌ തച്ചുശാസ്‌ത്രമനുസരിച്ച്‌ ഗൃഹത്തിന്‍െറ പുറം അളവുകളും ശരിയാക്കി നിര്‍മിക്കാം.

കിഴക്കോട്ട്‌ ദര്‍ശനമാണെങ്കില്‍ കിഴക്കുപടിഞ്ഞാറ്‌ ദിശയിലുള്ള ഗൃഹമദ്ധ്യസൂത്രം തടസ്സം വരാത്ത രീതിയില്‍ നിര്‍മ്മിക്കാം. തെക്കോട്ടോ, വടക്കോട്ടോ മുഖമാണെങ്കില്‍ തെക്ക്‌ വടക്ക്‌ ദിശയിലുള്ള ഗൃഹമദ്ധ്യസൂത്രം തടസ്സമില്ലാത്ത രീതിയില്‍ ഒഴിവിട്ട്‌ ഗൃഹം രൂപകല്‌പന ചെയ്യേണ്ടതാണ്‌. സ്ഥലം ഉള്ളതിനനുസരിച്ച്‌ ഈ ക്രമം തെറ്റാതെ വീടുവെക്കാം. അങ്ങാടികളിലും ഗ്രാമങ്ങളിലും നിരയായി ചുറ്റും സ്ഥലമില്ലാതെയുള്ള വീടുകളാണെങ്കില്‍ ഒരു ഗ്രാമത്തെ ഒന്നാക്കി എടുത്ത്‌, ഗ്രാമത്തിന്‍െറ നാല്‌ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം വിട്ട്‌ ബാക്കിയുള്ള സ്ഥലത്ത്‌ വീടുകള്‍ ചേര്‍ത്തുവെക്കാം. ഗ്രാമത്തിന്‍െറ അതേപ്രതീതിയാണ്‌ ഇന്നത്തെ ്‌ള്‌ളാറ്റുകള്‍. നിരവധി ്‌ള്‌ളാറ്റുകള്‍ ഉള്ള കെട്ടിടമാണ്‌ നിര്‍മിക്കുന്നതെങ്കില്‍ ആ കെട്ടിടത്തിനു ചുറ്റും നിശ്ചിത അകലത്തില്‍ സ്ഥലം മാറ്റിയിടണമെന്നു മാത്രം. എന്നാല്‍ തന്നെയും ്‌ള്‌ളാറ്റിനെ ദീര്‍ഘചതുരമോ, സമചതുരമോ ആയി മാത്രം കണക്കാക്കുമ്പോള്‍ അതിന്‍െറ വടക്കുവശത്തോ, കിഴക്കുവശത്തോ അടുക്കള വരുന്ന ്‌ള്‌ളാറ്റുകള്‍ വേണം തിരഞ്ഞെടുക്കാന്‍.

ചെറിയപറമ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ദിശയ്‌ക്ക്‌ അനുസൃതമായതും പരമാവധി സമചതുരമോ, ദീര്‍ഘചതുരമോ ആയ പറമ്പുകളാണ്‌ ശാസ്‌ത്രപ്രകാരം ഉത്തമം. അഞ്ച്‌ അശ്രങ്ങള്‍ ഉള്ള പറമ്പുകളോ, ത്രികോണാകൃതിയിലുള്ളതോ, വൃത്താകൃതിയിലുള്ളതോ, ലംബകത്തിന്‍െറ ആകൃതിയിലുള്ളതോ ആയ പറമ്പുകള്‍ ഒഴിവാക്കണമെന്നു സാരം. എന്നാല്‍ ഏതു ചെറിയ സ്ഥലമായാലും ശാസ്‌ത്രീയമായും കണക്കുകള്‍ തെറ്റാതെയും വീട്‌ നിര്‍മിക്കാം.

6 വാസ്‌തുപുരുഷന്‍ അഥവാ ഭൂമിമണ്ഡലം

? വാസ്‌തുപുരുഷന്‍ ആരാണ്‌ ?

ഒരു അസുരനായാണ്‌ വാസ്‌തുപുരുഷനെ സങ്കല്‌പിക്കുന്നത്‌. ദേവാസുര യുദ്ധത്തില്‍ ശ്രീകൃഷ്‌ണന്‍ ദേവന്മാരോടു ചേര്‍ന്ന്‌ യുദ്ധം ചെയ്‌തതിനാല്‍ അസുരന്മാര്‍ക്ക്‌ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു . ഈ പശ്ചാത്തലത്തില്‍ നിന്നാണ്‌ വാസ്‌തുപുരുഷന്‍ ജന്മമെടുക്കാന്‍ കാരണമായതെന്ന്‌ സങ്കല്‌പം.
അസുരന്മാരുടെ പരാജയത്തോടെ `അസുരഗുരുവായ ശുക്രാചാര്യന്‍ കോപത്താല്‍ ജ്വലിച്ച്‌ ഒരു വലിയ ഹോമകുണ്ഡമുണ്ടാക്കി ഹോമം തുടങ്ങി. കത്തിയെരിയുന്ന ഹോമകുണ്ഡത്തിലേക്ക്‌ ഒരു ആടിനെ ഹോമിക്കുകയും ഹോമത്തിന്‍െറ മൂര്‍ദ്ധന്യാവസ്ഥയില്‍ ശുക്രാചാര്യന്‍െറ ശരീരത്തില്‍ നിന്നും ഒരു വിയര്‍പ്പുതുള്ളി ഹോമകുണ്ഡത്തിലേക്ക്‌ വീഴുകയും ചെയ്‌തു. ഈ ഹോമകുണ്ഡത്തില്‍ നിന്നും ജീവന്‍ കണ്ടെത്തി ഉയര്‍ന്നുവന്നതാണ്‌ വാസ്‌തുപുരുഷന്‍ എന്ന അസുരന്‍.

ശുക്രാചാര്യന്‍െറ വിയര്‍പ്പു തുള്ളിയില്‍ നിന്നും ജന്മമെടുത്തു എന്നതിനാല്‍ ശുക്രന്‍െറ മകന്‍ എന്ന പേരുവീണു. എന്നാല്‍ ഈ മകന്‍, തനിക്ക്‌ ജന്മം നല്‍കിയത്‌ എന്ത്‌ ലക്ഷ്യപ്രാപ്‌തിക്കാണെന്ന്‌ അച്ഛനായ ശുക്രാചാര്യനോട്‌ ചോദിക്കുന്നു. സകലദേവന്മാരേയും നശിപ്പിക്കാനാണ്‌ ജന്മം നല്‍കിയതെന്നായിരുന്നു ശുക്രാചാര്യന്‍െറ മറുപടി.

അഗ്‌നനിയില്‍ നിന്നുണ്ടായതിനാല്‍ ഒരു അഗ്‌നനിഗോളമായി ജന്മമെടുത്ത വാസ്‌തുപുരുഷന്‍ തന്‍െറ ലക്ഷ്യം നിറവേറ്റാനായി ദേവന്മാരെ നശിപ്പിക്കാന്‍ അവര്‍ക്കുനേരെ നീങ്ങി. ഇതറിഞ്ഞ്‌ ഭയചകിതരായ ദേവന്മാര്‍ പരമശിവനെ അഭയം പ്രാപിച്ചു. ദേവന്മാരുടെ സങ്കടമറിഞ്ഞ്‌ പരമശിവന്‍ തന്‍െറ തൃക്കണ്ണില്‍ നിന്നും ഉഗ്രശേഷിയുള്ള ഒരു തീഗോളം ശുക്രാചാര്യന്‍േറയും മകന്‍േറയും നേര്‍ക്ക്‌ അവരെ നശിപ്പിക്കാനായി പായിച്ചു. ഭയന്നു വിറച്ച ശുക്രാചാര്യന്‍ തന്‍െറ മകന്‌ സംരക്ഷണം തീര്‍ക്കാന്‍ കടുകുമണിയോളം ചെറുതാവുകയും പരമശിവന്‍െറ ചെവിയിലൂടെ കടന്ന്‌ ഉദരത്തിലൊളിക്കുകയും ചെയ്‌തു. ഇതറിഞ്ഞ പരമശിവന്‍ ശുക്രാചാര്യനോടുചോദിക്കുകയാണ്‌, സ്വയം നശിക്കാതിരിക്കാന്‍ എന്തുവരമാണ്‌ ഞാന്‍ തരേണ്ടത്‌? ശുക്രാചാര്യന്‍െറ മറുപടി പെട്ടെന്നായിരുന്നു. തന്‍െറ സന്തതി ലക്ഷ്യമില്ലാതെ ഓടി നടക്കുന്നു. അവനെ നശിപ്പിക്കരുത്‌. അവന്‌ വാസസ്ഥലം കൊടുക്കണം. ശുക്രാചാര്യന്‍െറ ഈ നിര്‍ദ്ദേശപ്രകാരം ഭൂമിയില്‍ ചെന്ന്‌ വസിക്കുവാന്‍ പരമശിവന്‍ സമ്മതിക്കുന്നു. അങ്ങനെയുള്ളതായ ഭൂമിയില്‍ വടക്കുകിഴക്ക്‌ തലയും തെക്കുപടിഞ്ഞാറ്‌ കാലും വരുന്ന രീതിയില്‍ വാസ്‌തുപുരുഷനേയും വാസ്‌തു പുരുഷന്‍െറ ദേഹത്ത്‌ അതാത്‌ സ്ഥാനങ്ങളില്‍ 45 ദേവന്മാരേയും കണക്കാക്കുന്നു.

ഇത്തരത്തില്‍ വന്നുപതിച്ചതാണ്‌ തീഗോളമായിരുന്ന വാസ്‌തുപുരുഷന്‍ അഥവാ ഭൂമിമണ്ഡലം. പുരുഷനെന്ന ഈ ഭൂമിമണ്ഡലത്തില്‍ എല്ലാ ബ്രഹ്മാദിദേവന്മാരും സ്ഥിതി ചെയ്യുന്നുവെന്ന്‌ സങ്കല്‌പം. അവരെ സന്തോഷിപ്പിച്ച്‌ ഗുണപ്രദങ്ങളായ ഫലങ്ങള്‍ നേടുന്നതിനാണ്‌ ഗൃഹപ്രവേശത്തിന്‌ മുമ്പ്‌ വാസ്‌തുബലി അഥവാ വാസ്‌തുപൂജ നടത്തുന്നത്‌.
സൂര്യനില്‍ നിന്നും അടര്‍ന്നുവീണ ഒരു തുണ്ടാണ്‌ ഈ ഭൂമിയെന്നും ഭൂമി മൊത്തം വാസ്‌തുപുരുഷ മണ്ഡലമാണെന്നും കണക്കാക്കുന്നു. അതായത്‌ വാസ്‌തുപുരുഷന്‍ എന്നാല്‍ ഭൂമിതന്നെയാണെന്നര്‍ത്ഥം.

7 നാലുകെട്ടും നടുമുറ്റവും

? തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റി ഇവയെന്ത്‌? ഓരോന്നിന്‍െറയും പ്രത്യേകതയെന്ത്‌? എപ്രകാരമാണ്‌ ഇതു പണികഴിപ്പിക്കുന്നത്‌?


നാല്‌ ദിക്കുകളാണല്ലോ ഭൂമിക്ക്‌. ഇവയില്‍ തെക്ക്‌ വശത്ത്‌ മുഖം വടക്കോട്ടാക്കി പണിയുന്നതാണ്‌ തെക്കിനി. കിഴക്ക്‌ വശത്ത്‌ മുഖം പടിഞ്ഞാറോട്ട്‌ പണിയുന്നതാണ്‌ കിഴക്കിനി. പടിഞ്ഞാറ്‌ വശത്തു മുഖം കിഴക്കോട്ടുള്ളതാണ്‌ പടിഞ്ഞാറ്റി. ഇതേ ക്രമത്തില്‍ വടക്കുവശത്ത്‌ മുഖം തെക്കോട്ട്‌ സ്ഥിതിചെയ്യുന്നതാണ്‌ വടക്കിനി. വാസ്‌തു സങ്കല്‌പ പ്രകാരം നാല്‌ ഗൃഹം-കിഴക്കിനിയും തെക്കിനിയും പടിഞ്ഞാറ്റിയും വടക്കിനിയും ചേര്‍ന്നാല്‍ നാലുകെട്ടായി. മദ്ധ്യത്തില്‍ നടുമുറ്റവും. ഇവയില്‍ പ്രാധാന്യം തെക്കിനിക്കും പടിഞ്ഞാറ്റിക്കുമാണ്‌.

കൂടാതെ നാലുകോണ്‍ ദിക്കുകളും ഉണ്ട്‌. തെക്കുകിഴക്ക്‌ ദര്‍ശനമായാല്‍ ഭയം, തെക്കുപടിഞ്ഞാറായാല്‍ കലഹം, വടക്കുപടിഞ്ഞാറായാല്‍ ചപലത, വടക്കുകിഴക്കായാല്‍ കുലനാശം എന്നതാണ്‌ ശാസ്‌ത്രം. നാലുകോണ്‍ദിശ ഒഴിവാക്കുകയാണ്‌ ഉത്തമം.

നടുമുറ്റത്തിന്‍െറ കിഴക്കുവശത്തുള്ള കിഴക്കിനിക്ക്‌ ചുറ്റ്‌ ധ്വജയോനി കണക്കിലും നടുമുറ്റത്തിന്‍െറ തെക്കുവശത്തുള്ള തെക്കിനിക്ക്‌ ചുറ്റ്‌ സിംഹയോനികണക്കിലും നടുമുറ്റത്തിനു പടിഞ്ഞാറ്‌ വശത്തുള്ള പടിഞ്ഞാറ്റിക്കുചുറ്റ്‌ വൃഷയോനികണക്കിലും നടുമുറ്റത്തിന്‍െറ വടക്കുവശത്തുള്ള വടക്കിനിക്കു ചുറ്റ്‌ ഗജയോനികണക്കിലും എടുക്കേണ്ടതാണ്‌.

ഇപ്രകാരം, കിഴക്ക്‌, തെക്ക്‌, പടിഞ്ഞാറ്‌, വടക്ക്‌ എന്നിവയെ ഒട്ടാകെ ഒരു സമചതുരമോ, ദീര്‍ഘചതുരമോ ആയ നാലുകെട്ടായി കണക്കാക്കുമ്പോള്‍ പടിഞ്ഞാറ്റിനിക്കുപ്രാധാന്യമുള്ള നാലുകെട്ടാണെങ്കില്‍ ധ്വജ-സിംഹ-വൃഷ-ഗജയോനികളില്‍ ഉത്തമമായതിനെ എടുത്ത്‌ രൂപകല്‌പനചെയ്യാവുന്നതാണ്‌. എന്നാല്‍ തെക്കിനിപ്രധാനമായ നാലുകെട്ടാണെങ്കില്‍ ധ്വജയോനിയോ, സിംഹയോനിയോ മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ.

കേരളീയ രീതിയിലുള്ള നാലുകെട്ട്‌ നിര്‍മ്മാണ സമ്പ്രദായത്തില്‍ തെക്കിനിപ്രാധാന്യമായോ,പടിഞ്ഞാറ്റി പ്രാധാന്യമായോ ആണ്‌ നിര്‍മ്മിക്കാറുള്ളത്‌. അത്തരത്തില്‍ തെക്കിനിപ്രാധാന്യമായി നിര്‍മ്മിക്കുന്ന നാലുകെട്ടുകളില്‍ (രണ്ടാംനില തെക്ക്‌ വശത്ത്‌ ഉയര്‍ത്തിയ രീതി) തെക്കിനിയുടെ തറ ഉയരം ഗൃഹത്തിന്‍െറ തറ ഉയരത്തേക്കാള്‍ കൂട്ടി നിര്‍മ്മിക്കാവുന്നതാണ്‌. അതാണ്‌ നാലുകെട്ടിന്‍െറ ഒരു വശം ഉയര്‍ന്ന തിണ്ണയായി കാണുന്നത്‌.
തെക്കിനി പ്രധാനമായ നാലുകെട്ട്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ തെക്കുവശത്തുള്ള മുറികള്‍ രണ്ടാം നിലയിലേക്ക്‌ ഉയര്‍ത്തുക എന്നതാണ്‌. അതുപോലെ തന്നെ പടിഞ്ഞാറ്റിനിപ്രാധാന്യം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ പടിഞ്ഞാറുവശത്തെ മുറികള്‍ രണ്ടാം നിലയിലേക്ക്‌ഉയര്‍ത്തുകയെന്നതാണ്‌.

വാസ്‌തുശാസ്‌ത്രപ്രകാരം ഏകശാലയായി(നാലുകെട്ടല്ലാതെ) നിര്‍മ്മിക്കുകയാണെങ്കില്‍ വടക്കോട്ടുദര്‍ശനമായ തെക്കിനിപ്പുരയോ, കിഴക്കോട്ടുദര്‍ശനമായ പടിഞ്ഞാറ്റിപ്പുരയോ ആണ്‌ ഉത്തമം. ആ സങ്കല്‌പമുള്ളതുകൊണ്ട്‌ കിഴക്കോട്ടു ദര്‍ശനമായ വീടുകള്‍ക്ക്‌ പടിഞ്ഞാറുവശത്ത്‌ നിര്‍മ്മിക്കുന്ന മുറികള്‍ ഉയര്‍ത്താവുന്നതാണ്‌. കിഴക്കുവശം മാത്രമായി പാടില്ല.
വീടു വെക്കുമ്പോള്‍ ഭൂമിയുടെ വടക്കുവശത്ത്‌ കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയില്‍ ഒഴുകുന്ന നദി യോ കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയില്‍ ദീര്‍ഘമായി കിടക്കുന്ന വയലുകളോ ഉണ്ടെങ്കില്‍ കിഴക്ക്‌-പടിഞ്ഞാറ്‌ നീളത്തില്‍ വടക്കോട്ടു മുഖമായ തെക്കിനിപ്പുരയാണ്‌ നിര്‍മ്മിക്കേണ്ടത്‌.
ഗൃഹംവെക്കുന്ന ഭൂമിയുടെ കിഴക്കോ, പടിഞ്ഞാറോ വശത്ത്‌ തെക്ക്‌ വടക്ക്‌ ദിശയില്‍ ഒഴുകുന്ന നദിയോ, അതേ ദിശയില്‍ വയലുകളോ ഉണ്ടെങ്കില്‍ ആ ഭൂമിയില്‍ കിഴക്കോട്ടു ദര്‍ശനമായ പടിഞ്ഞാറ്റിപ്പുരയാണ്‌ നിര്‍മ്മിക്കേണ്ടത്‌.

കിഴക്കോട്ടു ദര്‍ശനമായ പടിഞ്ഞാറ്റിപ്പുരയിലേക്ക്‌ പടിഞ്ഞാറ്‌ വശത്തുനിന്നും പ്രവേശിക്കാവുന്നതാണ്‌. അതായത്‌ പടിഞ്ഞാറ്‌ വശം റോഡുള്ള ഭൂമിയാണെങ്കില്‍ അവയുടെ പടിഞ്ഞാറ്‌ വശം മുഖമായും ശാസ്‌ത്രപ്രകാരം കിഴക്കോട്ട്‌ ദര്‍ശനമായും വീടു നിര്‍മ്മിക്കാവുന്നതാണ്‌. എന്നാല്‍ വടക്ക്‌ ദര്‍ശനമായ തെക്കിനിപ്പുരയ്‌ക്ക്‌ ഗൃഹമദ്ധ്യസൂത്രത്തിന്‍െറ ഒഴിവ്‌ തെക്ക്‌-വടക്ക്‌ ദിശയിലാണ്‌ വേണ്ടതെങ്കിലും ഗൃഹത്തിലേക്ക്‌ കയറേണ്ടത്‌ കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ ആകത്തക്കവിധം രൂപകല്‌പനചെയ്യേണ്ടതാണ്‌. വാസ്‌തുശാസ്‌ത്രത്തില്‍ കിഴക്കിനിക്കും തെക്കിനിക്കും പടിഞ്ഞാറ്റിനിക്കും ഓരോ ഉപയോഗങ്ങള്‍ പറയുന്നുണ്ട്‌. വടക്കിനിയിലോ കിഴക്കിനിയിലോ ആണ്‌ പരദേവതാഭജനവും ഭക്ഷണം പാകം ചെയ്യലും നടത്തേണ്ടത്‌. അതായത്‌ പൂജാ മുറിയുടേയും അടുക്കളയുടേയും സ്ഥാനം മേല്‍പറഞ്ഞ ദിക്കുകളിലാണ്‌ വേണ്ടത്‌. അതേപോലെ തന്നെ തെക്കിനിയോ, പടിഞ്ഞാറ്റിയോ ആണ്‌ ശയന, വിദ്യാഭ്യാസങ്ങള്‍ക്ക്‌ ഉപയോഗിക്കേണ്ടത്‌. അതായത്‌ കിടപ്പുമുറിയും പഠനമുറിയും ഇവിടെ ഉത്തമമെന്നര്‍ത്ഥം.

8 അങ്കണവും തുളസിത്തറയും ഒരുക്കുമ്പോള്‍

? അങ്കണവും മുല്ലത്തറയും പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


അങ്കണം എന്നാല്‍ നടുമുറ്റം എന്നാണ്‌ അര്‍ത്ഥം. അങ്കണം എപ്പോഴും സമചതുരത്തിലാണ്‌ ഉത്തമം. എന്നാല്‍ ദീര്‍ഘചതുരത്തിലും അങ്കണം നിര്‍മ്മിക്കാം. ദീര്‍ഘചതുരമാണെങ്കില്‍ തെക്ക്‌-വടക്ക്‌ ദിശയിലായിരിക്കണം നീളം കൂടി വരേണ്ടത്‌. കിഴക്ക്‌ -പടിഞ്ഞാറ്‌ ആയാല്‍ ഉത്തമമല്ല. ഭൂമിയുടെ ഭ്രമണപഥത്തിന്‌ ലംബമായി വരുന്നതുകൊണ്ടാണ്‌ തെക്ക്‌, വടക്ക്‌ ദീര്‍ഘചതുരം ഉത്തമമെന്നു പറയുന്നത്‌.

നടുമുറ്റത്തിന്‍െറ വടക്കു-കിഴക്കേ മൂലയിലാണ്‌ മുല്ലത്തറയ്‌ക്ക്‌ സ്ഥാനം. നടുമുറ്റത്തല്ലെങ്കില്‍പോലും മുല്ലത്തറ ഗൃഹത്തിന്‍െറ വടക്കുകിഴക്കെ മുറ്റത്താണ്‌ വേണ്ടത്‌. അങ്കണത്തിന്‍െറ തെക്കു-പടിഞ്ഞാറെ മൂലയില്‍ നിന്നും വടക്കു-കിഴക്കേമൂലയിലേക്ക്‌ ഒരു രേഖകണക്കാക്കിയാല്‍ നടുമുറ്റത്തിന്‍െറ വടക്കു-കിഴക്കു ഭാഗത്തെ നാലിലൊന്നില്‍ ആ രേഖയില്‍ തുളസിത്തറയുടെ മദ്ധ്യം വരാത്തവിധം നിര്‍മ്മിക്കാവുന്നതാണ്‌.

ഏകശാലയായ ഗൃഹങ്ങള്‍ക്ക്‌ തെക്കിനിപ്രാധാന്യം അല്ലെങ്കില്‍ പടിഞ്ഞാറ്റിപ്രാധാന്യം എന്നു പറഞ്ഞുവല്ലോ. അതായത്‌ തെക്കിനി പ്രാധാന്യമായ ഗൃഹം എന്നതിനര്‍ഥം അതിന്‍െറ വടക്കുവശത്താണ്‌ അങ്കണം എന്ന കണക്കുകൂട്ടലിലാണ്‌. അതിനാല്‍ തെക്കിനിപ്പുരയ്‌ക്ക്‌ വടക്കേമുറ്റത്ത്‌ മദ്ധ്യത്തില്‍നിന്നു കിഴക്കോട്ടുമാറിയാണ്‌ തുളസിത്തറ പണിയേണ്ടത്‌.
അപ്രകാരം പടിഞ്ഞാറ്റി എന്നാല്‍ അതിന്‍െറ അങ്കണം കിഴക്കുവശം എന്ന സങ്കല്‌പമാണ്‌.
അതായത്‌ പടിഞ്ഞാറുള്ള ഗൃഹങ്ങള്‍ക്ക്‌ കിഴക്കേ മുറ്റത്ത്‌ മദ്ധ്യത്തില്‍ നിന്നും വടക്കുമാറിയാണ്‌ തുളസിത്തറ നിര്‍മ്മിക്കേണ്ടത്‌. തുളസിത്തറയുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ടപ്രധാനകാര്യം അതിന്‍െറ ഉയരം വീടിന്‍െറ തറയുടെ ഉയരത്തില്‍ കൂടുതലാകാന്‍ പാടില്ല എന്നതാണ്‌.
തെക്കിനിപ്പുരയുടെ വടക്കേ മുറ്റത്തു നിര്‍മ്മിക്കുന്ന തുളസിത്തറയുടെ തെക്കേഭാഗത്ത്‌ ഗൃഹത്തില്‍നിന്നു കാണുന്ന രീതിയിലാണ്‌ വിളക്കുകൊളുത്താനുള്ള സ്ഥാനമൊരുക്കേണ്ടത്‌. അതുപോലെത്തന്നെ ഗൃഹത്തിന്‍െറ കിഴക്കേ മുറ്റത്തുള്ള തുളസിത്തറയില്‍ തുളസിത്തറയുടെ പടിഞ്ഞാറുഭാഗത്ത്‌ വീട്ടില്‍നിന്നു കാണുന്നരീതിയില്‍ വിളക്ക്‌ കൊളുത്തുന്നതിനുള്ള സൗകര്യമൊരുക്കണം.

ഗൃഹത്തിന്‍െറ വടക്കുകിഴക്കേ മുറ്റത്ത്‌ നിര്‍മ്മിക്കുന്ന തുളസിത്തറ (മുല്ലത്തറ)യ്‌ക്ക്‌ വിളക്കു വെച്ച്‌ പ്രദക്ഷിണം വെക്കാന്‍ പാകത്തില്‍ നാലുവശവും സ്ഥലസൗകര്യമൊരുക്കേണ്ടതാണ്‌. അതായത്‌ അതിര്‍ത്തിചേര്‍ത്ത്‌ നിര്‍മ്മിക്കാന്‍ പാടില്ലെന്നര്‍ത്ഥം.
നടുമുറ്റത്തിന്‍െറ മദ്ധ്യത്തില്‍ മുല്ലത്തറ വെക്കുന്നത്‌ രാജാക്കന്മാര്‍ക്കുള്ള വിധിയിലാണ്‌. സാധാരണക്കാര്‍ മദ്ധ്യത്തില്‍ മുല്ലത്തറ വെക്കുന്നത്‌ ആശാസ്യമല്ല. സ്വയം രാജാവാണെന്നു പ്രഖ്യാപിക്കുകയാണെന്ന അര്‍ത്ഥമാണ്‌ ഈ പ്രവൃത്തിക്ക്‌.

9 കല്ലിടലിനുള്ള ശുഭമുഹൂര്‍ത്തങ്ങള്‍

? കെട്ടിടനിര്‍മാണം ആരംഭിക്കുന്നതിന്‌ (കല്ലിടല്‍) ശുഭമുഹൂര്‍ത്തങ്ങള്‍ ഉണ്ടോ? ഏതൊക്കെയാണ്‌ അവ?


ഗൃഹനിര്‍മിതിയുടെ ആരംഭത്തിന്‌ ശുഭമുഹൂര്‍ത്തം നോക്കേണ്ടത്‌ അത്യാവശ്യമാണ്‌. മുഹൂര്‍ത്തപദവിപ്രകാരം കല്ലിടല്‍സമയം കുറിക്കുമ്പോള്‍ ഉദയരാശി സമയത്ത്‌ ഗൃഹാരംഭം പാടില്ലാത്തതാണ്‌. എന്നാല്‍ ഊണ്‍ നാളുകളായ രോഹിണി, മകയിരം, ചതയം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി, രേവതി, അശ്വതി, ചോതി, മൂലം എന്നീ 16 നാളുകളും കല്ലിടലിന്‌ (ഗൃഹാരംഭത്തിന്‌) ഉത്തമമാണ്‌. കോണ്‍ മാസങ്ങളായ മിഥുനം, കന്നി, ധനു, മീനം മാസങ്ങളില്‍ ഗൃഹാരംഭം പാടില്ല.

പൊതുവേ കര്‍ക്കിടകവും ഒഴിവാക്കേണ്ടതാണ്‌. ഈ അഞ്ച്‌ മാസങ്ങളും ഗൃഹാരംഭത്തിന്‌ ഉചിതമല്ല.
ഗൃഹനാഥന്‍െറ നക്ഷത്രത്തിന്‍െറ കൂറ്‌ അനുസരിച്ച്‌ അഷ്‌ടമരാശിക്കൂറ്‌ വരുന്ന നക്ഷത്രങ്ങള്‍ ഒഴിവാക്കി വേണം സമയം കണക്കാക്കാന്‍. ഉദാഹരണത്തിന്‌ ഉത്രട്ടാതി നക്ഷത്രമുള്ള ഗൃഹനാഥന്‌ ചിത്തിര, ചോതി, വിശാഖം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ഗൃഹാരംഭം വയ്യാത്തതാണ്‌.
ഗൃഹാരംഭത്തിന്‌ (കല്ലിടല്‍) ദിവസം ഗണിക്കുമ്പോള്‍ `തിഥി'കളില്‍ ചതുര്‍ഥി, ചതുര്‍ദശി, സപ്‌തമി, അഷ്‌ടമി, നവമി എന്നീ ദിവസങ്ങള്‍ പാടില്ല. ചൊവ്വ, ഞായര്‍ ആഴ്‌ചദോഷം ഉള്ള ദിവസങ്ങള്‍ ആയതിനാല്‍ ഗൃഹാരംഭത്തിന്‌ ഉചിതമല്ല. ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളും ഒഴിവാക്കണം. 27ല്‍ 11 നക്ഷത്രങ്ങളും ഒഴിവാക്കേണ്ടതാണ്‌. ഗൃഹനാഥ ഗര്‍ഭിണിയാണെങ്കില്‍ ഗൃഹാരംഭം ഒഴിവാക്കേണ്ടതാണ്‌. പ്രസവശേഷം ആകാം. കുടുംബത്തിലെ പ്രധാനഅംഗങ്ങള്‍ ഗര്‍ഭിണിയായാലും ഗൃഹാരംഭം ഉത്തമമല്ല.
ഗൃഹമെന്ന ശരീരത്തിന്‍െറ ആദ്യത്തെ അവയവം പാദുകമാണ്‌. അതിനാല്‍ പാദുക നിര്‍മ്മാണം ആരംഭിക്കുന്ന സമയമാണ്‌ ഗൃഹാരംഭം എന്നു പറയുന്നത്‌. അസ്ഥിവാരം അവയവനിര്‍മ്മിതിയില്‍ വരില്ലെന്നു മാത്രമല്ല അത്‌ ഗൃഹത്തിന്‌ ഉറപ്പ്‌ നല്‍കുന്നതിനു വേണ്ടി മാത്രമാണ്‌. എന്നാല്‍ കേരളത്തിലെ ദേശാചാരമനുസരിച്ച്‌ അസ്ഥിവാരത്തിന്‌ കല്ലിടുന്നതാണ്‌ ചെയ്‌തുവരുന്നത്‌. അതായത്‌ വാനം കീറുന്നതിന്‌ (വന്ദരമ്വമറഹ്‌ൃ) നല്ല സമയം നോക്കേണ്ടതില്ല.

10 ഗൃഹമധ്യത്തില്‍ കട്ടില പാടില്ല

? കട്ടില(ള) വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

ഗൃഹനിര്‍മ്മാണത്തില്‍ ആദിമധ്യാന്തങ്ങളിലായി നാല്‌ സമയങ്ങളിലാണ്‌ പ്രധാനമായും മുഹൂര്‍ത്തം നോക്കി ചെയ്യേണ്ടത്‌. ഗൃഹാരംഭം, കട്ടിളവെപ്പ്‌, ഉത്തരംവെപ്പ്‌ (വാര്‍ക്കപണി), ഗൃഹപ്രവേശം എന്നിവയാണ്‌ നാല്‌ സമയങ്ങള്‍. ആദ്യമായി കട്ടിളവെക്കുന്ന സ്ഥലത്ത്‌ ഒരു നിലവിളക്കുകത്തിച്ചുവെക്കുക. വിളക്കിനു മുന്നില്‍ നിറപറ, നെല്ല്‌, അരി, വെറ്റില, അടയ്‌ക്ക, അവല്‍, മലര്‍, പഴം തുടങ്ങിയവ വെക്കാം. പിന്നീട്‌ കട്ടിള സ്ഥാപിക്കുന്ന സ്ഥലം ചാണകം കൂട്ടിമെഴുകി ക്ഷേത്രത്തില്‍നിന്നും ശേഖരിച്ച പുണ്യാഹം തളിച്ച്‌ ശുദ്ധിയാക്കുക. കട്ടിളയും ഇതേപോലെ ശുദ്ധിവരുത്തണം. തുടര്‍ന്ന്‌ കട്ടിളവെക്കുന്ന സ്ഥലത്തും കട്ടിളയിലും ചന്ദനവും പൂവും ചാര്‍ത്തുക. (കട്ടിളയുടെ താഴെസ്വര്‍ണ്ണശകലം വെയ്‌ക്കാം) വീടിന്‍െറ മുന്നിലെ കട്ടിള തന്നെ ആദ്യംവെക്കുക. കട്ടിളവെപ്പ്‌ എന്ന ചടങ്ങ്‌ ക്ഷേത്രാചാരമനുസരിച്ച്‌ ആശാരിമാര്‍ക്കോ, മേസ്‌തിരിമാര്‍ക്കോ, കല്‍പ്പണിക്കാര്‍ക്കോ ചെയ്യാവുന്നതാണ്‌. വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ ആദിമധ്യാന്തങ്ങളില്‍ ഓരോ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും വാസ്‌തുബലി നടത്തണമെന്നാണ്‌ ശാസ്‌ത്രം. എന്നാല്‍ കേരളീയചിട്ടപ്രകാരം അവസാനത്തേതായ ഗൃഹപ്രവേശത്തിനു മുമ്പുമാത്രമാണ്‌ വാസ്‌തുബലി നടത്തിവരാറുള്ളത്‌.

വാസ്‌തുശാസ്‌ത്രപ്രകാരം ദര്‍ശനമനുസരിച്ച്‌ പ്രധാന കട്ടിളയോ അല്ലെങ്കില്‍ വടക്കോട്ടോ, കിഴക്കോട്ടോ തുറക്കുന്നതായ കട്ടിളയോ ആണ്‌ കട്ടിളവെപ്പ്‌ കര്‍മ്മത്തിന്‌ ഉദ്ദേശിക്കുന്നത്‌. ഇന്നത്തെ രീതിയില്‍ കട്ടിളയ്‌ക്കുള്ള സ്ഥലം ഒഴിച്ചിട്ട്‌ ഭിത്തിപ്പണിയും ലിന്‍റല്‍ വാര്‍ക്കലും നടത്തിയതിനുശേഷം കട്ടിളവെയ്‌ക്കുന്ന രീതി ഉപദേശയോഗ്യമല്ല. അതായത്‌ പ്രധാന കട്ടിളവെപ്പെങ്കിലും യഥാവിധി നടത്തുന്നതാണ്‌ ഉത്തമം.
കട്ടിളവെപ്പ്‌ കര്‍മ്മം മറ്റു സമുദായക്കാര്‍ക്ക്‌ അവരവരുടേതായ രീതിയില്‍ ചെയ്യുന്നതു കൊണ്ട്‌ ദോഷമില്ല.

ഗൃഹമധ്യത്തില്‍ കട്ടിളവെക്കുന്നത്‌ ആശാസ്യമല്ല. മധ്യത്തില്‍ കട്ടിളവരാന്‍ പാടില്ല എന്നര്‍ത്ഥം. തെക്കിനിക്ക്‌ വടക്കുവശത്തെ കട്ടിളപ്പടിയാണ്‌ ഉത്തമം. ഗൃഹത്തിന്‍െറ മധ്യത്തില്‍ കട്ടിളവരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹമധ്യവും കട്ടിളമധ്യവും ഒരേ രേഖയില്‍ വരാനും പാടില്ല. അതു പോലെ രണ്ടു കട്ടിളകളുടെ മധ്യങ്ങള്‍ ഒരേ രേഖയിലും വരാന്‍ പാടില്ല.
റോഡിന്‌ അനുസരിച്ചല്ല കട്ടിളയുടെ പ്രാധാന്യം. വാസ്‌തുവിന്‍െറ മധ്യം നോക്കിയാണ്‌ ഗൃഹത്തിന്‍െറ മുഖം നിശ്ചയിക്കുക. ശാസ്‌ത്രീയമായി കിഴക്കുവശത്തെ കട്ടിളയ്‌ക്കു പ്രാധാന്യം. അതായത്‌ ഗൃഹത്തിന്‍െറ മുഖം ഏതുവശത്തേക്കു കൊടുത്താലും കിഴക്കുവശത്തെ കട്ടിളയ്‌ക്കാണ്‌ പ്രാധാന്യവും യോഗ്യതയും ലഭിക്കുന്നത്‌.

11 ആരൂഢോത്തരവും വാസ്‌തുവിധിയും

? ആരൂഢോത്തരം എന്നാലെന്ത്‌? ഇത്‌ സ്ഥാപിക്കുന്നതെങ്ങനെ? വാമട, വളബന്ധം ഇവയെന്ത്‌ ? ഉത്തരം ചേര്‍ക്കലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


മരം ഉപയോഗിച്ച്‌ കഴുക്കോലുകള്‍ ഉത്തരങ്ങള്‍, പട്ടികകള്‍, വളകള്‍ ചിറ്റുത്തരം, കൂടം, മോന്തായം എന്നിവയുണ്ടാക്കി ഉത്തരപുറം കണക്കുശരിയാക്കിയായിരുന്നു പണ്ടുകാലത്ത്‌ വീടുനിര്‍മിച്ചിരുന്നത്‌. ഇപ്രകാരം പഴയ, വലിയ പത്തായപ്പുരകളും നാല്‌കെട്ടുകളും (ചതുശ്ശാല) നിര്‍മ്മിക്കുമ്പോള്‍ വിസ്‌താരം (വീതി)കൂടിയ നിര്‍മ്മിതികള്‍ക്ക്‌ ഭിത്തിപ്പുറത്ത്‌ കൊടുക്കുന്ന ഉത്തരത്തിനുപുറമെ മേല്‍ക്കൂരയ്‌ക്ക്‌ ബലം കിട്ടുവാന്‍ നാലുവശത്തുള്ള ഭിത്തിയില്‍ നിന്നും ഒരുപോലെ അളവ്‌ ഉള്ളിലേക്ക്‌ നീക്കി, ഭിത്തിപ്പുറത്തുള്ള ഉത്തരത്തില്‍നിന്ന്‌ ദണ്ഡികയും കുറ്റിക്കാലും കൊടുത്ത്‌ ഉത്തരം നിര്‍മ്മിക്കുന്നതിനാണ്‌ ആരൂഢോത്ത രം എന്നുപറയുന്നത്‌.

പഴയകാലത്ത്‌ നാലുകെട്ടുകള്‍ രൂപകല്‌പനചെയ്യുമ്പോള്‍ അതാത്‌ പ്രദേശത്തിനും ഭൂമിയുടെ കിടപ്പിനും അനുസരിച്ച്‌ പടിഞ്ഞാറ്റിപ്രാധാന്യമുള്ള നാലുകെട്ടാണ്‌ നിര്‍മ്മിക്കുന്നതെങ്കില്‍ പടിഞ്ഞാറ്റിനിയുടെ ഉത്തരവിസ്‌താരത്തേക്കാള്‍ കുറഞ്ഞ കണക്കായിരിക്കണം കിഴക്കിനിക്ക്‌ സ്വീകരിക്കുവാന്‍. എന്നാല്‍ ഉത്തര വിസ്‌താരം കുറയ്‌ക്കുമ്പോള്‍ മുറികളുടെ ഉപയോഗത്തിന്‌ അസൗകര്യം ഉള്ളതിനാല്‍ പടിഞ്ഞാറ്റിനിയേക്കാള്‍ കുറച്ച്‌, ഭിത്തി ഉത്തരത്തിനുതാഴെ അല്ലാതെ തള്ളിവെച്ച്‌ മുറികളുടെ സൗകര്യം കൂട്ടുക പതിവാണ്‌.

ആരൂഢോത്തരം കൊടുക്കുന്നതിന്‍െറ ഒരു പ്രത്യേകത മേല്‍പറഞ്ഞതാണ്‌. അതുപോലെത്തന്നെ തെക്കിനി പ്രാധാന്യമായ നാലുകെട്ടുകളോ, പത്തായപ്പുരകളോ നിര്‍മ്മിക്കുമ്പോള്‍ ഒട്ടാകെ ചുറ്റ്‌ ഉത്തമമായും അതാത്‌ ദിഗ്‌ഗൃഹങ്ങളുടെ ഉത്തരവിസ്‌താരം ഉത്തമമായും എടുക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ പടിഞ്ഞാറ്റിനിയുടെ മാത്രമോ, അല്ലെങ്കില്‍ തെക്കിനിയുടെ മാത്രമോ ഉത്തരചുറ്റ്‌ മദ്ധ്യമമായി എടുക്കേണ്ടിവരാറുണ്ട്‌. അങ്ങനെ വരുമ്പോള്‍ ഉത്തരചുറ്റ്‌ ഉത്തമമാക്കുന്നതിനായി നാല്‌ വശങ്ങളില്‍ നിന്നും ഒരുപോലെ ഉള്ളിലേക്ക്‌ വലിച്ച്‌ ഉത്തമമായ ചുറ്റ്‌ സ്വീകരിച്ച്‌ ആരൂഢോത്തരം കൊടുക്കുക പതിവാണ്‌. ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ഉത്തരപ്പുറത്തുനിന്ന്‌, അല്ലെങ്കില്‍ ഭിത്തിപ്പുറത്തു നിന്ന്‌ നാലുവശത്തേക്കും കഴുക്കോല്‍ തള്ളിനില്‍ക്കുന്നതിനെയോ, അല്ലെങ്കില്‍ മേല്‍പ്പുര വാര്‍ക്കുമ്പോള്‍ ഭിത്തിപ്പുറത്തുനിന്ന്‌ നാലുവശത്തേക്കും തള്ളിനില്‍ക്കുന്ന വാര്‍പ്പിനേയൊ ആണ്‌ വാമട അഥവാ വാമടതള്ള്‌ എന്നു വിശേഷിപ്പിക്കുന്നത്‌.

അതുപോലെ ഉത്തരപ്പുറത്തുനിന്ന്‌ തള്ളിനില്‍ക്കുന്ന കഴുക്കോലുകളെ ഇളക്കം വരാത്ത രീതിയില്‍ ഒരേഭാഗത്ത്‌ തയ്യാറാക്കിയ ദ്വാരങ്ങളില്‍ക്കൂടി മരംകൊണ്ട്‌ കോര്‍ത്ത്‌ ബന്ധിപ്പിക്കുന്നതിനെയാണ്‌ വളബന്ധം എന്നുപറയുന്നത്‌.

വാസ്‌തുശാസ്‌ത്രപ്രകാരം ചുറ്റളവ്‌ ഉത്തമമായി എടുത്ത്‌ ഉത്തരപ്പുറം കണക്കുവരുത്തി ഉത്തരം പണിയുമ്പോള്‍ അംശപ്രകാരം ഉത്തരവിസ്‌താരത്തെയും ഉത്തരത്തിന്‍െറയും ചിറ്റുത്തരത്തിന്‍െറയും ഉയരത്തെയും നിര്‍ണയിക്കണം. ഉത്തരം പണി ചെയ്യുമ്പോള്‍ ഒരേ ഉത്തരത്തിന്‍െറ വിവിധ ഭാഗങ്ങളെ തമ്മില്‍ യോജിപ്പിക്കേണ്ടിവരും. ഇത്തരത്തില്‍ യോജിപ്പിക്കുമ്പോള്‍ ഉത്തരവിസ്‌താരത്തിന്‍െറയോ ഉത്തര ദീര്‍ഘത്തിന്‍െറയോ മദ്ധ്യത്തില്‍ ഏപ്പോ, കഴുക്കോലുകളോ വരാന്‍ പാടില്ലാത്തതാണ്‌.

12 പൂജാമുറിയും പ്രത്യേകതകളും

? ഗൃഹദേവതാമന്ദിരം(പൂജാമുറി) എവിടെയാവണം? ഇതിന്‌ എന്തൊക്കെ പ്രത്യേകതകള്‍ ഉണ്ടാവണം?


നാലുകെട്ട്‌ നിര്‍മ്മാണരീതിയാണ്‌ കേരളത്തിന്‍െറ ഗൃഹരൂപകല്‌പനയ്‌ക്ക്‌ പ്രധാനമായും ഉപയോഗിച്ചുവന്നിരുന്നത്‌. അങ്ങനെ വരുമ്പോള്‍ ശാസ്‌ത്രപ്രകാരം ഒരു നാലുകെട്ടിന്‍െറ വടക്കിനിയിലോ, കിഴക്കിനിയിലോ ആണ്‌ പരദേവതയെ ഭജിക്കേണ്ടത്‌. അതായത്‌ പൂജാമുറി, പൂജാസ്ഥാനം അഥവാ പ്രാര്‍ത്ഥനാമുറി എന്നിവയ്‌ക്ക്‌ ഗൃഹത്തിന്‍െറ വടക്കുവശത്തോ, കിഴക്കുവശത്തോ ആണ്‌ ഉത്തമമായി സ്ഥാനം കാണേണ്ടത്‌. എന്നാല്‍ തെക്കിനിയിലും പടിഞ്ഞാറ്റിനിയിലും പരദേവതാ ഭജനം ദോഷമാണെന്ന്‌ ശാസ്‌ത്രത്തില്‍ പറയുന്നില്ല. വാസ്‌തുശാസ്‌ത്രപ്രകാരം സമചതുരമോ, ദീര്‍ഘചതുരമോ ആയ ഒരു വീടിന്‍െറ വടക്കുകിഴക്കേ മൂല(ഈശാനകോണ്‍) മുതല്‍ തെക്കുപടിഞ്ഞാറെ മൂല(നിര്യതികോണ്‍) വരെയുള്ള കിഴക്കും തെക്കും വശങ്ങളില്‍ പൂജാമുറി കിഴക്ക്‌ വശത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായും തെക്കുപടിഞ്ഞാറെ മൂല മുതല്‍ വടക്കുകിഴക്കേ മൂലവരെയുള്ള പടിഞ്ഞാറും വടക്കു ദിക്കുകളില്‍ കിഴക്കോട്ട്‌ ദര്‍ശനമായും സ്ഥാനം നിശ്ചയിക്കേണ്ടതാണ്‌.

അതായത്‌ ഗൃഹത്തിന്‍െറ കിഴക്കുവശത്തോ, തെക്കുവശത്തോ ഉള്ള മുറികള്‍ പൂജാമുറിയായി ഉപയോഗിക്കുമ്പോള്‍ പടങ്ങളും വിഗ്രഹങ്ങളും മൂര്‍ത്തികളും മറ്റും കിഴക്കുഭിത്തിയില്‍ പടിഞ്ഞാട്ടു തിരിച്ചുവെക്കുകയാണ്‌ ഉത്തമം. ഗൃഹത്തിന്‍െറ പടിഞ്ഞാറും വടക്കും വശങ്ങളിലെ മുറികളാണ്‌ പൂജാമുറിയായി ഉപയോഗിക്കുന്നതെങ്കില്‍ ഫോട്ടോയും മറ്റു വിഗ്രഹങ്ങളും പടിഞ്ഞാറെ ഭിത്തിയില്‍ കിഴക്കോട്ടുതിരിച്ചുവെക്കുകയും ചെയ്യേണ്ടതാണ്‌.

ഇത്തരത്തില്‍ ചെയ്യുമ്പോള്‍ മാത്രമാണ്‌ പൂജാമുറിക്ക്‌ മുന്‍ വശത്തായി വീടിന്‍െറ ഭൂരിഭാഗം മുറികളും വരുന്നത്‌. അതായത്‌ ദൈവങ്ങള്‍ നമ്മുടെ ഗൃഹത്തിനെ നോക്കിയിരിക്കുന്ന രീതിയില്‍ വേണം പൂജാമുറിക്ക്‌ സ്ഥാനം നിശ്ചയിക്കാന്‍. ഇത്തരത്തിലുള്ള ഒരു പൂജാമുറിയില്‍ സ്ഥാപിച്ച ദൈവങ്ങളുടെ ഫോട്ടോയും വിഗ്രഹങ്ങളും മറ്റും എപ്പോഴും നമ്മുടെ വീടിനെ നോക്കിക്കൊണ്ടേയിരിക്കും. വീടിന്‍െറ ഐശ്വര്യത്തിനുവേണ്ടിയാണ്‌ പൂജാമുറി വെക്കുന്നത്‌. അത്‌ ഗൃഹത്തിന്‍െറ മുന്‍ഭാഗങ്ങളിലായാല്‍ പൂജാമുറിയില്‍ നിന്നുള്ള ദര്‍ശനം കൂടുതലും പുറത്തേക്കായിരിക്കും. പൂജാമുറികൊണ്ടുള്ള ഐശ്വര്യം ഗൃഹത്തിനു കുറവായിരിക്കുമെന്നര്‍ത്ഥം.

അടുക്കളയുടെ അഥവാ ഊണ്‌മുറിയുടെ അടുത്ത്‌ പൂജാമുറിവെക്കുന്നത്‌ ശുഭകരമല്ല എന്ന തെറ്റിദ്ധാരണ നിലവിലുണ്ട്‌. എന്നാല്‍ പണ്ടത്തെ ചിട്ടപ്രകാരം വീട്ടില്‍ ഭക്ഷണം തയ്യാറാക്കുന്നത്‌ ദൈവത്തിനുവേണ്ടിയാണെന്നും അവര്‍ക്കുനേദിച്ചതിനുശേഷം അതിന്‍െറ ഉച്ചിഷ്‌ടമാണ്‌ നമ്മള്‍ കഴിക്കുന്നതെന്നുമാണ്‌ ശരിയായ സങ്കല്‌പം. അതുകൊണ്ടുതന്നെ പൂജാസ്ഥാനവും പ്രാര്‍ത്ഥനാമുറിയും അടുക്കളയുടെയും ഊണ്‍തളത്തിന്‍െറയും അടുത്താകുന്നതില്‍ ദോഷമില്ല.
എന്നാല്‍ പഴയരീതിയില്‍ പടിഞ്ഞാറ്റി മച്ചില്‍ കുടിയിരുത്തിയിട്ടുള്ള പരദേവതാസങ്കല്‌പമോ, പീഠംവെച്ചുള്ള ആരാധനയോ, ഉപാസനയോ ഉണ്ടെങ്കില്‍ അശുദ്ധി വരാതെ സൂക്ഷി
ക്കേണ്ടത്‌ അത്യാവശ്യമാണ്‌. പൂജാസ്ഥാനമോ, പ്രാര്‍ത്ഥനാമുറിയോ, വിളക്കുമാത്രം കൊളുത്തിവെച്ച്‌ ആരാധിക്കുന്ന രീതിയിലുള്ള പൂജാമുറിയോ ആണെങ്കില്‍ വീടിന്‍െറ രണ്ടാം നിലയില്‍ ആയാലും വിരോധമില്ല. എന്നാല്‍ ഗൃഹത്തില്‍വെച്ച്‌ പൂജയോ ഹോമങ്ങളോ നടത്തുമ്പോള്‍ അത്‌ താഴത്തെ നിലയില്‍ തന്നെ നടത്തേണ്ടതാണ്‌. അതാത്‌ ഭൂസ്‌പര്‍ശം ഉള്ളിടത്ത്‌വേണം എന്നതാണ്‌ ശാസ്‌ത്രം.

13 പടിപ്പുര പണിയുമ്പോള്‍

? പടിപ്പുരയുടെ സ്ഥാനം എവിടെയാണ്‌?


ഗൃഹം നില്‍ക്കുന്ന പറമ്പിന്‍െറ നാല്‌ അതിര്‍ത്തികളിലും വാസ്‌തുവിലേക്ക്‌ കയറുന്നതിനായി പടിപ്പുരകളുണ്ടാക്കാന്‍ വിധിയുണ്ട്‌. അതില്‍ പ്രധാനം കിഴക്കോട്ടുമുഖമായ പടിഞ്ഞാറ്റിപ്പുരയുടെ കിഴക്കേപടിപ്പുരക്കോ, അല്ലെങ്കില്‍ പടിഞ്ഞാറ്റി പ്രാധാന്യമായ നാലു കെട്ടുകളുടെ പടിഞ്ഞാറുവശത്തുള്ള പടിപ്പുരക്കോ ആണ്‌.

വാസ്‌തുപുരുഷ സങ്കല്‌പത്തില്‍ കിഴക്ക്‌ ഇന്ദ്രപദം, തെക്ക്‌ ഗൃഹക്ഷതപദം, പടിഞ്ഞാറ്‌ പുഷ്‌ പദന്തപദം, വടക്ക്‌ ഭല്ലാടപദം എന്നിങ്ങനെ നാലുപദങ്ങളുണ്ട്‌. വാസ്‌തുവിന്‍െറ കിഴക്കുവശത്തെ ഒട്ടാകെ ദീര്‍ഘത്തെ പദകല്‌പന അനുസരിച്ച്‌ ഒന്‍പതാക്കി ഭാഗിച്ച്‌ മദ്ധ്യപദത്തിന്‍െറ വടക്കുവശത്തുള്ള ഇന്ദ്രപദത്തിലാണ്‌ പടിപ്പുരയുടെ സ്ഥാനം. തെക്കേ അതിര്‍ത്തിയിലാണെങ്കില്‍ സ്ഥാനം മദ്ധ്യപദത്തിന്‍െറ കിഴക്കുവശത്തുവരുന്ന ഗൃഹക്ഷതപദത്തിലാണ്‌. പടിഞ്ഞാറ്‌ വശത്താണെങ്കില്‍ ഒമ്പതാക്കി ഭാഗിച്ചാല്‍ വരുന്ന മദ്ധ്യപദത്തിന്‍െറ തെക്കുവശത്തെ പുഷ്‌പദന്തപദത്തിലാണ്‌ പടിപ്പുരക്കുസ്ഥാനമുള്ളത്‌. അതുപോലെ വടക്ക്‌ അതിര്‍ത്തിയില്‍ ഒട്ടാകെയുള്ള ദീര്‍ഘത്തെ ഒമ്പതാക്കി ഭാഗിച്ചാല്‍ ലഭിക്കുന്ന മദ്ധ്യപദത്തിന്‍െറ പടിഞ്ഞാറുവശത്തുള്ള ഭല്ലാടപദത്തിലാണ്‌ സഞ്ചാരയോഗ്യമായ പ്രധാന പടിപ്പുരയുടെ ഉത്തമമായ സ്ഥാനം. ഇതുകൂടാതെ കിഴക്ക്‌, തെക്ക്‌, പടിഞ്ഞാറ്‌, വടക്ക്‌ ദിശകളില്‍ വരുന്ന പ്രധാനപടിപ്പുരയുടെ ഇരുവശങ്ങളിലും ചെറിയ രണ്ടുപടിപ്പുരകള്‍ കൂടി നിര്‍മ്മിക്കാന്‍ സ്ഥാനം ശാസ്‌ത്രത്തില്‍ പറയുന്നുണ്ട്‌.
സാധാരണയായി ഗൃഹം വെക്കാനെടുക്കുന്ന ദീര്‍ഘചതുരമോ, സമചതുരമോ ആയ ചെറിയ പറമ്പുകളില്‍ ശാസ്‌ത്രത്തില്‍ അനുശാസിക്കുന്ന വിധത്തില്‍ പടിപ്പുരനിര്‍മ്മാണത്തിന്‌ സ്ഥലപരിമിതി ഉണ്ട്‌. അതിനാല്‍ പടിപ്പുരയുടെ സ്ഥാനം നിശ്ചയിച്ച്‌ അവിടെ ഗേറ്റ്‌ വെക്കുകയാണ്‌ പതിവ്‌. അതായത്‌ കിഴക്കുവശത്ത്‌ റോഡുള്ള സ്ഥലത്തിന്‍െറ കിഴക്കേ ഭാഗത്ത്‌ പടിപ്പുരയോ, ഗേറ്റോവെക്കുമ്പോള്‍ സ്ഥലത്തിന്‍െറ കിഴക്കുവശത്തെ നീളത്തെ ഒമ്പതാക്കിഭാഗിച്ച്‌ വടക്കു കിഴക്കേ മൂലയില്‍ നിന്നും നാലാമത്തെ അംശത്തില്‍ അതായത്‌ ഒമ്പതില്‍ ഒന്നില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനം നിശ്ചയിക്കാം. വടക്കുകിഴക്കേ മൂലയില്‍ നിന്നും രണ്ടാമത്തെ ഒമ്പതില്‍ ഒന്നിലോ, എട്ടാമത്തെ ഒമ്പതില്‍ ഒന്നിലോ ഉപഗേറ്റുകളുടെ സ്ഥാനവും നിര്‍ണ്ണയിക്കാവുന്നതാണ്‌.

ഇതേ രീതിയില്‍ തെക്കുവശത്ത്‌വെക്കാവുന്ന ഗേറ്റിന്‍െറ സ്ഥാനമാണെങ്കില്‍ തെക്കുവശത്തെ ഒട്ടാകെയുള്ള ദീര്‍ഘത്തെ ഒമ്പതാക്കി ഭാഗിച്ച്‌ തെക്കുകിഴക്കേ മൂലയില്‍ നിന്നും നാലാമത്തെ ഒമ്പതില്‍ ഒന്നില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനവും തെക്കുകിഴക്കേമൂലയില്‍ നിന്ന്‌ രണ്ടാമത്തെ ഒമ്പതില്‍ ഒന്നിലോ, എട്ടാമത്തെ ഒമ്പതില്‍ ഒന്നാലോ ചെറിയ പടിപ്പുരയുടെ സ്ഥാനവും നിശ്ചയിക്കാവുന്നതാണ്‌.
പടിഞ്ഞാറ്‌വശത്തെ അതിര്‍ത്തിയില്‍ വെക്കുന്ന ഗേറ്റിന്‍െറ സ്ഥാനമാണെങ്കില്‍ ആ വശം അളന്നെടുത്ത ഒട്ടാകെ ദീര്‍ഘത്തെ ഒമ്പതാക്കി ഭാഗിച്ച്‌ തെക്കുപടിഞ്ഞാറെ മൂലയില്‍ നാലാമത്തെ ഒമ്പതില്‍ ഒന്നില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനവും രണ്ടാമത്തെയോ, ഒമ്പതാമത്തേയോ പദങ്ങളില്‍ ചെറിയ ഗേറ്റുകളുടെ സ്ഥാനവും നിര്‍ണ്ണയിക്കാവുന്നതാണ്‌.

വടക്കുവശത്ത്‌ ഗേറ്റുവെക്കുമ്പോള്‍ വാസ്‌തുവിന്‍െറ വടക്കേഭാഗത്തെ നീളത്തെ ഒമ്പതാക്കി ഭാഗിച്ച്‌ വടക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന്‌ നാലാമത്തെ പദത്തില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനവും രണ്ടാമത്തേയോ എട്ടാമത്തേയോ പദങ്ങളില്‍ ചെറിയ പടിപ്പുരയുടെ സ്ഥാനവും നിശ്ചയിക്കാവുന്നതാണ്‌. ഇപ്രകാരം വാസ്‌തുവിന്‍െറ മദ്ധ്യത്തില്‍ നിന്ന്‌ ഒരു പദം അപ്രദക്ഷിണമായി(ആന്‍റിക്ലോക്ക്‌വൈസ്‌) നീക്കി ഗേറ്റിന്‌ സ്ഥാനം നിശ്ചയിക്കുമ്പോള്‍ ഗേറ്റിന്‍െറ കാല്‌ വാസ്‌തുമദ്ധ്യത്തില്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്‌.

14 അടുക്കളയും വിശ്രമമുറിയും

? അടുക്കളയും വിശ്രമമുറിയും നിര്‍മ്മിക്കുന്ന സ്ഥാനം എവിടെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

കേരളീയ നാലുകെട്ട്‌ നിര്‍മ്മാണസമ്പ്രദായത്തില്‍ വടക്കിനിയിലോ, കിഴക്കിനിയിലോ ആണ്‌ അടുക്കളയ്‌ക്ക്‌ സ്ഥാനം കണക്കാക്കാറുള്ളത്‌. എന്നാല്‍ വടക്കിനിയില്‍ വിശ്രമമുറികള്‍ക്കും സ്ഥാനമുണ്ട്‌.

വാസ്‌തുശാസ്‌ത്രപ്രകാരം വടക്കിനിയെ സുഖാലയമായും കിഴക്കിനിയെ അന്നാലയമായും കണക്കാക്കുമ്പോള്‍ വടക്കുവശത്തുള്ള മുറികള്‍ സുഖമായി വിശ്രമിക്കുന്നതിനും കിഴക്കുവശത്തുള്ള മുറികള്‍ ഭക്ഷണം പാകംചെയ്യുന്നതിനും ഉപയോഗിക്കാം എന്നു സാരം.
ശാസ്‌ത്രരീത്യാ അടുക്കള ഗൃഹത്തിന്‍െറ വടക്കുവശത്തോ, കിഴക്കുവശത്തോ ആവാം എന്നു പറയുന്നതിന്‍െറ കാരണം നോക്കാം. പകല്‍സമയത്ത്‌ ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്ക്‌ കര്‍മ്മം ചെയ്യുന്നതിനുള്ള ഊര്‍ജ്ജം തരുന്നത്‌ കിഴക്കുവശത്ത്‌ ഉദിക്കുന്ന സൂര്യനാണ്‌. അതുപോലെ തന്നെ അസ്‌തമയത്തിന്‌ ശേഷം സൂര്യന്‍െറ അഭാവത്തില്‍ രാത്രിസമയത്ത്‌ വേണ്ടതായ ഊജ്ജം പ്രദാനം ചെയ്യുന്നത്‌ വടക്കുവശത്ത്‌ എന്ന്‌ കണക്കാക്കുന്ന സപ്‌തര്‍ഷികളുമാണ്‌. കര്‍മ്മംചെയ്യാന്‍ മനുഷ്യന്‌ ഭക്ഷണത്തില്‍ നിന്നാണ്‌ ഊര്‍ജ്ജം ലഭിക്കുന്നതെന്നതുകൊണ്ട്‌ കിഴക്കുവ
ശത്താണ്‌ അടുക്കളയ്‌ക്ക്‌ ഉത്തമമായ സ്ഥാനം.

ഗൃഹത്തെ ദീര്‍ഘചതുരമോ, സമചതുരമോ ആയി കണക്കാക്കുമ്പോള്‍ എല്ലാ വശങ്ങളേയും നാലാക്കി ഭാഗിച്ച്‌ ഒട്ടാകെ 12 രാശികളായി വിഭജിക്കാം. വടക്കുപടിഞ്ഞാറ്‌ ഭാഗം മുതല്‍ വരുന്ന ധനു, മകരം, കുംഭം, മീനം, മേടം, എടവം, മിഥുനം തുടങ്ങിയ ഏഴ്‌ രാശികളില്‍ അടുക്കളയുടെ ഉപയോഗങ്ങള്‍ നടത്താവുന്നതാണ്‌. അതായത്‌ വടക്കുപടിഞ്ഞാറ്‌ ഭാഗത്ത്‌ വരുന്ന വായുപദം മുതല്‍ വടക്കുകിഴക്കേ മൂലയായി കണക്കാക്കുന്ന ഈശാനപദവും തെക്കുകിഴക്കേ കോണ്‍ഉള്‍പ്പെടുന്ന അഗ്‌നനിപദവും വരെയുള്ള ഭാഗങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നതിന്‌ ഉപദേശയോഗ്യമാണ്‌.
പ്രധാനപുരയായി കണക്കാക്കുന്ന ദീര്‍ഘചതുരമോ, സമചതുരമോ, കഴിഞ്ഞ്‌, തെക്കുവശത്തേക്കോ, പടിഞ്ഞാറുവശത്തേക്കോ തള്ളിനില്‍ക്കുന്ന മുറികള്‍ അടുക്കളയുടെ ഉപയോഗത്തിന്‌ ആശാസ്യമല്ല.
വടക്കിനി സുഖാലയമായി കണക്കാക്കുന്ന രീതിയനുസരിച്ച്‌ വടക്കുവശത്തുള്ള വിശ്രമമുറിയായി ഉപയോഗിക്കാവുന്നതാണ്‌. സ്വീകരണമുറി, അതിഥികള്‍ക്കുള്ളമുറി എന്നിവ ഗൃഹം രൂപകല്‌പന ചെയ്യുമ്പോള്‍ വടക്കുവശത്താകുന്നത്‌ ഉത്തമമാണ്‌.

ശാസ്‌ത്രത്തില്‍, അടുക്കള വടക്കുവശത്ത്‌ അല്ലെങ്കില്‍ കിഴക്കുവശത്ത്‌ എന്ന്‌ രണ്ടുരീതിയില്‍ പറയുന്നതിന്‌ കാരണമുണ്ട്‌. വീട്‌ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കിടപ്പനുസരിച്ച്‌ വടക്കോട്ടുമുഖമായ തെക്കിനിപുരയും അതിനെ ത്രിശാല രൂപത്തിലാക്കുന്നതിന്‌ കിഴക്കിനിയും പടിഞ്ഞാറ്റിയും ബന്ധിപ്പിച്ച്‌ പണിയുമ്പോള്‍ ഈ ഗൃഹത്തിന്‌ വടക്കിനി എന്ന സങ്കല്‌പം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കിഴക്കിനിയിലാണ്‌ അടുക്കളയ്‌ക്ക്‌ സ്ഥാനം നിശ്ചയിക്കേണ്ടത്‌. അതുപോലെ കിഴക്കോട്ടുമുഖമായ പടിഞ്ഞാറ്റിപുരയും അതിനെ ത്രിശാലയാക്കുന്നതിന്‌ തെക്കിനിയും വടക്കിനിയും കൂട്ടിച്ചേര്‍ത്ത്‌ പണിയുമ്പോള്‍ കിഴക്കിനി എന്ന സങ്കല്‌പം ഇല്ലാതെ വരുന്നു. അതിനാല്‍ വടക്കിനിയില്‍ അഥവാ വടക്കുവശത്തുള്ള ഏതെങ്കിലും മുറിയിലാണ്‌ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കളവെക്കേണ്ടത്‌.

പണ്ടുകാലങ്ങളില്‍ ഏകശാലയോ, ത്രിശാലയോ, ചതുശ്ശാലയോ ആയി നിര്‍മ്മിക്കുന്ന ഗൃഹങ്ങളില്‍ വടക്കുകിഴക്കേ മൂലയില്‍ തന്നെ അടുക്കള പണിചെയ്‌ത്‌ കാണുന്നതിനുള്ള കാരണം കിണറിന്‍െറ സ്ഥാനം ഗൃഹത്തിന്‍െറ വടക്കുകിഴക്കുഭാഗത്തു മാത്രമാണെന്നുള്ളതുകൊണ്ടാണ്‌.
ഇപ്രകാരം വടക്കേവശത്തോ, കിഴക്കുവശത്തോ നിര്‍മ്മിക്കുന്ന അടുക്കളകളില്‍ വടക്കുപടിഞ്ഞാറോ, തെക്കുകിഴക്കോ അടുക്കളവരുമ്പോള്‍ കിഴക്കോട്ടു തിരിഞ്ഞുനിന്ന്‌ ഭക്ഷണം പാകം ചെയ്യുന്ന രീതിയാണ്‌ ഉത്തമം. വടക്കുവശത്തോ, കിഴക്കുവശത്തോ, വടക്കുകിഴക്കിനോട്‌ അടുത്തുകിടക്കുന്ന സ്ഥാനങ്ങള്‍ അടുക്കളയായി ഉപയോഗിക്കുമ്പോള്‍ വടക്കോട്ടോ, കിഴക്കോട്ടോ തിരിഞ്ഞ്‌ ഒരുപോലെ ഉത്തമമായി ഭക്ഷണം പാകം ചെയ്യേണ്ടതാണ്‌.

15 കിണറിന്‍െറ സ്ഥാനനിര്‍ണയം

? കിണര്‍, കുളം എന്നിവ എവിടെ നിര്‍മ്മിക്കാം? വീടിന്‍െറ ദര്‍ശനത്തിനനുസരിച്ച്‌ കിണറിന്‍െറ സ്ഥാനത്തിന്‌ മാറ്റം വരുമോ?


കിണര്‍, കുളം തുടങ്ങി വെള്ളം കെട്ടിനിര്‍ത്തുന്ന എന്തും വീടിന്‍െറ അല്ലെങ്കില്‍ വാസ്‌തുവിന്‍െറ വടക്കുവശത്തോ കിഴക്കുവശത്തോ ആണ്‌ ഉത്തമം.
ഗൃഹമില്ലാത്ത പറമ്പുകളാണെങ്കില്‍ പറമ്പിന്‍െറ വടക്കുകിഴക്കുമുതല്‍ മീനം, മേടം, എടവം തുടങ്ങി കുംഭം വരെ രാശിചക്രമനുചരിച്ച്‌ 12 ഭാഗങ്ങളാക്കി ഭാഗിച്ച്‌ കിഴക്കുവശത്ത്‌ കണക്കാക്കുന്ന മീനം, മേടം, എടവം രാശികളിലും വടക്കുവശത്ത്‌ കണക്കാക്കുന്ന മകരം, കുംഭം, മീനം രാശികളിലും ശാസ്‌ത്രപ്രകാരം കിണറിന്‌ സ്ഥാനം അഭികാമ്യമാണ്‌. എന്നാല്‍ വടക്കുപടിഞ്ഞാറെ മൂലയില്‍ കണക്കാക്കുന്ന ധനുരാശിയിലും തെക്കുകിഴക്കേ മൂലയായി കണക്കാക്കുന്ന മിഥുനം രാശിയിലും കിണറിന്‍െറ സ്ഥാനം വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ ഉത്തമമല്ല.

`മനുഷ്യാലയ ചന്ദ്രിക'യില്‍ കിണറിന്‍െറ സ്ഥാനത്തെപ്പറ്റി പ്രതിപാദിക്കുന്ന `നാരീക്ഷയം മാരുതേ' എന്നവസാനിക്കുന്ന ശ്ലോകത്തില്‍ വടക്കുപടിഞ്ഞാറ്‌ മൂലയായ മാരുതി പദത്തില്‍ (വായുകോണില്‍) കിണര്‍ വരുന്നത്‌ സ്‌ത്രീകള്‍ക്ക്‌ ദോഷമാണെന്നാണ്‌ ശാസ്‌ത്രം അനുശാസിക്കുന്നത്‌.
അതേ രീതിയില്‍ തെക്കുകിഴക്ക്‌ മൂലയായി കണക്കാക്കുന്ന മിഥുനം രാശി അല്ലെങ്കില്‍ അഗ്‌നനികോണും കിണറിന്‍െറ സ്ഥാനത്തിന്‌ ശാസ്‌ത്രപ്രകാരം ഉപദേശയോഗ്യമല്ല. സാധാരണയായി വടക്കോ, കിഴക്കോ അല്ലെങ്കില്‍ തെക്കുപടിഞ്ഞാറുഭാഗത്തോ കിണറിന്‌ സ്ഥാനം കാണുന്ന പതിവ്‌ നിലവിലുണ്ട്‌. എന്നാല്‍ വടക്കുവശത്തോ, കിഴക്കുവശത്തോ കിണറിന്‌ ധാരാളം യോഗ്യമായ സ്ഥാനങ്ങള്‍ പറയുന്നുണ്ടെങ്കിലും തെക്കുപടിഞ്ഞാറുഭാഗത്ത്‌ ശാസ്‌ത്രത്തില്‍ പറയുന്ന ഇന്ദ്രജിത്ത്‌ പദത്തില്‍ മാത്രമേ കിണറിനുസ്ഥാനമുള്ളൂ.

മേല്‍പ്പറഞ്ഞ ഇന്ദ്രജിത്ത്‌ പദം തന്നെ ശാസ്‌ത്രപ്രകാരം മധ്യമവുമാണ്‌. അതുകൊണ്ടുതന്നെ വീടിന്‍െറ തെക്കുപടിഞ്ഞാറുഭാഗത്ത്‌ വരുന്ന ഇന്ദ്രജിത്ത്‌പദത്തില്‍ കിണറിന്‌ സ്ഥാനം കണ്ടതിനുശേഷം ഗൃഹത്തിന്‌ തെക്കോട്ടോ, പടിഞ്ഞാട്ടോ മുറികള്‍ കൂട്ടിയെടുക്കു
വാന്‍ പാടുള്ളതല്ല.

പഴയരീതിയില്‍ കിണര്‍കുഴിച്ച്‌ വൃത്തമായി കെട്ടിപൊക്കുമ്പോള്‍ ഏറ്റവും അടിയില്‍ ചുറ്റളവുകണക്കാക്കി നെല്ലിപ്പടി ഇടുക പതിവാണ്‌. അതായത്‌ കിണറിന്‌ ചുറ്റളവ്‌ കണക്കാക്കേണ്ടത്‌ ഏറ്റവും അടിയില്‍ നെല്ലിപ്പടിയുടെ സ്ഥാനത്താണ്‌ മറിച്ച്‌ മുകളില്‍ വരുന്ന വൃത്ത (കിണറിന്‍െറ വായവട്ടം) ത്തിനല്ല.

കിണറിന്‌ പറഞ്ഞ സ്ഥാനങ്ങള്‍ തന്നെ കുളത്തിനും സ്വീകരിക്കാവുന്നതാണ്‌. എന്നാല്‍ 91 കോല്‍ ചുറ്റളവോ, അതില്‍ കൂടുതലോ ആയാല്‍ മാത്രമേ കുളം എന്നപേരില്‍ പറയാന്‍ സാധിക്കുകയുള്ളൂ. അതിലും ചെറിയ അളവിലുള്ളവയെ കൊക്കര്‍ണി എന്ന പേരിലാണ്‌ പറയപ്പെടുന്നത്‌.
വടക്കോട്ടുദര്‍ശനമായ തെക്കിനിപുരയായാലും കിഴക്കോട്ടുദര്‍ശനമായ പടിഞ്ഞാറ്റിപ്പുരയായാലും ചതുശ്ശാലകള്‍ അഥവാ നാലുകെട്ടുകളായാലും കിണറിന്‍െറ സ്ഥാനം മേല്‍പ്പറഞ്ഞ സ്ഥാനങ്ങളില്‍ മാത്രമാണ്‌. അതായത്‌ ഗൃഹത്തിന്‍െറ ദര്‍ശനത്തിനനുസരിച്ചോ, റോഡുവരുന്നതിനനുസരിച്ചോ കിണറിന്‍െറ സ്ഥാനത്തിന്‌ മാറ്റമില്ല.

16 തൊഴുത്തും പത്തായപ്പുരയും

? ഗോശാല, പത്തായപ്പുര, കളപ്പുര, ഉരല്‍പ്പുര എന്നിവയുടെ സ്ഥാനമെവിടെ?


വാസ്‌തുവിനെ അറുപത്തിനാലോ, എണ്‍പത്തിയൊന്നോ, നൂറോ കോഷ്‌ടങ്ങ (കള്ളികള്‍)ളായി തിരിക്കുമ്പോള്‍ അതില്‍ വരുന്ന ഓരോ കള്ളിയെയുമാണ്‌ പദം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ഗൃഹത്തിന്‌ സ്ഥാനം നിശ്ചയിച്‌? വാസ്‌തുവിനെ മേല്‍പ്പറഞ്ഞരീതിയില്‍ പദകല്‌പന ചെയ്‌ത്‌ കിഴക്കുവശത്ത്‌ ഇന്ദ്രന്‍, പര്‍ജ്ജന്യന്‍, ജയന്തന്‍, വിതഥന്‍, പൂഷാവ്‌ തുടങ്ങിയ പദങ്ങളിലും പടിഞ്ഞാറ്‌ വശത്ത്‌ വരുണന്‍, പുഷ്‌പദന്തന്‍, ദ്വാരപാലകന്‍, ഭൃംഗന്‍, ശോഷന്‍ എന്നീ പദങ്ങളിലും പശുക്കള്‍ക്കുള്ള ഗോശാല നിര്‍മ്മിക്കാവുന്നതാണ്‌. അതായത്‌ ഗൃഹത്തിന്‍െറ നേര്‍കിഴക്കോ, നേര്‍പടിഞ്ഞാറോ ഭാഗങ്ങളില്‍ ഗൃഹത്തിന്‍െറ കര്‍ണ്ണ
സൂത്രങ്ങളായ രജ്ജുക്കളെ മുറിച്ചുകടക്കാത്തരീതിയില്‍ വേണം ഗോശാലയ്‌ക്ക്‌ സ്ഥാനം നിശ്ചയിക്കുവാന്‍.

എന്നാല്‍ പോത്ത്‌, എരുമ തുടങ്ങിയ കന്നുകാലികള്‍ക്കുള്ള തൊഴുത്തിന്‌ പശുവിന്‍െറ തൊഴുത്തിനുപറയുന്ന സ്ഥാനങ്ങളിലും അതുപോലെ തെക്കുവശത്ത്‌ യമപദത്തിലും സ്ഥാനം കാണാവുന്നതാണ്‌. കിഴക്കുവശത്ത്‌ നിര്‍മ്മിക്കുന്ന ഗോശാലയാണെങ്കില്‍ പശു പടിഞ്ഞാറ്‌ തിരിഞ്ഞ്‌ ഗൃഹത്തിനഭിമുഖമായി നില്‍ക്കുന്ന രീതിയിലും പടിഞ്ഞാറുവശത്തുനിര്‍മ്മിക്കുന്ന ഗോശാലയാണെങ്കില്‍ പശു കിഴക്കുതിരിഞ്ഞ്‌ ഗൃഹത്തിലേക്ക്‌ നോക്കിനില്‍ക്കുന്ന രീതിയിലുമാവണം രൂപകല്‌പന ചെയ്യേണ്ടത്‌. ഗോശാലകളുടെ ചുറ്റളവുകണക്കാക്കുമ്പോള്‍ പടിഞ്ഞാറ്റിക്ക്‌ അനുയോജ്യമായ വൃഷഭയോനിയാണ്‌ ഉത്തമം. എന്നാല്‍ സിംഹയോനിയിലുള്ള ചുറ്റളവുകള്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. ഗൃഹത്തിന്‍െറ അങ്കണത്തിന്‍െറ തെക്കുഭാഗത്ത്‌ മധ്യം പ്രദക്ഷിണമായി ഗമനം വരുത്തി കളപ്പുര പണിചെയ്യാവുന്നതാണ്‌. അതായത്‌ കിഴക്കുവശത്ത്‌ മുറ്റമായി കൂടുതല്‍ സ്ഥലമുള്ള പടിഞ്ഞാറ്റിപ്പുരയാണ്‌ വെക്കുന്നതെങ്കില്‍ കിഴക്കേ മുറ്റത്തിന്‍െറ നേരെ തെക്കുവശത്ത്‌ വടക്കോട്ടുമുഖമായ കളപ്പുര നിര്‍മ്മിക്കാവുന്നതാണ്‌. വാസ്‌തുശാസ്‌ത്രപ്രകാരം ധാന്യഗൃഹമായി ഉപയോഗിക്കുമ്പോള്‍ ഉത്തമമായത്‌ മേല്‍പറഞ്ഞ തെക്കിനിയുടെ
സ്ഥാനമാണ്‌. അതുപോലെതന്നെ പടിഞ്ഞാറ്റിയുടെ സ്ഥാനത്തും ധനഗൃഹം, ധാന്യഗൃഹം എന്നിവ നിര്‍മ്മിക്കാവുന്നതാണ്‌.

ഭൂമിയുടെ കിടപ്പനുസരിച്ച്‌ വാസസ്ഥലമായി വടക്കോട്ടുമുഖമായ തെക്കിനിപ്പുരയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ വടക്കുവശത്തെ മുറ്റത്തിന്‍െറ നേരെ പടിഞ്ഞാറുവശത്ത്‌ കിഴക്കോട്ട്‌ അഭിമുഖമായ ധാന്യഗൃഹം അഥവാ കളപ്പുര നിര്‍മ്മിക്കാവുന്നതാണ്‌.
കളപ്പുരയായാലും പത്തായപ്പുരയായാലും അതിന്‍െറ ധര്‍മ്മം ധനധാന്യാദികള്‍ സൂക്ഷിക്കുന്നതാണ്‌ എന്നതുകൊണ്ട്‌ ഇവ രണ്ടിനും മേല്‍പ്പറഞ്ഞ സ്ഥാനങ്ങള്‍ അനുവദനീയമാണ്‌.
ഉരല്‍പ്പുര നിര്‍മ്മിക്കുന്നതിന്‌ വാസ്‌തുശാസ്‌ത്രത്തില്‍ വായുകോണില്‍ അഥവാ വടക്കുപടിഞ്ഞാറെ ഭാഗമാണ്‌ അഭികാമ്യം.

17 ഗൃഹപ്രവേശത്തിന്‌ സമയം നിശ്ചയിക്കുമ്പോള്‍

? ഗൃഹപ്രവേശത്തിന്‌ സമയം നിശ്ചയിക്കുന്നതെങ്ങനെ? പുരവാസ്‌തുബലി എന്നറിയപ്പെടുന്നതെന്ത്‌?

ഗൃഹനിര്‍മ്മാണം അവസാനിച്ചതിനുശേഷം കോണ്‍മാസങ്ങളായ മിഥുനം, കന്നി, ധനു എന്നീ മാസങ്ങളും കര്‍ക്കടകമാസവും ഒഴിച്ച്‌ ബാക്കി എട്ട്‌ മാസങ്ങളിലും ഗൃഹപ്രവേശനത്തിന്‌ സമയം നിശ്ചയിക്കാവുന്നതാണ്‌.

ഗൃഹനാഥന്‍െറയും നാഥയുടെയും നക്ഷത്രങ്ങള്‍ അനുസരിച്ച്‌ അഷ്‌ടമരാശിക്കൂറ്‌ വരാത്ത നക്ഷത്രദിവസമായിരിക്കണം നിശ്ചയിക്കേണ്ടത്‌. മുഹൂര്‍ത്തപദവിയില്‍ പറയുന്ന 16 ഊണ്‍ നാളുകളില്‍ ഏതെങ്കിലും ഒരു നക്ഷത്രമാണ്‌ സ്വീകരിക്കേണ്ടത്‌. ഈ നക്ഷത്രം ഗൃഹനാഥന്‍െറയോ, ഗൃഹനാഥയുടെയോ ജന്മനക്ഷത്രമാകാന്‍ പാടില്ലാത്തതാണ്‌. എന്നാല്‍ ജന്മമാസത്തില്‍ ഗൃഹപ്രവേശം നടത്തുന്നതില്‍ തെറ്റില്ല.

ഗൃഹപ്രവേശം നടത്തുവാന്‍ നിശ്ചയിച്ച ദിവസത്തിന്‍െറ തലേദിവസം പണിക്കാര്‍ക്ക്‌ സമ്മാനാദികള്‍ കൊടുത്ത്‌ അവരെ സന്തോഷിപ്പിച്ച്‌ വീട്‌ ഏറ്റുവാങ്ങണം. തലേദിവസം രാവിലെ വീടും പരിസരങ്ങളും അടിച്ചുവാരി മെഴുകി ശുദ്ധിവരുത്തിവെക്കണം. അന്ന്‌ രാത്രി ആചാര്യനായ തന്ത്രിയെക്കൊണ്ട്‌ വാസ്‌തുബലിയും പഞ്ചശിരഃസ്ഥാപനവും നടത്തേണ്ട താണ്‌.
ഒരു ഭൂമിയില്‍ ഗൃഹം വെച്ച്‌ താമസിക്കുമ്പോള്‍ ആ ഭൂമിയും വീടും നമുക്ക്‌ വാസയോഗ്യമാക്കിത്തീര്‍ക്കാന്‍ ഭൂമിയില്‍ വാസ്‌തുപുരുഷന്‍െറ ശരീരത്തില്‍ ഇരിക്കുന്നതായി സങ്കല്‌പിക്കപ്പെടുന്ന ബ്രഹ്മാദിദേവന്മാരെ പ്രീതിപ്പെടുത്തി അനുജ്ഞ വാങ്ങുന്ന കര്‍മ്മമാണ്‌ പുരവാസ്‌തുബലി.

ഗൃഹപ്രവേശദിവസം കാലത്ത്‌ ഉദയത്തിനുമുമ്പ്‌ ഗണപതിഹോമം നടത്തണം. മുഹൂര്‍ത്തത്തിനുമുമ്പേതന്നെ ഗൃഹം ശുചിയാക്കി പടിക്കലും പ്രധാനഗൃഹത്തിന്‍െറ പ്രധാന ദ്വാരങ്ങളിലും തോരണങ്ങള്‍ കെട്ടി അലങ്കരിച്ച്‌ കളഭം കലക്കി തളിക്കണം. കടുക്‌, മലര്‌, വെള്ളപ്പൂക്കള്‍ ഇവ ധാരാളം വിതറി അഷ്‌ടഗന്ധം, ചന്ദനത്തിരി മുതലായ സുഗന്ധദ്രവ്യങ്ങളെക്കൊണ്ട്‌ പുകയ്‌ക്കുകയുമാവാം. മുഹൂര്‍ത്തസമയമായാല്‍ ഗൃഹനായിക നിലവിളക്ക്‌ ഭദ്രദീപമായി കൊളുത്തി മുമ്പില്‍ നടക്കണം. പിറകിലായി കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും കൂടി ഭവനത്തെ പ്രദക്ഷിണം വെക്കണം. തുളസിത്തറയുണ്ടെങ്കില്‍ തുളസിത്തറയേയും പ്രദക്ഷിണം വെച്ച്‌ കിഴക്കോട്ടോ, പടിഞ്ഞാട്ടോ ദര്‍ശനമായി വലതുകാല്‍ വെച്ചായിരിക്കണം (പുരുഷന്മാര്‍) ഗൃഹത്തിലേക്ക്‌ പ്രവേശിക്കേണ്ടത്‌. എന്നാല്‍ സ്‌ത്രീകള്‍ ഇടതുകാല്‍ മുന്നില്‍വെച്ച്‌ പ്രവേശിക്കുവാനാണ്‌ ശാസേ്‌ത്രാപദേശം. നേരത്തെ ഗണപതിഹോമം കഴിച്ച ഹോമകുണ്ഡത്തിലെ തീയെടുത്ത്‌ അടുപ്പിലിട്ട്‌ പാല്‍കാച്ചണം. തിളപ്പിച്ചുവാങ്ങിയ പാല്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും കൊടുത്ത്‌ എല്ലാവരും കഴിക്കുക. വിറകടുപ്പ്‌ ഇല്ലാത്തപക്ഷം ഹോമകുണ്ഡത്തില്‍ തന്നെ പാല്‍ തിളപ്പിക്കാവുന്നതാണ്‌. തുടര്‍ന്ന്‌ ക്ഷേത്രത്തില്‍നിന്നു കൊണ്ടുവന്നതും ശേഖരിച്ചതുമായ ദേവന്‌ നിവേദിച്ച പായസാദികള്‍ എല്ലാവര്‍ക്കും കൊടുക്കാവുന്നതാണ്‌. അവരവരുടെ മതാചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്‌താലും മതിയാകും.

18 ദേവാലയ പരിസരത്ത്‌ വീട്‌ നിര്‍മ്മിക്കുമ്പോള്‍

? ഭവനം നിര്‍മ്മിക്കുന്നത്‌ ദേവാലയപരിസരത്തായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?


ദേവാലയങ്ങളുടെ അഥവാ ക്ഷേത്രങ്ങളുടെ പ്രാധാന്യംകൂടി കണക്കിലെടുത്തായിരിക്കണം ഗൃഹനിര്‍മ്മാണത്തിന്‌ ദേവാലയസാമീപ്യമുള്ള ഭൂമി തിരഞ്ഞെടുക്കേണ്ടത്‌. കുടുംബത്തിനനുസരിച്ച്‌ ആരാധിക്കുന്ന കുലദൈവങ്ങളുടെയോ, ധര്‍മ്മദൈവങ്ങളുടെയോക്ഷേത്രമാണെങ്കില്‍ മതില്‍ക്കെട്ടിനുള്ളില്‍മാത്രം ക്ഷേത്രപ്രാധാന്യം കണക്കാക്കിയാല്‍ മതിയാകും. മതില്‍ക്കെട്ടിനു പുറത്ത്‌ നാല്‌ വശത്തുമുള്ള പറമ്പുകള്‍ അവയുടെ കിടപ്പനുസരിച്ച്‌ ഗൃഹനിര്‍മ്മാണത്തിന്‌ സ്വീകരിക്കാവുന്നതാണ്‌.

ക്ഷേത്രങ്ങള്‍ ശ്രീകോവിലും അതിന്‍െറ പ്രാകാരമായ ചുറ്റമ്പലവുമുള്ളതാണെങ്കില്‍ അങ്ങനെയുള്ള ക്ഷേത്രങ്ങളുടെ സമീപത്ത്‌ വീടു വെയ്‌ക്കുമ്പോള്‍ പ്രധാനമായി നാല്‌ നടകളും തടസ്സംവരാത്ത രീതിയില്‍ ഒഴിച്ചിടേണ്ടതാണ്‌. സൗമ്യദേവന്മാര്‍, ഉഗ്രമൂര്‍ത്തികള്‍ എന്നിങ്ങനെ ദേവന്മാരെ രണ്ടാക്കി തിരിച്ചിട്ടുണ്ട്‌. വിഷ്‌ണു, ഭഗവതി, ഗണപതി തുടങ്ങിയ സൗമ്യദേവന്മാരുടെ ക്ഷേത്രമാണെങ്കില്‍ ആ ദേവന്‍െറ അല്ലെങ്കില്‍ ദേവിയുടെ മുന്‍വശത്തും വലതുവശത്തും ഗൃഹനിര്‍മ്മാണത്തിന്‌ ഉത്തമമായ സ്ഥാനങ്ങളാണ്‌. ഇടതുവശവും പിന്‍വശവും ഗൃഹനിര്‍മ്മാണത്തിന്‌ അധമസ്ഥാനങ്ങളുമാണ്‌. എന്നാല്‍ ഇടതു മുന്‍വശവും വലതു പിന്‍വശവും മിശ്രഫലദായകങ്ങളായും മധ്യമമായും കണക്കാക്കേണ്ടതാണ്‌.
ശിവന്‍, ഭദ്രകാളി തുടങ്ങിയ രൗദ്രമൂര്‍ത്തികളുടെ ക്ഷേത്രങ്ങളാണെങ്കില്‍ അവയുടെ വലതുവശവും മുന്‍വശവും ഗൃഹനിര്‍മ്മാണത്തിന്‌ യോഗ്യമല്ലാത്തതാണ്‌. ഇടതുവശവും പിന്‍വശവും വാസയോഗ്യമായ ഭൂമികളായി കണക്കാക്കുകയുമാവാം. അതേപോലെ മേല്‍പറഞ്ഞ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ ഇടതുമുന്‍വശം, വലതുപിന്‍വശം എന്നീ ദിക്കുകള്‍ മിശ്രഫലദായകങ്ങളും മദ്ധ്യമവുമായി കണക്കാക്കേണ്ടതാണ്‌.

ശാസ്‌താക്ഷേത്രങ്ങളെ രൗദ്രഭാവമുള്ള ദേവനായും സൗമ്യദേവനായും രണ്ടു രീതിയിലും കണക്കാക്കാറുണ്ട്‌. അതായത്‌ ഗൃഹനിര്‍മ്മാണത്തിന്‌ ഉദ്ദേശിക്കുന്ന ഭൂമിയുടെ നിരപ്പിനേക്കാള്‍ ഉയര്‍ന്ന നിരപ്പില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന അയ്യപ്പക്ഷേത്രമാണെങ്കില്‍ ആ ദേവന്‍ സൗമ്യദേവനായി കണക്കാക്കാം. അതേസമയം ഗൃഹനിര്‍മ്മാണത്തിന്‌ ഉദ്ദേശിക്കുന്ന ഭൂമി
യുടെ നിരപ്പിനേക്കാള്‍ താഴ്‌ന്ന നിരപ്പിലിരിക്കുന്ന അയ്യപ്പക്ഷേത്രമാണെങ്കില്‍ ആ ദേവന്‍ രൗദ്രമൂര്‍ത്തിയായും കണക്കാക്കേണ്ടതാണ്‌.

എല്ലാ അംഗങ്ങളോടും കൂടിയ പഞ്ചപ്രാകാരങ്ങളുള്ള പൂര്‍ണ്ണക്ഷേത്രമാണെങ്കില്‍ അതിന്‍െറ മതില്‍ക്കെട്ടിനുപുറത്ത്‌ മേല്‍പറഞ്ഞ നിയമമനുസരിച്ച്‌ ഭവനനിര്‍മ്മാണത്തിന്‌ സ്ഥാനം തിരഞ്ഞെടുക്കാവുന്നതാണ്‌. രണ്ടോ അതില്‍കൂടുതലോ നിലകളുള്ള ശ്രീകോവിലുകളാണെങ്കില്‍ അവയുടെ നടകള്‍ക്കുനേരെ തടസ്സമായി വരാതെയും ദേവീദേവപ്രാധാന്യമനുസരിച്ച്‌ സ്ഥാനനിര്‍ണ്ണയം നടത്തി രണ്ടു നിലയുള്ള ഗൃഹങ്ങളും രൂപകല്‌പനചെയ്യുകയോ പണിയുകയോ ചെയ്യാവുന്നതുമാണ്‌.
ക്ഷേത്രത്തിന്‍െറ അടുത്ത്‌ ക്ഷേത്രത്തിനേക്കാള്‍ ഉയരത്തില്‍ ഇരുനിലമാളിക പണിയാന്‍ പാടില്ലാത്തതാണ്‌. അത്‌ ദോഷം ചെയ്യുമെന്നാണ്‌ ശാസ്‌ത്രം. എന്നാല്‍ ക്ഷേത്രത്തിന്‍െറ ഉയരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ശ്രീകോവിലിന്‍െറ താഴികക്കുടം അടക്കമുള്ള ഉയരമാണ്‌. സ്‌തുപികാന്തം അടക്കം ഇരുപതടി ഉയരമുണ്ടെങ്കില്‍ പണിയുന്ന ഗൃഹത്തിന്‍െറ അല്‌പം ഉയരം കുറച്ചിട്ടായാലും രണ്ടുനില പണിയാന്‍ കഴിയുന്നതാണ്‌.
അമ്പലവാസികളായ വാരിയര്‍, നമ്പീശന്‍, മാരാര്‍, ശാന്തിക്കാര്‍ തുടങ്ങിയവര്‍ക്ക്‌ ദേവീ ദേവപ്രാധാന്യം കണക്കാക്കാതെ ക്ഷേത്രത്തിന്‍െറ ഏതു വശത്തായാലും ഗൃഹനിര്‍മ്മാണത്തിന്‌ അനുയോജ്യമാണ്‌. എന്നാല്‍തന്നെയും ക്ഷേത്രത്തിന്‍െറ നടകള്‍ ഒഴിവാക്കിത്തന്നെയാണ്‌ ഗൃഹനിര്‍മ്മാണം നടത്തിവരുന്നത്‌.

19 പറമ്പിനെ തിരിക്കുന്ന വീഥികള്‍

? പറമ്പിനെ തിരിക്കുന്ന വിവിധ വീഥികള്‍ ഏവ? ഇതെങ്ങനെയാണ്‌ കണക്കാക്കുന്നത്‌?


ഒരു വാസ്‌തുവില്‍ വീടിന്‍െറ സ്ഥാനം കാണുന്നതിന്‌ സമമായ നാലു ഖണ്ഡങ്ങളാക്കി വാസ്‌തുവിനെ തിരിച്ച്‌ അതില്‍ വടക്കുകിഴക്കേ ഖണ്ഡത്തിലോ, തെക്കുപടിഞ്ഞാറെ ഖണ്ഡത്തിലോ ഗൃഹം നിര്‍മിക്കുന്ന രീതിയാണ്‌ ഇതിനു മുമ്പ്‌ പറഞ്ഞത്‌. എന്നാല്‍ അതിലും വലിയ പറമ്പുകളാണെങ്കില്‍ (വാസ്‌തു) വീഥി കല്‌പനയനുസരിച്ച്‌ വീഥികള്‍ കണക്കാക്കി സ്ഥാനം നിശ്ചയിക്കുന്ന രീതിയും ചെയ്‌തുവരാറുണ്ട്‌.

സമചതുരശ്രമാക്കിയ വാസ്‌തുമദ്ധ്യത്തെ 18 സമഭാഗങ്ങളായി (കള്ളികള്‍) കല്‌പിക്കുമ്പോള്‍ ചുറ്റും ആവരണങ്ങളായി വീഥികളുണ്ടാകും. ഈ വീഥികള്‍ക്ക്‌ ഏറ്റവും പുറമെയുള്ള വീഥി മുതല്‍ വാസ്‌തുമധ്യത്തെ സമചതുരശ്രമാക്കിയ ഉള്ളിലെ വീഥിവരെ 1. പിശാചവീഥി, 2. ദേവവീഥി, 3. കുബേരവീഥി, 4 യമവീഥി, 5. നാഗവീഥി, 6. ജലവീഥി, 7. അഗ്‌നനിവീഥി, 8. ഗണേശവീഥി, 9. ബ്രഹ്മവീഥി എന്നീ പേരുകളിലാണ്‌ കണക്കാക്കുന്നത്‌. മേല്‍പറഞ്ഞ വീഥികളില്‍ പിശാചവീഥിയും യമവീഥിയും നാഗവീഥിയും അഗ്‌നനിവീഥിയും ഗൃഹനിര്‍മാണത്തിന്‌ നിന്ദ്യങ്ങളാണ്‌. ഈ വീഥികളില്‍ ഗൃഹം, ഉപഗൃഹം എന്നിവ നിര്‍മിക്കാന്‍ പാടില്ലാത്തതാണ്‌.
മേല്‍പറഞ്ഞ പ്രകാരം വാസ്‌തുവിന്‍െറ ദീര്‍ഘവിസ്‌താരങ്ങളെ 18 ആയി ഭാഗിച്ച്‌ അതില്‍ ഒരു ഭാഗമാണ്‌ വീഥികള്‍ക്ക്‌ വിസ്‌താരമായി കണക്കാക്കേണ്ടത്‌. ഇപ്രകാരം വീഥി നിശ്ചയിക്കുകയാണെങ്കില്‍ ഇതിന്‍െറ 18 ഇരട്ടി വിസ്‌താരം വാസ്‌തുവിനു വേണ്ടിവരുമല്ലോ. അതുകൊണ്ട്‌ ഈ ശാസ്‌ത്രതത്വം പറമ്പിന്‌ വിസ്‌താരം ധാരാളം ഉള്ളിടത്ത്‌ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ.

ഇപ്രകാരം വീഥികള്‍ക്ക്‌ വിസ്‌താരം നിശ്ചയിച്ച്‌ വീഥികള്‍ തരംതിരിച്ചതിനു ശേഷം അതിനുള്ളില്‍ വടക്കുകിഴക്കെ ഖണ്ഡത്തിലെ അല്ലെങ്കില്‍ തെക്കുപടിഞ്ഞാറെ ഖണ്ഡത്തിലെ ആദ്യം പറയുന്നതായ ബ്രഹ്മ, ഗണേശ വീഥികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന രീതിയില്‍ വീടുനിര്‍മാണം നടത്തേണ്ടതാണ്‌. എന്നാല്‍ പറമ്പ്‌ ചെറുതാണെങ്കില്‍ വീഥികല്‌പനയനുസരിച്ച്‌ സ്ഥാനം കണക്കാക്കുമ്പോള്‍ ബ്രഹ്മ, ഗണേശ വീഥികളില്‍ത്തന്നെ അവസാനിക്കുകയില്ല. ഇതിനടുത്തുള്ള അഗ്‌നനിവീഥി ഗൃഹനിര്‍മാണത്തിന്‌ വര്‍ജിച്ചിട്ടുള്ളതുമാണ്‌. ആയതിനാല്‍ അഗ്‌നനിവീഥിയില്‍ കൂടി വീടു കയറിവരുന്നതുകൊണ്ടുള്ള ദോഷം തീരുന്നതിനായി ജലവീഥിയില്‍ കൂടി കയറി നില്‍ക്കുന്ന രീതിയില്‍ വേണം ഗൃഹത്തിന്‌ സ്ഥാനം നിര്‍ണയിക്കാന്‍.
പറമ്പ്‌ ഇതിലും ചെറുതാണെങ്കില്‍ വീഥികല്‌പന തന്നെ ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ പറമ്പ്‌ ചുരുങ്ങുന്നതുപോലെ വീഥികളും ചെറുതാകുമല്ലോ. വീഥികള്‍ വളരെ ചെറുതാകുമ്പോള്‍ അവയെക്കൊണ്ടുള്ള ഗുണദോഷങ്ങളും കണക്കാക്കേണ്ടതില്ല.
ഗൃഹമുണ്ടാക്കുന്നതിനുള്ള വാസ്‌തുവിനെ നാലു ഖണ്ഡമാക്കുന്ന അവസരത്തില്‍ ഉത്തമമായി 33 ദണ്ഡ്‌ സമചതുരം ഉണ്ടായിരിക്കണം. 32 ദണ്ഡ്‌ സമചതുരം മധ്യമമായും 30 ദണ്ഡ്‌ സമചതുരം അധമമായും കണക്കാക്കാവുന്നതാണ്‌. അതായത്‌ ഇതിലും ചെറിയപറമ്പുകളാണെങ്കില്‍ വീഥികല്‌പനയനുസരിച്ചല്ല ഗൃഹത്തിന്‌ സ്ഥാനം നിശ്ചയിക്കേണ്ടത്‌.

20 രണ്ടാംനിലയിലെ മുറികള്‍ തെക്കോ പടിഞ്ഞാറോ ആകണം

? ഗൃഹത്തിന്‍െറ രണ്ടാം നിലയില്‍ മുറികള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


*രണ്ടാം നിലയില്‍ മുറികള്‍ എടുക്കുമ്പോള്‍ പ്രാധാന്യം തെക്കിനിക്കോ, പടിഞ്ഞാറ്റിക്കോ ആയതിനാല്‍ മുറികള്‍ തെക്കുവശത്തോ പടിഞ്ഞാറുവശത്തോ ആയിരിക്കണം. അതായത്‌ തുറസ്സായ സ്ഥലം വടക്കോ, കിഴക്കോ ആണ്‌ വേണ്ടത്‌. താഴത്തെ നിലയില്‍ പൂജാമുറിയുണ്ടെങ്കില്‍ അതിന്‍െറ മുകളില്‍ കിടപ്പുമുറികളോ സ്റ്റോര്‍ മുറിയോ വിശ്രമമുറിയോ വസ്‌ത്രം സൂക്ഷിക്കുന്ന മുറിയോ വരുന്നത്‌ ശാസ്‌ത്രപ്രകാരം അനുവദനീയമാണ്‌. എന്നാല്‍ ശൗചാലയം (ടോയ്‌ലറ്റ്‌) പൂജാമുറിയുടെ മുകളില്‍ വരാതിരിക്കുന്നതാണ്‌ ഉത്തമം.

രണ്ടാം നില എടുക്കുമ്പോള്‍ തെക്കോ പടിഞ്ഞാറോ ഭാഗം ഉയരണം എന്നും ശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും, തെക്കുപടിഞ്ഞാറെ ഭാഗത്തെ മേല്‍പ്പുരയ്‌ക്ക്‌ ഉയരം കൂട്ടുന്നതിനായി വാട്ടര്‍ ടാങ്കോ, അത്തരത്തിലുള്ള മറ്റ്‌ നിര്‍മ്മിതികളോ പണി ചെയ്യുന്നത്‌ വാസ്‌തുശാസ്‌ത്രപ്രകാരം നല്ല നടപടിയല്ല. അതുപോലെ രണ്ടാം നിലയുടെ മേല്‍പ്പുരയ്‌ക്ക്‌ മുകളില്‍ വാട്ടര്‍ ടാങ്കിന്‌ സ്ഥാനം പ്രത്യേകം കണക്കാക്കേണ്ടതില്ല. രണ്ടാം നിലയായി പണിയുമ്പോള്‍ തെക്കിനിയായാലും പടിഞ്ഞാറ്റിയായാലും അതിന്‍െറ രണ്ടിന്‍േറയും ഒരു ഭാഗമാണ്‌ തെക്കുപടിഞ്ഞാറെ ഭാഗം. അതുതന്നെയാണ്‌ തെക്കിനി പ്രാധാന്യമായ ഗൃഹമായാലും പടിഞ്ഞാറ്റി പ്രാധാന്യമായ ഗൃഹമായാലും തെക്കുപടിഞ്ഞാറെ മൂലയിലുള്ള മുറി ഉയര്‍ത്തണം എന്നു പറയുന്നതിന്‍െറ ശാസ്‌ത്രതത്ത്വം.
രണ്ടാം നിലയില്‍ മുറികള്‍ എടുക്കുമ്പോള്‍ തെക്കുവശത്തോ പടിഞ്ഞാറുവശത്തോ എടുക്കണം എന്നു നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും താഴത്തെ നില മുഴുവനായി മുകളിലേ ക്ക്‌ ഉയര്‍ത്തുന്നതില്‍ തെറ്റില്ല. അതായത്‌ തുറസ്സായ ഭാഗം ഉണ്ടാവണം എന്ന്‌ ശാസ്‌ത്രപ്രകാരം നിര്‍ബന്ധമില്ല.
അതുപോലെതന്നെ രണ്ടാം നിലയില്‍ മുറികള്‍ എടുക്കുന്നതിന്‌ ഭിത്തി പണിയുമ്പോള്‍ ആ ഭിത്തിഉയരം താഴത്തെ നിലയിലെ ഭിത്തിഉയരത്തേക്കാള്‍ കൂടുന്നത്‌ ശാസ്‌ത്രപ്രകാരം അനുവദനീയമല്ല. എന്നാല്‍ ചെരിച്ചുവാര്‍ത്ത്‌ മേല്‍പ്പുരയുണ്ടാക്കുമ്പോള്‍ ഭിത്തിഉയരമാണ്‌ അളവില്‍ കൂടാന്‍ പാടില്ലാത്തത്‌. മോന്തായത്തിലേക്കുള്ള ഉയരമല്ല, മനുഷ്യാലയങ്ങള്‍ക്ക്‌ ഉത്തരകീഴിലേക്കുള്ള ഉയരത്തിനാണ്‌ പ്രാധാന്യം. അതിനാലാണ്‌ ഭിത്തിഉയരം കണക്കാക്കിയാല്‍ മതിയാകും എന്നു പറയുന്നതിന്‍െറ തത്ത്വം.

താഴത്തെ നിലയില്‍ നിലവിലുള്ള മുറികളുടെ ഉള്‍ക്കണക്കുകളം ഒട്ടാകെ ഗൃഹത്തിന്‍െറ പുറം ചുറ്റളവുകളും പരിശോധിച്ച്‌ ഉത്തമമല്ലെങ്കില്‍ രണ്ടാംനില എടുക്കു മ്പോള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കണക്ക്‌ ഉത്തമമാക്കി മാറ്റാന്‍ കഴിയുന്നതാണ്‌.

21 സൂത്രങ്ങളെ ഗൃഹവാസ്‌തുവില്‍ കണക്കാക്കുന്നതെങ്ങനെ?

? ബ്രഹ്മ, യമ, കര്‍ണ്ണ, മൃത്യു സൂത്രങ്ങളെ ഗൃഹവാസ്‌തുവില്‍ കണക്കാക്കുന്നതെങ്ങനെ? ഇക്കാലത്ത്‌ 10 സെന്‍റ്‌, 15 സെന്‍റ്‌ ഭൂമികളില്‍ ഇവ കണക്കാക്കാനാകുമോ?

ഗൃഹം പണി ചെയ്യേണ്ട സ്ഥലം - ഭൂമി - സമചതുരമാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. (തെക്ക്‌വടക്കും കിഴക്ക്‌പടിഞ്ഞാറും കൃത്യമായി വരുന്നവിധം). മധ്യത്തില്‍ പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള രേഖയ്‌ക്ക്‌ ബ്രഹ്മസൂത്രമെന്നും മധ്യത്തില്‍ തെക്കുനിന്നും വടക്കോട്ടുള്ള രേഖയ്‌ക്ക്‌ യമസൂത്രമെന്നും പറയുന്നു. തെക്കുപടിഞ്ഞാറെ കോണില്‍നിന്നു വടക്കുകിഴക്കേ കോണിലേക്കുള്ള രേഖയ്‌ക്ക്‌ കര്‍ണ്ണസൂത്രമെന്നും വടക്കുപടിഞ്ഞാറെ കോണില്‍നിന്നു തെക്കുകിഴക്കോട്ടുള്ളതിന്‌ മൃത്യുസൂത്രമെന്നും പറയുന്നു.

ഇതുപ്രകാരം വാസ്‌തുവിനെ നാല്‌ ഖണ്ഡങ്ങളാക്കി വടക്കുകിഴക്കേ ഖണ്ഡത്തിലോ തെക്കുപടിഞ്ഞാറെ ഖണ്ഡത്തിലോ പുര വെയ്‌ക്കുകയാണെങ്കില്‍ മൃത്യസൂത്രവും യമസൂത്രവും ബ്രഹ്മസൂത്രവും തട്ടുന്നതല്ല. കര്‍ണ്ണസൂത്രം മാത്രമേ ഗൃഹത്തിലൂടെ പോകുകയുള്ളൂ. ആ സ്ഥാനങ്ങളില്‍ ദ്വാരങ്ങള്‍ വെയ്‌ക്കുകയാണ്‌ പതിവ്‌. അതായത്‌ കര്‍ണ്ണസൂത്രം ഗൃഹത്തിലൂടെ പോകാവുന്നതാണ്‌. മറ്റു സൂത്രങ്ങള്‍ പ്രത്യേകിച്ച്‌ യമ, മൃത്യുസൂത്രങ്ങള്‍ തട്ടാന്‍പാടില്ല.

ബ്രഹ്മസൂത്രം വരുന്ന സ്ഥലത്ത്‌ വാതിലോ, ജനാലയോ വെക്കുകയാണ്‌ പതിവ്‌. തെക്കുകിഴക്കേ ഖണ്ഡത്തിലോ വടക്കുപടിഞ്ഞാറെ ഖണ്ഡത്തിലോ പുര പണിചെയ്‌താല്‍ മൃത്യുസൂത്രം ഗൃഹത്തില്‍കൂടി കടന്നുപോകും. അതിനാലാണ്‌ ഈ രണ്ടു ഖണ്ഡത്തിലും പുര പണിയരുതെന്ന്‌ പറയുന്നത്‌. എന്നാല്‍ ഈ ഖണ്ഡങ്ങളില്‍ ഉപഗൃഹങ്ങളായ തൊഴുത്ത്‌, പത്തായപ്പുര, കയ്യാലപ്പുര തുടങ്ങിയവ പണി ചെയ്യാറുണ്ട്‌. എന്നാല്‍ മൃത്യുസൂത്രംതട്ടാത്തവിധത്തില്‍ വേണമെന്നുമാത്രം.
മേല്‍പ്പറഞ്ഞ സൂത്രങ്ങള്‍ക്കെല്ലാം വാസ്‌തുവിന്‍െറ വലിപ്പച്ചെറുപ്പമനുസരിച്ചാണ്‌ സൂത്രവണ്ണം നിശ്ചയിക്കുക. അതിനാല്‍ ചെറിയ വാസ്‌തുവാകുമ്പോള്‍ അതിന്‍െറ വണ്ണം വളരെ ചെറുതായിവരുന്നതിനാല്‍ അതിന്‍െറ ദോഷങ്ങള്‍ അനുഭവപ്പെടുന്നതല്ല. ആയതിനാല്‍ മേല്‍പ്പറഞ്ഞ സൂത്രങ്ങള്‍ ചെറിയ വാസ്‌തുവില്‍ മദ്ധ്യാങ്കണമായി പണി ചെയ്യുന്നതില്‍ കണക്കാക്കാറില്ല. ചെറിയ വാസ്‌തുവില്‍ വാസ്‌തുമധ്യത്തില്‍നിന്ന്‌ ഗൃഹമദ്ധ്യം അല്‌പം വടക്കുകിഴക്കോട്ടോ, തെക്കുപടിഞ്ഞാട്ടോ മാറ്റിയാണല്ലോ ഗൃഹം വെയ്‌ക്കുക. അപ്പോള്‍ ഗൃഹമധ്യവും വാസ്‌തുമധ്യവും തമ്മില്‍ വേധം വരുന്നതുമല്ല. അതുപോലെ ഗൃഹത്തിന്‍െറ കര്‍ണ്ണസൂത്രങ്ങളും വാസ്‌തുവിന്‍െറ കര്‍ണ്ണസൂത്രങ്ങളും തമ്മിലും വേധം വരാത്തവിധത്തില്‍ മനുഷ്യാലയത്തിന്‌ സ്ഥാനം നിശ്ചയിക്കേണ്ടതാണ്‌. അതുകൊണ്ടാണ്‌ചെറിയ വാസ്‌തുവില്‍ അഥവാ അഞ്ച്‌, പത്ത്‌ സെന്‍റില്‍ മേല്‍പറഞ്ഞ മൃത്യുസൂത്രം, ബ്രഹ്മസൂത്രം എന്നിവ ഒഴിവിടേണ്ടതില്ലെന്നു പറയുന്നത്‌. അത്തരം ഗൃഹങ്ങള്‍ക്ക്‌ ഗൃഹമധ്യസൂത്രത്തിനാണ്‌ പ്രാധാന്യം, ഗൃഹമദ്ധ്യസൂത്ര ത്തിലാണ്‌ തടസ്സങ്ങള്‍ വരാതെ ഒഴിവ്‌ ഉണ്ടാകേണ്ടത്‌.

ഗൃഹമദ്ധ്യവും കട്ടിളമദ്ധ്യവും ഒരേ രേഖയില്‍ വരുന്നതിനെയാണ്‌ വേധം എന്നുപറയുന്നത്‌. അതിനാല്‍ വാസ്‌തുമദ്ധ്യം, ഗൃഹമദ്ധ്യം, കട്ടിളമദ്ധ്യം, പടിപ്പുര, കിണര്‍, കളപ്പുര, തൊഴുത്ത്‌ മുതലായവയുടെ മദ്ധ്യങ്ങള്‍ ഒന്നും ഒരേ രേഖയില്‍ വരുവാന്‍ പാടുള്ളതല്ല.

22 ഫ്‌ളാറ്റ്‌ തിരഞ്ഞെടുക്കുമ്പോള്‍

? ഫ്‌ളാ റ്റുകള്‍ നിര്‍മ്മിക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


ഗൃഹത്തിന്‌ സ്ഥാനം കണക്കാക്കുന്നതുപോല ഫ്‌ളാറ്റ്‌ പണിയാനുദ്ദേശിക്കുന്ന ഒട്ടാകെ ഭൂമിയെ ദീര്‍ഘചതുരമോ, സമചതുരമോ ആയ ഒരു വാസ്‌തുവായി കണക്കാക്കി ദര്‍ശനവും സ്ഥാനവും നിശ്ചയിക്കാവുന്നതാണ്‌. വാസ്‌തുശാസ്‌ത്രത്തില്‍ ഗ്രാമം, പുരം, പത്തനം എന്നി ങ്ങനെ സ്ഥലത്തിന്‍െറ വിസ്‌തൃതിക്കനുസരിച്ച്‌ നഗരങ്ങളെ വേര്‍തിരിച്ച്‌ കണക്കാക്കാറുണ്ട്‌. ഇതില്‍ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ ശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്ന നിയമങ്ങള്‍ തന്നെയാണ്‌ ഫ്‌ളാറ്റ്‌ നിര്‍മ്മാണത്തിലും ഫ്‌ളാറ്റ്‌ തിരഞ്ഞെടുക്കുമ്പോഴും അനുവര്‍ത്തിക്കേണ്ടത്‌.

വാസ്‌തുശാസ്‌ത്രത്തില്‍ ഗ്രാമത്തിന്‍െറ രൂപകല്‌പന ചെയ്യുമ്പോള്‍ മധ്യത്തിലൂടെ കൃത്യം കിഴക്കുപടിഞ്ഞാറും തെക്കുവടക്കും രേഖകളില്‍ വീഥികള്‍ (വഴികള്‍) ഉണ്ടാക്കി മദ്ധ്യത്തിലോ, സ്ഥാനമനുസരിച്ച്‌ അതത്‌ കോണുകളിലോ ദേവാലയങ്ങള്‍ നിര്‍മ്മിക്കും. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ദേവാലയങ്ങള്‍ക്കു നേരെ നട ഒഴിച്ചിട്ട്‌ നടയുടെ രണ്ടുവശവും ഗൃഹങ്ങള്‍ പണി ചെയ്യാവുന്നതാണ്‌. അതായത്‌ കിഴക്കോട്ടു നടയായ ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ അതിന്‍െറ കിഴക്കേ നടയിലൂടെ നേരെ വഴിയുണ്ടാക്കി അതിനിരുവശങ്ങളിലും ഈ റോഡിലേക്ക്‌ മുഖമായി തെക്കോട്ടോ, വടക്കോട്ടോ മുഖമായി ചേര്‍ത്ത്‌ ചേര്‍ത്ത്‌ അഗ്രഹാരങ്ങള്‍ (ഗ്രാമങ്ങള്‍) പണിചെയ്യുന്ന രീതി നിലവിലുണ്ട്‌.
ഇപ്രകാരം വരുന്ന ഗൃഹങ്ങള്‍ക്കെല്ലാം അതിന്‍െറ പ്രധാന വാതില്‍ തെക്കുനിന്നു വടക്കോട്ടു പ്രവേശിക്കുന്ന രീതിയിലോ, വടക്കുനിന്നു തെക്കോട്ട്‌ പ്രവേശിക്കുന്ന രീതിയിലോ ആയിരിക്കും. ഓരോ ഫ്‌ളാറ്റ്‌ ിലേക്കും കടക്കുന്ന പ്രധാന വാതിലുകള്‍ തെക്കോട്ടോ, വടക്കോട്ടോ ആയതുകൊണ്ട്‌ വാസ്‌തുശാസ്‌ത്രപ്രകാരം ദോഷമില്ല എന്ന്‌ ഇതില്‍നിന്നു മനസ്സിലാക്കേണ്ടതാണ്‌. ശാസ്‌ത്രത്തില്‍ അനുശാസിക്കുന്ന മേല്‍പ്പറഞ്ഞ ഗ്രാമനിര്‍മ്മാണരീതിയില്‍ എല്ലാ ഗൃഹങ്ങള്‍ക്കും രണ്ട്‌ വശത്തും പൊതുവായ ഭിത്തികള്‍ മാത്രമാണ്‌ ഉണ്ടാവുക. ഫ്‌ളാറ്റ്‌ കളുടെ കാര്യത്തിലും രണ്ടു ഗൃഹങ്ങള്‍ക്കും പൊതുവായ ഭിത്തിയായിരിക്കുമല്ലോ. ഈ പ്രധാന ഘടകമാണ്‌ ഫ്‌ളാറ്റ്‌ നിര്‍മ്മാണരീതിയെ ഗ്രാമനിര്‍മ്മാണരീതിയുമായി ബന്ധപ്പെടുത്തി പറയുന്നതിനാധാരം.

്‌ള്‌ളാറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഓരോ ഫ്‌ളാറ്റിനെയും ദീര്‍ഘചതുരമോ, സമചതുരമോ ആയി കണക്കാക്കിയാല്‍ അതിന്‍െറ വടക്കുവശത്തോ, കിഴക്കുവശത്തോ ഉള്ള ഏതെങ്കിലും മുറിയിലായിരിക്കണം അടുക്കളയുടെ സംവിധാനമുണ്ടാകേണ്ടത്‌. അടുക്കളയുടെ സ്ഥാനത്തിന്‌ ്‌ള്‌ളാറ്റുകളിലായാലും വളരെ പ്രാധാന്യമുള്ളതുകൊണ്ട്‌ ്‌ള്‌ളാറ്റിന്‍െറ വടക്കുപടിഞ്ഞാറെ മൂല മുതല്‍ തെക്കുകിഴക്കേ മൂല വരെ വരുന്ന ഭാഗങ്ങളില്‍ ആയിരിക്കണം എന്നു നിര്‍ബ്ബന്ധമുണ്ട്‌.
ഫ്‌ളാറ്റിലുള്ള കിടപ്പുമുറികളില്‍ തലവെച്ചുകിടക്കേണ്ടത്‌ കിഴക്കോട്ടോ തെക്കോട്ടോ വരുന്ന രീതിയിലായിരിക്കണം. ഇതിനനുയോജ്യമായ വിധത്തിലാവണം കട്ടിലിന്‍േറയും മറ്റും ദിശ കണക്കാക്കേണ്ടത്‌.

ഫ്‌ളാറ്റ്‌ നിര്‍മ്മാണരീതിയില്‍ ഫ്‌ളാറ്റ്‌ ണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ സ്ഥലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ എല്ലാ ഫ്‌ളാറ്റുകളും അടങ്ങുന്ന വലിയ കെട്ടിടത്തിന്‍െറ സ്ഥാനം നിശ്ചയിക്കേണ്ടത്‌.ഫ്‌ളാറ്റിനെ മൊത്തമായി കണക്കാക്കുമ്പോള്‍ അതിന്‍െറ മദ്ധ്യസൂത്രം തടസ്സം വരാത്ത രീതിയില്‍ ഇരട്ടത്തൂണുകളായി വരുന്ന വിധം രൂപകല്‌പന ചെയ്യേണ്ടതാണ്‌.
ഫ്‌ളാറ്റ്‌ ്റുണ്ടാക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍െറ ദീര്‍ഘത്തിന്‍െറയോ, വിസ്‌താരത്തിന്‍െറയോ പത്തിലൊന്നോ, പന്ത്രണ്ടിലൊന്നോ സ്ഥലം അതിര്‍ത്തിയില്‍നിന്നു വിട്ടുനില്‍ക്കുന്ന പ്രകാരമാണ്‌ ഒട്ടാകെ ഫ്‌ളാറ്റിന്‍െറ ദീര്‍ഘവിസ്‌താരത്തെ നിശ്ചയിക്കേണ്ടത്‌.

23 പ്ലാന്‍ തയ്യാറാക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

? ഗൃഹരൂപകല്‌പനയില്‍ അഥവാ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ വാസ്‌തുശാസ്‌ത്രപ്രകാരം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഏവ?


ഭൂമിയുടെ ദീര്‍ഘവിസ്‌താരങ്ങളെയും വഴിയുടെ ദിശയെയും കണക്കിലെടുത്ത ശേഷമാണ്‌ ഗൃഹത്തിന്‍െറ പ്ലാന്‍ രൂപകല്‌പന ചെയ്യേണ്ടത്‌. ഗൃഹം പണിയാനുദ്ദേശിക്കുന്ന ഭൂമിയുടെ അതിര്‍ത്തികള്‍ കൃത്യം കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ആണോ എന്ന്‌ ആദ്യം പരിശോധിക്കേണ്ടതുണ്ട്‌.

ഇപ്രകാരം പരിശോധിച്ച ശേഷം ഏത്‌ അതിര്‍ത്തിയാണോ കൂടുതല്‍ ദിശയ്‌ക്കനുസൃതമായത്‌ അതിന്‌ സമാന്തരമായി രേഖകള്‍ വരച്ച്‌ അതിനുള്ളില്‍ ഒതുങ്ങാവുന്ന വലിപ്പത്തില്‍ ഒരു ദീര്‍ഘചതുരമോ സമചതുരമോ കണക്കാക്കണം.

ഇപ്രകാരം കണക്കാക്കി ദീര്‍ഘചതുരത്തിന്‍െറയോ സമചതുരത്തിന്‍േറയോ ഉള്ളില്‍ അതിന്‍െറ പിശാചവീഥി നാല്‌ വശത്തും ഒഴിച്ചിട്ട്‌ വേണം പണിയാനുദ്ദേശിക്കുന്ന ഗൃഹത്തിന്‍െറ ദീര്‍ഘവിസ്‌താരത്തെ നിശ്ചയിക്കാന്‍. ഇപ്രകാരം ദീര്‍ഘവിസ്‌താരം നിശ്ചയിക്കുമ്പോള്‍ വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ ദീര്‍ഘവിസ്‌താരങ്ങള്‍ തമ്മില്‍ കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവ്‌ (പെരിമീറ്റര്‍) ഉത്തമമായി സ്വീകരിക്കുന്നതാണ്‌ അഭികാമ്യം. അതുപോലെതന്നെ ഓരോ മുറിയുടേയും ഉള്‍ച്ചുറ്റളവുകള്‍ മുറിയുടെ പ്രാധാന്യമനുസരിച്ച്‌ ഉത്തമ, മധ്യമാധമങ്ങളായി സ്വീകരിക്കാവുന്നതാണ്‌.
പുതിയ സാങ്കേതികരീതികളനുസരിച്ച്‌ പ്ലാനുകള്‍ തയ്യാറാക്കുമ്പോള്‍ പ്രധാന മുറികളായ കിടപ്പുമുറി, സ്വീകരണമുറി, അടുക്കള തുടങ്ങിയവയുടെ ആകൃതി (ഷേപ്പ്‌) ശാസ്‌ത്രമ നുശാസിക്കുന്ന ചതുരം, സമചതുരം, എട്ടുപട്ടം തുടങ്ങിയവ സ്വീകരിക്കാവുന്നതാണ്‌. എന്നാല്‍ അഞ്ച്‌ കോണുകള്‍, ആറ്‌ കോണുകള്‍ തുടങ്ങിയവ വരുന്ന രീതിയിലോ ത്രികോണമായി വരുന്ന രീതിയിലോ പ്ലാനുകള്‍ രൂപകല്‌പന ചെയ്യുന്നത്‌ ശാസ്‌ത്രപ്രകാരം ഉത്തമമല്ല. മേല്‍പ്പറഞ്ഞ നിയമങ്ങള്‍ ഗൃഹത്തിന്‍െറ ഒട്ടാകെ ആകൃതിയിലും കണക്കിലെടുക്കേണ്ടതാണ്‌. അതായത്‌ ചുറ്റളവ്‌ ഉത്തമമായി നിശ്ചയിക്കാനും പറമ്പിനുള്ളില്‍ ഗൃഹത്തിന്‍െറ സ്ഥാനം ഉത്തമമായി നിര്‍ണ്ണയിക്കുന്നതിനും നേരിട്ടുള്ള വായുസഞ്ചാരത്തിനും ഗൃഹം ദീര്‍ഘചതുരമോ, സമചതുരമോ ആവുന്നതാണ്‌ നല്ലത്‌ എന്നു സാരം.
ഏകശാല സമ്പ്രദായമനുസരിച്ച്‌ വാസ്‌തുശാസ്‌ത്രപ്രകാരം കിഴക്കോട്ട്‌ ദര്‍ശനമായ പടിഞ്ഞാറ്റിപ്പുരയോ, വടക്കോട്ട്‌ ദര്‍ശനമായ തെക്കിനിപ്പുരയോ മാത്രം പണിചെയ്യാനാണ്‌ ശാസ്‌ത്രപ്രകാരം നിയമമുള്ളത്‌. അതുകൊണ്ടുതന്നെ പടിഞ്ഞാറുവശം റോഡുള്ള പടിഞ്ഞാറോട്ട്‌ മുഖമായി പണിചെയ്യുന്ന ഗൃഹത്തിന്‍െറ ദര്‍ശനം ശാസ്‌ത്രപ്രകാരം കണക്കാക്കേണ്ടത്‌ കിഴക്കോട്ടുതന്നെയാണ്‌. എന്നാല്‍ പടിഞ്ഞാറുവശത്തുനിന്നു ഗൃഹത്തിലേക്ക്‌ പ്രവേശിക്കാനോ, മുന്‍കാഴ്‌ച പടിഞ്ഞാറോട്ടായതുകൊണ്ടോ ശാസ്‌ത്രപ്രകാരം ദോഷമില്ല. അതുപോലെതന്നെ തെക്കുവശത്ത്‌ റോഡുള്ള, തെക്കോട്ടു മുന്‍കാഴ്‌ചയുള്ള ഗൃഹത്തിലേക്ക്‌ കയറുന്നത്‌ കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ ആക്കണം എന്ന തുമാത്രമാണ്‌ പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌.
ഗൃഹത്തിന്‍െറ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ തെക്കുവശത്തെ ഒട്ടാകെ നീളത്തില്‍ നടുവില്‍ `ധ' ടസമ്യവ ഇടവരുന്ന രീതിയിലോ പടിഞ്ഞാറുവശത്തെ ഒട്ടാകെ നീളത്തില്‍ നടുവില്‍ `ധ' ടസമ്യവ ഇട വരുന്നരീതിയിലോ ഒഴിവിട്ട്‌ (മുറ്റമായി ഒഴിച്ചിട്ട്‌) ഗൃഹരൂപകല്‌പന ചെയ്യുന്നത്‌ ശാസ്‌ത്രപ്രകാരം ഉപദേശയോഗ്യമല്ല. അതായത്‌ തെക്കിനി കൂടാത്ത (ഇല്ലാത്ത) ഗൃഹമോ പടിഞ്ഞാറ്റി ഇല്ലാത്ത ഗൃഹമോ നിര്‍മ്മിക്കരുത്‌ എന്ന്‌ സാരം.

24 പഴയവീടുള്ള വാസ്‌തുവില്‍ പുതിയത്‌ പണിയുമ്പോള്‍

? പഴയ വീട്‌ നില്‍ക്കുന്ന വാസ്‌തുവില്‍ പുതിയ വീടു പണിയുമ്പോള്‍ ശാസ്‌ത്രപ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


പഴയവീട്‌ സ്ഥാനത്തായിരിക്കുമല്ലോ. അതായത്‌ വടക്കുകിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌പടിഞ്ഞാറെ ഖണ്ഡത്തിലോ ആയിരിക്കും. ഇത്തരത്തില്‍ ഗൃഹം നില്‍ക്കുന്ന വാസ്‌തുവില്‍ത്തന്നെ പുതിയത്‌ പണിയുമ്പോള്‍, പഴയപുര വടക്കുകിഴക്കേ ഖണ്ഡത്തിലാണെങ്കില്‍ പുതിയ പുര തെക്കുപടിഞ്ഞാറെ ഖണ്ഡത്തില്‍ തന്നെ വേണം. അതായത്‌ ഒരേ പറമ്പില്‍ രണ്ടു പുരകള്‍ വരികയാണെങ്കില്‍ ഒന്ന്‌ തെക്കുപടിഞ്ഞാറെ ഖണ്ഡത്തിലും മറ്റേത്‌ വടക്കുകിഴക്കേ ഖണ്ഡത്തിലുമായിരിക്കണം.

എന്നാല്‍ വാസ്‌തു വേര്‍തിരിച്ചാണ്‌ ഗൃഹം വെയ്‌ക്കുന്നതെങ്കില്‍ പഴയപുര നില്‍ക്കുന്നതിന്‍െറ ബാക്കിയുള്ള സ്ഥലത്ത്‌ വാസ്‌തുശാസ്‌ത്രപ്രകാരം യോജിക്കുന്ന സ്ഥലം കണ്ടെത്തേണ്ടതുണ്ട്‌. പഴയപുര സ്ഥാനത്തുവരുന്ന വിധത്തിലുമാകണം. ചിലപ്പോള്‍ സ്ഥാനം ശരിയാക്കുവാന്‍ വേണ്ടി ഒരു അതിരുകൂടി ഇട്ട്‌ ബാക്കിപറമ്പ്‌ പുറന്തള്ളേണ്ടിവരും. അതായത്‌ ഒരു ഭാഗം മുറിഞ്ഞുപോയാല്‍ ബാക്കിവരുന്ന വാസ്‌തുവിന്‍െറ തെക്കുപടിഞ്ഞാറെ ഭാഗത്തോ, വടക്കുകിഴക്കേ ഭാഗത്തോ കെട്ടിടം വരുന്നവിധം വാസ്‌തു വേര്‍തിരിക്കേണ്ടിവരും. ഇത്തരത്തില്‍ തിരിക്കുമ്പോള്‍ വാസ്‌തുബലി ചെയ്യേണ്ടതും ആവശ്യമാണ്‌. പുതുതായി വേര്‍തിരിച്ചെടുത്ത വാസ്‌തുവില്‍ തെക്കുപടിഞ്ഞാറെ ഭാഗത്തോ, വടക്കുകിഴക്കേ ഭാഗത്തോ പുര വെക്കുന്നവിധം സ്ഥാനം നിശ്ചയിക്കാവുന്നതാണ്‌.
മേല്‍പ്പറഞ്ഞവിധം വരുമ്പോള്‍ ഗേറ്റിന്‍െറ സ്ഥാനവും ചിലപ്പോള്‍ മാറ്റേണ്ടിവരും. എന്തെന്നാല്‍ ഒട്ടാകെ വാസ്‌തുവിനെ കണക്കാക്കിയായിരിക്കും നേരത്തെ ഗേറ്റ്‌ വെച്ചിരിക്കുക. ഇത്തരത്തില്‍ മാറുമ്പോള്‍ അതത്‌ വാസ്‌തുവിനനുസരിച്ച്‌ ഗേറ്റിന്‍െറ സ്ഥാനം പുനര്‍നിശ്ചയിക്കേണ്ടിവരും. അതുപോലെ തന്നെകിണര്‍ മുതലായ ജലാശയങ്ങളും വേണ്ടവിധം സ്ഥാനത്ത്‌ വരത്തക്കരീതിയില്‍ ചെയ്യേണ്ടതാണ്‌.

പുതിയ ഗൃഹം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വാസ്‌തുവില്‍ (പറമ്പില്‍) നിലവിലൊരു ഗൃഹം ഉണ്ടെങ്കില്‍ ആ ഗൃഹത്തിന്‍െറ ദിശ കൃത്യം കിഴക്കുപടിഞ്ഞാറോ, തെക്കുവടക്കോ ആണോ എന്നു പരിശോധിച്ചതിനുശേഷം വേണം സ്ഥാനനിര്‍ണ്ണയം നടത്താന്‍. നിലവിലുള്ള ഗൃഹം ദിക്കിനനുസരിച്ച്‌ കൃത്യമാണെങ്കില്‍ ആ ഗൃഹത്തിന്‌ സ്ഥാനദോഷം വരാത്തരീതിയില്‍ ഭൂമിയുടെ കിടപ്പനുസരിച്ച്‌ അതിരിട്ട്‌ വാസ്‌തുതിരിക്കണം. ബാക്കിയുള്ള സ്ഥലത്ത്‌ ദീര്‍ഘചതുരമോ, സമചതുരമോ ആയ ഒരു വാസ്‌തു കണക്കാക്കേണ്ടതുണ്ട്‌. അതിനുള്ളില്‍ ഏറ്റവും കുറഞ്ഞത്‌ നാലുവശത്തുനിന്നും പിശാചവീഥി ഒഴിവാക്കി ശാസ്‌ത്രപ്രകാരം സ്ഥലത്തിനും ഗൃഹത്തിനും യോജിക്കാവുന്ന ചുറ്റളവ്‌ തിരഞ്ഞെടുത്ത്‌ ദര്‍ശനം ശരിയാക്കിവേണം പുതിയ ഗൃഹനിര്‍മ്മാണം നടത്താന്‍.

ഇപ്രകാരം തിരഞ്ഞെടുത്ത സ്ഥലത്തിന്‌ ഭൂമിപരമായ ശ്‌മശാനദോഷമോ, മറ്റു ദോഷങ്ങളോ ഇല്ലെന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌.

25 വീടുണ്ടാക്കുമ്പോള്‍ അളവുകള്‍ക്കുള്ള പ്രാധാന്യം

? അളവു പ്രമാണം എന്നാലെന്ത്‌? പുതിയ ഗൃഹം നിര്‍മ്മിക്കുമ്പോള്‍ അതില്‍ അളവുകള്‍ക്കുള്ള പ്രാധാന്യം?

വാസ്‌തു, ഗൃഹം എന്നെല്ലാം കണക്കാക്കുമ്പോള്‍ ഒരു രൂപം-ആകൃതി-വേണമല്ലോ. രൂപവും ആകൃതിയും ആവണമെങ്കില്‍ നിശ്ചിത അളവുകള്‍ വേണം. അതിനാലാണ്‌ അളവുകള്‍ക്ക്‌ പ്രാധാന്യമേറുന്നത്‌. മൂന്നുതരത്തില്‍ അളവുകളെ തീരുമാനിക്കാം.

1. പുരുഷപ്രമാണം- പുരുഷന്‍െറ ഉയരം, ഉയരത്തിന്‍െറ ഹ ഒരു പദം. ആ ഒരു പദത്തിന്‍െറ ഹ വിരല്‍ (അംഗുലം). ആ വിരലിന്‍െറ ഹ ഒരു യവം.
2. ഏറ്റവും ചെറുത്‌ പരമാണു. ആയതിനാല്‍ എട്ട്‌ പരമാണു-ഒരു ത്രസരേണു. എട്ട്‌ ത്രസരേണു-ഒരു രോമാഗ്രം. എട്ട്‌ രോമാഗ്രം-ഒരു ലീക്ഷ. എട്ട്‌ ലീക്ഷ- ഒരു യൂകം. എട്ട്‌ യൂകം- ഒരു യവം.
3. യവം എന്ന ധാന്യത്തിന്‍െറ വിസ്‌താരം-ഒരു യവം. അങ്ങനെ എട്ട്‌ യവമായാല്‍ ഒരു വിരല്‍ (അംഗുലം). 24 അംഗുലം-ഒരു കോല്‍.
പുരുഷപ്രമാണം പലതരത്തില്‍ വരുന്നതിനാല്‍ സ്വീകരിക്കുവാന്‍ അല്ലെങ്കില്‍ യോജിച്ചുവരുവാന്‍ വിഷമമാണ്‌. പരമാണുവില്‍ നിന്നെടുക്കുവാനും സാധ്യമല്ല. അതിനാല്‍ മാറ്റമില്ലാതെ വരുന്നത്‌ ധാന്യങ്ങളായതിനാല്‍ ധാന്യം അല്ലെങ്കില്‍ യവം കണക്കാക്കുന്നതാണ്‌ കൂടുതല്‍ യോജിക്കുക. ഇതാണ്‌ ശാസ്‌ത്രതത്ത്വം.

പലതരത്തിലുള്ള വിരല്‍ (അംഗുലം) പറയുന്നുണ്ടെങ്കിലും എന്തിനും ഏതിനും എട്ട്‌ യവം = ഒരു അംഗുലം (വിരല്‍). 24 വിരല്‍- ഒരു കോല്‍ (12 വിരല്‍ ഒരു വിതസ്‌തി). നാല്‌കോല്‍-ഒരു ദണ്ഡ്‌. 2000 ദണ്ഡ്‌ ഒരു ഖവ്യൂതം അഥവാ കാതം. അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്നാണല്ലൊ പറയുന്നത്‌. 1000 ദണ്ഡ്‌ സുമാര്‍ 2.88 കി.മീ. ആണ്‌.
8000 ദണ്ഡ്‌ ഒരു യോജന (23.04 കി.മീ). സൂര്യനിലേക്ക്‌ 14 ലക്ഷം യോജനയാണ്‌ ദൂരമെന്ന്‌ പൂര്‍വികര്‍ കണക്കാക്കിയിരിക്കുന്നു.
സൗരയൂഥത്തില്‍ സൂര്യന്‍ മദ്ധ്യത്തിലായി സങ്കല്‌പിക്കുന്നതിനാല്‍ സൗരയൂഥമായ ഗോളത്തിന്‍െറ വ്യാസം 28 ലക്ഷം യോജനയാകുന്നു. സൂര്യനിലേക്കുള്ള ദൂരം (23.04 ത 14 ലക്ഷം യോജന) - 322.56 ലക്ഷം കി.മീ. ആണ്‌.

പുതിയതായാലും പഴയതായാലും അളവുണ്ടെങ്കില്‍ മാത്രമേ ആകൃതിയുണ്ടാവുകയുള്ളൂ. 10 കോല്‍ ദീര്‍ഘം, എട്ട്‌കോല്‍ വിസ്‌താരം എന്നു പറഞ്ഞാല്‍ മുറിയായി. അതുപോലെ എട്ടുകോല്‍ വ്യാസമുള്ള വൃത്തം എന്നു പറഞ്ഞാല്‍ മാത്രമേ വൃത്തമായ ആകൃതിയാവുകയുള്ളൂ. നാല്‌കോല്‍ ഉയരം എന്നു പറഞ്ഞാലേ അതിന്‍െറ ആകൃതി പൂര്‍ണ്ണമാകുകയുള്ളൂ. അതുപോലെ വാസ്‌തുവിന്‌ ദീര്‍ഘവിസ്‌താരം പറഞ്ഞില്ലെങ്കില്‍ നിശ്ചിതദണ്ഡ്‌ സമചതുരം എന്നു പറഞ്ഞാല്‍ മാത്രമേ ആകൃതി നിശ്ചയിക്കുവാന്‍ സാധിക്കൂ. എല്ലാം അളവുകളെക്കൊണ്ട്‌ നിര്‍ണ്ണയം വരുന്നതിനാലാണ്‌ അതിന്‌ വാസ്‌തുശാസ്‌ത്രത്തില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്‌.

26 വാസ്‌തുവിനെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍

? ആയാദിഷഡ്‌വര്‍ങ്ങള്‍ ഏവ? അവയുടെ പ്രാധാന്യം എന്ത്‌?

ആയം, വ്യയം, യോനി, നക്ഷത്രം, തിഥി, കരണം എന്നിവയാണ്‌ ആയാദിഷഡ്‌വര്‍ങ്ങള്‍.
ആയം എന്നാല്‍ വരവ്‌ എന്നര്‍ത്ഥം. വ്യയം -ചെലവ്‌, യോനി-ചുറ്റളവിനെ പ്രതിനിധാനം ചെയ്യുന്ന കണക്ക്‌, നക്ഷത്രം- നക്ഷത്രവും തിഥി, കരണം എന്നിവ ജ്യോത്സ്യത്തിലെ സൂചനകളുമാണ്‌.
അളവുകള്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ ആ അളവിന്‍െറ ഗുണദോഷങ്ങള്‍, അതായത്‌ ഏത്‌ ദിക്കിലേക്ക്‌ യോജിച്ചതാണെന്നും മറ്റും തീര്‍ച്ചപ്പെടുത്തി സ്വീകരിക്കണം. അതിന്‌ ആദ്യമായി വാസ്‌തുവിനെ എട്ട്‌ ഭാഗം (ഗ്രൂപ്പ്‌) ആക്കി തിരിക്കുകയാണ്‌ ചെയ്യുന്നത്‌.

1. കിഴക്ക്‌, 2 തെക്ക്‌- കിഴക്ക്‌, 3. തെക്ക്‌, 4. തെക്ക്‌-പടിഞ്ഞാറ്‌, 5. പടിഞ്ഞാറ്‌, 6. വടക്ക്‌ -പടിഞ്ഞാറ്‌, 7. വടക്ക്‌ 8. വടക്കുകിഴക്ക്‌ എന്നിങ്ങനെയാകുന്നു. അളവിനാലാണ്‌ ഇത്‌ നിശ്ചയിക്കേണ്ടതെന്നതിനാല്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന ചുറ്റളവിനെ മൂന്നില്‍ പെരുക്കി എട്ടില്‍ ഹരിച്ചാല്‍ ഒന്നുമുതല്‍ എട്ടുവരെ വരുന്ന ശിഷ്‌ടങ്ങളെക്കൊണ്ട്‌ കിഴക്കാദിയായി പറയുന്ന ദിക്കുകളെ സൂചിപ്പിക്കുന്നതായി കണക്കാക്കണം. അതായത്‌ ആ ദിക്കില്‍ ഉത്ഭവിച്ച ചുറ്റളവായി സങ്കല്‌പിക്കപ്പെടുന്നു.

ഇപ്രകാരം കണക്കാക്കുമ്പോള്‍ ശിഷ്‌ടം 1,3,5,7 എന്നിങ്ങനെ വരുമ്പോള്‍ ഒന്ന്‌ എന്നതുകൊണ്ട്‌ കിഴക്കിനിയെ പ്രതിനിധീകരിക്കുന്നതായാണ്‌ കണക്കാക്കുന്നത്‌. മൂന്ന്‌ തെക്കിനിയേയും അഞ്ച്‌ പടിഞ്ഞാറ്റിയേയും ഏഴ്‌- വടക്കിനിയേയും പ്രതിനിധീകരിക്കുന്നതായി സങ്കല്‌പിക്കുന്നു. ഇവയ്‌ക്ക്‌ ക്രമത്തില്‍ ഏകയോനി (ധ്വജയോനി), ത്രിയോനി (സിംഹയോനി), പഞ്ചയോനി (വൃഷഭയോനി), സപ്‌തയോനി (ഗജയോനി) എന്ന പേരുകളില്‍ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. ഇവ പ്രധാനപ്പെട്ട ദിക്കുകളെ സൂചിപ്പിക്കുന്നു. പിന്നെ വരുന്ന നാല്‌ വിദിക്കുകളെ (കോണ്‍തിരിഞ്ഞ) സൂചിപ്പിക്കുന്നതായ തെക്കുകിഴക്കു തുടങ്ങി 2,4,6,8 എന്ന സംഖ്യകള്‍ ശിഷ്‌ടങ്ങളായി വരുന്നതാണ്‌. ഇവ വര്‍ജ്ജ്യവുമാണ്‌.
മേല്‍പറഞ്ഞ പ്രകാരം ഒരു ചുറ്റ്‌ ഉത്ഭവിച്ചു കഴിഞ്ഞാല്‍ (ജനിച്ചു കഴിഞ്ഞാല്‍) ജാതകത്തിലെന്നപോലെ നക്ഷത്രം, തിഥി, കരണം, ആഴ്‌ച മുതലായ പഞ്ച അംഗങ്ങളും കൂടാതെ ആയം, വ്യയം, യോനി, വയസ്സ്‌ തുടങ്ങിയ ഷഡ്‌വര്‍ങ്ങളും കണക്കാക്കുന്നു. എട്ടില്‍ പെരുക്കി 27 ല്‍ ഹരിച്ചാല്‍ ശിഷ്‌ടം ഒന്നു മുതല്‍ 27 വരെ അശ്വതി മുതലായ നക്ഷത്രങ്ങളേയും എട്ടുകൊണ്ടു ഗുണിച്ച്‌ 27 ല്‍ ആക്കുമ്പോള്‍ കിട്ടുന്ന ഹരണഫലം വയസ്സിനേയും പ്രതിനിധീകരിക്കുന്നു.

അതുപോലെതന്നെ ചുറ്റിനെ മൂന്നില്‍ പെരുക്കി 14 കൊണ്ട്‌ ഹരിച്ചാല്‍ ശേഷിക്കുന്നത്‌ വ്യയവും എട്ടില്‍ പെരുക്കി 12 കൊണ്ട്‌ ഹരിച്ചാല്‍ ശേഷിക്കുന്നത്‌ ആയവും ആയി കണക്കാക്കേണ്ടതാണ്‌. ഇപ്രകാരം ഭൂമിയെ- വാസ്‌തുവിനെ നിയന്ത്രിക്കുന്ന പല ഘടകങ്ങളേയും കണക്കാക്കുകയാണ്‌ ചെയ്യുന്നത്‌. ഇവയില്‍ ഏതെല്ലാം ഘടകങ്ങള്‍ ചേരുമ്പോഴാണ്‌ കൂടുതല്‍ ഗുണകരമായി വരുവാന്‍ സാദ്ധ്യതയുള്ളത്‌ എന്ന്‌ തീര്‍ച്ചപ്പെടുത്തി സ്വീകരിക്കേണ്ടതാണ്‌.

എന്തെന്നാല്‍ സൂര്യനാണ്‌ സൗരയൂഥത്തിലെ എല്ലാ ഘടകങ്ങളെയും നിയന്ത്രിക്കുന്നതെങ്കില്‍ ഭൂമിയെയും അങ്ങനെ തന്നെയാകുമല്ലോ. അപ്പോള്‍ ഭൂമിയും അവയോടെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ്‌ ഇപ്രകാരമുള്ള ഭൂമിയില്‍ നിര്‍മ്മിക്കുന്ന ഗൃഹങ്ങള്‍ക്കും മേല്‍പ്പറഞ്ഞവയെല്ലാം സ്വാധീനിക്കുന്നുണ്ടെന്ന നിഗമനത്തിലെത്തുന്നത്‌.

27 വീടും മനുഷ്യദേഹവും

? വീടും മനുഷ്യശരീരവും തമ്മിലുള്ള ബന്ധം എന്ത്‌?

``അമര്‍ത്യാശ്ചൈവ, മര്‍ത്ത്യാശ്ച
യത്ര യത്ര വസന്തി ഹി, തദ്‌വാസ്‌തു''
സംസ്‌കൃതത്തില്‍ `വസ്‌ 'ധാതുവിന്‍െറ അര്‍ത്ഥം വസിക്കുക എന്നതാണ്‌. വസിക്കുന്നതേതോ -അത്‌ വാസ്‌തു. അതായത്‌ വാസ്‌തു എന്നത്‌ ഭൂമി തന്നെ. അങ്ങനെയെങ്കില്‍ വാസ്‌തു ഭൂമിയുടെ ഒരു ദാനമാണ്‌. വാസ്‌തുവില്‍ ഭൂമിയുടേതടക്കമായ പഞ്ചഭൂതങ്ങളുടെ ചൈതന്യം (ജീവന്‍) ഉണ്ട്‌. ആ ജീവത്വം നാം കാണുന്നത്‌-അനുഭവിക്കുന്നത്‌ മനുഷ്യസ്വരൂപത്തിലൂടെയാണ്‌. അതിനാല്‍ വാസ്‌തു, ഗൃഹം എന്നിവ ജീവനുള്ള പുരുഷനായി അഥവാ വാസ്‌തു പുരുഷമണ്ഡലമായി കണക്കാക്കുന്നു.
ഭൂമിയില്‍ കാണപ്പെടുന്നത്‌ വെള്ളം-ദ്രവരൂപം, വൃക്ഷങ്ങള്‍ നേരെ നില്‍ക്കുന്നത്‌-ഉറപ്പുള്ളത്‌, മണ്ണ്‌-കൂട്ടിപ്പിടിച്ചു നില്‍ക്കുന്നത്‌, പലവിധം നിറങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കാക്കിയാല്‍ അവതന്നെയാണ്‌ ചൈതന്യമുള്ള പുരുഷരൂപത്തിലും കാണുക.

അവയെല്ലാം സപ്‌തധാതുക്കളായി നമുക്ക്‌ കാണപ്പെടുന്നു. അനവധി ശക്തികളെക്കൊണ്ട്‌ നിലനില്‍ക്കുന്ന ശരീരത്തില്‍ പ്രധാനം 1. എല്ല്‌-നേരെ നില്‍ക്കുന്നത്‌, 2. ചോര-ദ്രവരൂപം, 3. മാംസം-ആകൃതിയാകുന്നത്‌, 4. മജ്ജ-ചൈതന്യവത്താക്കുന്നത്‌, 5. മേദസ്സ്‌-ഉത്ഭവിക്കുന്നത്‌, 6. രേതസ്സ്‌-ജനിപ്പിക്കുന്നത്‌, 7. തൊലി-ആകൃതിയെ സംരക്ഷിക്കുന്നത്‌. ഇതെല്ലാം വീട്ടിലുണ്ടെന്നാണ്‌ സങ്കല്‌പം.

1. ഇഷ്‌ടിക, 2. ചുമപ്പായതെല്ലാം, 3. പച്ചയായതെല്ലാം, 4. മഞ്ഞയായതെല്ലാം, 5. കറുപ്പായതെല്ലാം, 6. വെളുപ്പായതെല്ലാം (സിമന്‍റ്‌, കുമ്മായം മുതലായവ), 7. കറുപ്പ്‌/നീല എന്നിവ കൂടാതെ രോമം, നഖം, ആണി മുതലായവയുമാകുന്നു.
ഇങ്ങനെ വരുമ്പോള്‍ ഈ സപ്‌തധാതുക്കളില്‍ നിന്നുണ്ടാകുന്ന നാഡി, സിരകളും ഉണ്ടാകുന്നു. നേരെ കിഴക്കു പടിഞ്ഞാറും തെക്കുവടക്കും ആയ രേഖകളെയെല്ലാം നാഡികളായും കര്‍ണ്ണാകാരമായ രേഖകളെല്ലാം സിരകളായും കണക്കാക്കണം. അവയുടെ ചേര്‍ച്ചകളായ ബിന്ദുവെല്ലാം മര്‍മ്മങ്ങളായും വരും. കൂടുതല്‍ രേഖകള്‍ ചേര്‍ന്നാല്‍ മഹാമര്‍മ്മവുമാകുന്നു.

ഇപ്രകാരമുള്ള വാസ്‌തു പുരുഷചൈതന്യത്തെ കണക്കാക്കുമ്പോഴാണ്‌ അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച്‌ കര്‍മ്മേന്ദ്രിയങ്ങള്‍ തുടങ്ങി പലപ്രകാരത്തില്‍ കണക്കാക്കേണ്ടിവരിക. അപ്പോള്‍ ആ വാസ്‌തുവില്‍ വാസ്‌തുപുരുഷന്‍ തെക്കുപടിഞ്ഞാറ്‌ കാലും വടക്കുകിഴക്ക്‌ തലയുമായി സങ്കല്‌പിക്കപ്പെടുന്നു. അങ്ങനെ ദേഹത്തില്‍ 45 ദേവചൈതന്യങ്ങള്‍ ഉള്ളതായും സ്വരൂപിക്കപ്പെട്ടതായും കണക്കാക്കുന്നു.
മൂര്‍ദ്ധാവില്‍ (ശിരസ്സില്‍) ശിവനും കണ്ണുകളില്‍ പര്‍ജ്ജന്യനും ദിതിയും മുഖത്ത്‌ ആപനും കഴുത്തില്‍ ആപവാസനും ഇടത്തേചെവിയില്‍ ജയന്തനും വലത്തെചെവിയില്‍ ആദിതിയും ഇടത്തേചുമലില്‍ ഇന്ദ്രനും വലത്തേചുമലില്‍ അര്‍ളന്‍ തുടങ്ങി 45 ദേവന്മാരും വസിക്കുന്നു.
അപ്പോള്‍ വാസ്‌തുപുരുഷാസുരത്വമുള്ള ഈ ശരീരത്തില്‍ മേല്‍പറഞ്ഞ ദേവത്വമുള്ള ഈ ചൈതന്യങ്ങളെ പ്രതിഷ്‌ഠിച്ച്‌ നിലനിര്‍ത്തിയാല്‍- വാസ്‌തുബലി ചെയ്‌ത്‌ പ്രീതിപ്പെടുത്തിയാല്‍- ഭൂമിയും ഗൃഹവും ദോഷമറ്റ്‌ ചൈതന്യമുള്ളതായ ഫലം നല്‍കുന്നതാണ്‌. ഇതുകൊണ്ടാണ്‌ വാസ്‌തുബലി ചെയ്യുന്നതിന്‌ താല്‌പര്യവും വരുന്നത്‌.

28 വീട്‌ റോഡിന്‌ സമാന്തരമായാല്‍

? റോഡിനു സമാന്തരമായി വീടു നിര്‍മ്മിക്കുന്നതില്‍ തെറ്റുണ്ടോ?

വീഥികള്‍ക്ക്‌ അഥവാ റോഡുകള്‍ക്ക്‌ സമാന്തരമായിട്ടാണ്‌ വീടുപണിയേണ്ടത്‌ എന്നു പറയുന്നതിന്‍െറ തത്വം-ശാസ്‌ത്രത്തില്‍ വീഥി ഉണ്ടാക്കുവാന്‍ വിധിയുണ്ട്‌ എന്നതാണ്‌. എന്നാല്‍ ഇന്നത്തെ റോഡുകള്‍ ശാസ്‌ത്രനിയമമനുസരിച്ചല്ല സംവിധാനം ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ ഇപ്പോഴുള്ള റോഡിനു സമാന്തരമായി വീടു പണിയുന്നത്‌ യുക്തമാവുകയില്ല.

ശാസ്‌ത്രത്തില്‍ വീഥി കണക്കാക്കുവാന്‍ വിധിയുണ്ട്‌. രാജ്യത്തെയായാലും സംസ്ഥാനങ്ങളെയായാലും ഗ്രാമങ്ങളെയായാലും 1 ന്ദ 1 = 1, 2 ന്ദ 2 = 4, 3 ന്ദ 3 = 9, ..........31 ന്ദ 31 = 961, 32 ന്ദ 32 =1024 എന്നിങ്ങനെ കള്ളികളാക്കണം. 32 ന്ദ 32 കള്ളികളാക്കണമെങ്കില്‍ 33 രേഖകള്‍ തെക്കുവടക്കും കിഴക്കു പടിഞ്ഞാറും വരയ്‌ക്കണം. ഈ രേഖകളില്‍ കൂടി വീഥികള്‍ ഉണ്ടാക്കണമെന്നാണ്‌ ശാസ്‌ത്രം അനുശാസിക്കുന്നത്‌. അപ്പോള്‍ ഒരു രേഖ മധ്യത്തില്‍ തെക്കുവടക്കും കിഴക്കു പടിഞ്ഞാറും വരും. ഉദാഹരണത്തിന്‌ ഇന്ത്യയുടെ നാലു ദിക്കുകളിലുള്ള അറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സമചതുരമാക്കിയാല്‍ 3200 കി.മീ ആണെങ്കില്‍ ഓരോ കള്ളിയും 100 കി.മീ സമചതുരം ആയി വരും. അവയെ റോഡുകളെക്കൊണ്ട്‌ വേര്‍തിരിക്കുകയും ചെയ്യും.

അതുപോലെ 31 ന്ദ 31 ആണെങ്കില്‍ രേഖകള്‍ മദ്ധ്യത്തില്‍ വരുകയില്ല. അതായത്‌ വീഥി മദ്ധ്യത്തിലല്ല വരുന്നത്‌ എന്ന്‌ സാരം. ഒരു കള്ളിയാണ്‌ മധ്യത്തില്‍ വരിക. വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ സമചതുരമാക്കി ഭാഗിച്ചതിന്‍െറ മദ്ധ്യത്തില്‍ ഒഴിഞ്ഞ്‌ കിടക്കുന്നതാണ്‌ ഉത്തമം. ആയതിന്‌ ഈ കള്ളികളുടെ മധ്യത്തില്‍ കൂടി രേഖകള്‍-വീഥികള്‍- ഉണ്ടാക്കുവാനാണ്‌ ശാസ്‌ത്രം ഉപദേശിക്കുന്നത്‌.

അപ്പോള്‍ ഈ കള്ളികളുടെ മദ്ധ്യത്തില്‍ സമചതുരമായി കണക്കാക്കിയതിനെ 32 ആയിത്തന്നെ ഭാഗിക്കുന്നതാണ്‌ അഭികാമ്യം.
ഇങ്ങനെ ഗ്രാമങ്ങള്‍ (കോളനികള്‍) ഉണ്ടാകുമ്പോള്‍ വീഥികള്‍ കൃത്യം കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ഉണ്ടാക്കിയാല്‍ അപ്രകാരമുള്ള വഴികള്‍ക്ക്‌ (റോഡ്‌) അനുസരിച്ച്‌ സമാന്തരമായി വീടുകളോ, മറ്റു നിര്‍മ്മിതികളോ വരുന്നത്‌ ശാസ്‌ത്രപ്രകാരം ഉപദേശയോഗ്യമാണ്‌. അല്ലാതെ ഇന്നത്തെ വളഞ്ഞു തിരിഞ്ഞ വഴികള്‍ക്ക്‌ സമാന്തരമായി വീടുവെക്കുന്നത്‌ ശാസ്‌ത്രമനുസരിച്ച്‌ ഉത്തമമല്ല.

29 ത്രിശാല, നാലുകെട്ട്‌, എട്ടുകെട്ട്‌

മൂന്നു ശാലകളുടെ ഗൃഹത്തിനെ ത്രിശാലയെന്നു പറയുന്നു. നാല്‌ ശാലകളുടേതിന്‌ നാലുകെട്ട്‌ എന്നും എട്ട്‌ ശാലകളുടേതിന്‌ എട്ടുകെട്ട്‌ എന്നുമാണ്‌ പറയുന്നത്‌. ഇവ കൂടാതെ 12 കെട്ടും 16 കെട്ടും പണിചെയ്യാറുണ്ട്‌.
കേരളീയഗൃഹനിര്‍മ്മാണരീതിയില്‍ ചതുശ്ശാലകള്‍ അഥവാ നാലുകെട്ട്‌ നിര്‍മ്മാണരീതിയാണ്‌ ഉണ്ടായിരുന്നത്‌. വീടിന്‍െറ മധ്യത്തില്‍ നടുമുറ്റം അതിനു നാലുവശത്തുമായി കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റി, വടക്കിനി എന്നിവ. അതിനെ നാല്‌ കെട്ടായി കണക്കാക്കുന്നു. എല്ലാ ഗൃഹങ്ങളുടെയും ദര്‍ശനം നടുമുറ്റത്തേക്ക്‌ അതായത്‌ ഗൃഹമദ്ധ്യബിന്ദുവിലേക്കായിട്ടാണ്‌ കണക്കാക്കുന്നത്‌.
നാലുകെട്ടില്‍ കിഴക്കിനിയുടെ കിഴക്കുഭാഗത്ത്‌ ഒരു നടുമുറ്റവും കൂടി ഉണ്ടാക്കി ആ നടുമുറ്റത്തിന്‍െറ കിഴക്കിനി, തെക്കിനി, വടക്കിനി ഭാഗങ്ങള്‍ യോജിപ്പനുസരിച്ച്‌, അതായത്‌ കണക്കനുസരിച്ച്‌ കൂട്ടിയോജിപ്പിച്ചാല്‍ എട്ടുകെട്ടായി കണക്കാക്കുന്നു. കിഴക്കിനി ഒരു നടുമുറ്റത്തിന്‌ കിഴക്കിനിയായും മറ്റേ നടുമുറ്റത്തിന്‌ പടിഞ്ഞാറ്റിയായും വരുമെന്ന്‌ സാരം.
ഇതുപോലെ വടക്കിനിയുടെ വടക്കുഭാഗത്തും ഒരു നടുമുറ്റം ഉണ്ടാക്കി ആ നടുമുറ്റത്തിന്‍െറ വടക്ക്‌, കിഴക്ക്‌, പടിഞ്ഞാറ്‌ വശങ്ങളില്‍ യോജിപ്പിക്കുന്ന രീതിയില്‍ ഗൃഹമുണ്ടാക്കിയാല്‍ അതിനെ 12 കെട്ടായി പറയുന്നു. ഇങ്ങനെ കിഴക്കുംവടക്കും ഉണ്ടാക്കിയതിന്‍െറ വടക്കുകിഴക്കു ഭാഗത്ത്‌ ഒരു നടുമുറ്റവും കൂടിയുണ്ടാക്കി അതിന്‍െറ വടക്കുവശത്തും കിഴക്കുവശത്തും ഓരോ ഗൃഹങ്ങളുണ്ടാക്കി യോജിപ്പിച്ചാല്‍ 16 കെട്ടാകും.

ഒരു നാലുകെട്ടിന്‍െറ നാലു വശങ്ങളുള്ള ഗൃഹങ്ങളില്‍ നിന്ന്‌ ഒരു ഗൃഹം ഒഴിവാക്കിയാല്‍ മൂന്നു കെട്ടുകളായി മാറുന്നു. അങ്ങനെയുള്ളവയെ ത്രിശാല എന്നു പറയുന്നു. കിഴക്കിനിയെ ഒഴിവാക്കി പടിഞ്ഞാറ്റി പ്രധാനമായതും തെക്കിനിയും വടക്കിനിയും അടങ്ങുന്നതുമായ ത്രിശാലയായി ഇതിനെ സ്വീകരിക്കാം.

അതുപോലെ വടക്കിനിയെ ഒഴിവാക്കി തെക്കിനി പ്രധാനമായതും കിഴക്കിനി, പടിഞ്ഞാറ്റി എന്നിവയടങ്ങിയതിനെയും ത്രിശാലയായി കണക്കാക്കാം. എന്നാല്‍ പടിഞ്ഞാറ്റി അല്ലെങ്കില്‍ തെക്കിനി ഒഴിവാക്കി ത്രിശാല പണി ചെയ്യുക പതിവില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തെക്കിനിയില്ലാത്ത ത്രിശാലയും പടിഞ്ഞാറ്റിയില്ലാത്ത ത്രിശാലയുംനിര്‍മ്മിക്കുന്നത്‌ വാസ്‌തുശാസ്‌ത്രപ്രകാരം ഉപദേശയോഗ്യമല്ല. ത്രിശാലയ്‌ക്കും ചതുശ്ശാലയ്‌ക്കും വാസ്‌തുശാസ്‌ത്രത്തില്‍ പറയുന്ന നിയമങ്ങള്‍ പോലെ ദ്വിശാലയ്‌ക്കും പ്രതിപാദിക്കുന്നുണ്ട്‌. അതായത്‌ രണ്ടു ഗൃഹങ്ങള്‍ മാത്രമുള്ള ദ്വിശാലകള്‍ പണിയുകയാണെങ്കില്‍ തെക്കിനിയും പടിഞ്ഞാറ്റിയും കൂട്ടിയോജിപ്പിച്ച്‌ പണിയുന്നതാണ്‌ ശാസ്‌ത്രമനുസരിച്ച്‌ അനുയോജ്യം. വടക്കുവശവും കിഴക്കുവശവും ഒഴിവാക്കി പണി ചെയ്യുന്നതില്‍ വിരോധമില്ല എന്നു സാരം.

30 മുട്ടതിരും വീടിന്‍െറ സ്ഥാനവും

? മുട്ടതിര്‌ എന്നാല്‍ എന്ത്‌? വീടിന്‍െറ സ്ഥാനത്തിനാണോ അതോ ഗേറ്റിന്‍െറ സ്ഥാനത്തിനാണോ ഇത്‌ കണക്കാക്കേണ്ടത്‌?


വാസ്‌തുശാസ്‌ത്രത്തില്‍ വേധം എന്നു പറയുന്ന ദോഷമാണ്‌ പ്രാദേശികമായി മുട്ടതിര്‌ എന്ന പേരിലറിയപ്പെടുന്നത്‌.
ഒരു വീട്‌ നിര്‍മിക്കുമ്പോള്‍ അതിന്‍െറ മദ്ധ്യസൂത്രവും വാസ്‌തുവിന്‍െറ മദ്ധ്യവും ഒരേ രേഖയില്‍ വരാന്‍ പാടില്ല. അതുപോലെ ഗൃഹമദ്ധ്യം, കട്ടിളമദ്ധ്യം, കിണറിന്‍െറ മദ്ധ്യം, ഉപനിര്‍മിതികളുടെ മദ്ധ്യങ്ങള്‍ എന്നിവ ഒരിക്കലും ഒരേ രേഖയില്‍ ഇടഞ്ഞു വരുന്ന
രീതിയിലുമാകരുത്‌.

കിണറിന്‌ സ്ഥാനം കണക്കാക്കുമ്പോള്‍ വടക്കു കിഴക്കേ മൂലയില്‍ മീനം രാശിയില്‍ സ്ഥാനനിര്‍ണയം നടത്തുമ്പോള്‍ ഗൃഹത്തിന്‍െറ ഭിത്തിയുടെ അതേ രേഖയില്‍ കിണര്‍ മദ്ധ്യം വരാതെ ശ്രദ്ധിക്കേണ്ടതാണ്‌. കൂടാതെ വീടിന്‍െറ വടക്കുകിഴക്കേ മൂലയുടെ 45 ഡിഗ്രി ചെരിഞ്ഞുവരുന്ന സൂത്രത്തിലും ഗൃഹമദ്ധ്യം വരാതെ ശ്രദ്ധിക്കേണ്ടതാണ്‌. വീടുവയ്‌ക്കാനുദ്ദേശിക്കുന്ന വാസ്‌തു ദീര്‍ഘചതുരമോ, സമചതുരമോ അല്ലാതെ ഏതെങ്കിലും ഒരു ഭാഗത്തു മാത്രം കുറച്ചു തള്ളിയ രീതിയില്‍ 'ഘ' ആകൃതി ആയി വരുന്നത്‌ ആശാസ്യമല്ല. ഇത്തരത്തിലുള്ള വാസ്‌തുവിനെ കൃത്യം ദീര്‍ഘ ചതുരമോ സമചതുരമോ ആക്കി അതിരിട്ടു തിരിച്ചാല്‍ പ്രാദേശികമായി മുട്ടതിര്‌ എന്നു പറയുന്ന വേധദോഷം ഉണ്ടാവുകയില്ല.

അതേപ്രകാരം വീടു നിര്‍മിക്കാനുദ്ദേശിക്കുന്ന പറമ്പിന്‍െറ മദ്ധ്യവും അതിനു മുന്‍വശത്ത്‌ നേരെ കാണുന്ന രീതിയില്‍ വന്ന്‌ അവസാനിക്കുന്ന വഴിയുടെ മദ്ധ്യവും ഒരേ രേഖയില്‍ വരുന്നതും ഒഴിവാക്കുന്നതാണ്‌ ഉത്തമം. പറമ്പിന്‍െറ മുന്‍വശത്ത്‌ റോഡ്‌ വന്ന്‌ അവസാനിക്കുന്നത്‌ ഏതെങ്കിലും ഒരു വശത്തേക്ക്‌ നീങ്ങിയാണെങ്കില്‍ സൗകര്യത്തിന്‌ പടി (ഗേറ്റ്‌) വെക്കുന്നത്‌ അതിന്‌ നേരെയാകാനിടയുണ്ട്‌. അങ്ങനെ വന്നാല്‍ ആ വഴിയുടെ മദ്ധ്യവും വെക്കാനുദ്ദേശിക്കുന്ന പടി (ഗേറ്റ്‌)യുടെ മദ്ധ്യവും ഒരേ രേഖയില്‍ വരാതെ ശ്രദ്ധിച്ചാല്‍ മതിയാകും.
ഗൃഹം നില്‍ക്കുന്ന ദീര്‍ഘചതുരമായ പറമ്പിന്‍െറ വശങ്ങളില്‍ വേറെ വീടിന്‍െറ അതിര്‌ വന്നു മുട്ടിനില്‍ക്കുന്നത്‌ മുട്ടതിര്‌ എന്നു പറയുന്ന ദോഷമായി കണക്കാക്കേണ്ടതില്ല.
ഒരു വാസ്‌തു അതിര്‍ത്തി വിട്ട്‌ വേര്‍തിരിച്ചുകഴിഞ്ഞാല്‍ അതിലുള്ളവയെ മാത്രമേ കണക്കാക്കേണ്ടതുള്ളൂ.

31 പഴയവീട്ടില്‍ പുതിയ മുറി പണിയുമ്പോള്‍

പഴയവീട്ടില്‍ താമസസൗകര്യത്തിന്‌ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?


പഴയ വീട്ടില്‍ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ അതായത്‌ തെക്കിനിപ്പുരയായോ, പടിഞ്ഞാറ്റിപ്പുരയായോ നിലവിലുള്ള ഗൃഹങ്ങളില്‍ പുതിയ മുറികള്‍ സൗകര്യാര്‍ത്ഥം എടുക്കുമ്പോള്‍, നിലവിലുള്ള വീടിന്‍െറ ഒട്ടാകെ ഉത്തരപുറംചുറ്റളവാണ്‌ പ്രധാനം, അഥവാഉത്തമമായി സ്വീകരിക്കേണ്ടത്‌.
മേല്‍പറഞ്ഞ ചുറ്റളവ്‌ അടുത്ത നല്ല ചുറ്റളവിലേക്ക്‌ ഗൃഹത്തിന്‍െറ പ്രാധാന്യമനുസരിച്ച്‌ ഉത്തമമായി സ്വീകരിക്കുയാണ്‌ ആദ്യം ചെയ്യേണ്ടത്‌. അതിനുശേഷം മുറികളുടെ പ്രാധാന്യമനുസരിച്ച്‌ ഓരോ മുറിയുടെയും ഉള്ളളവുകള്‍ ഉത്തമമദ്ധ്യമാധമങ്ങളായ ചുറ്റളവുകളിലേക്ക്‌ യോജിപ്പിക്കേണ്ടതാണ്‌.
ഇപ്രകാരം രൂപകല്‌പന ചെയ്യുമ്പോള്‍ നിലവിലുള്ള ഗൃഹത്തിന്‍െറ മദ്ധ്യസൂത്രത്തിന്‌ ഹേമം തട്ടാതെയും മേല്‍പ്പറഞ്ഞ സൂത്രം തടസ്സമില്ലാതെ ഒഴിവുകിട്ടുന്ന രീതിയിലും രൂപകല്‌പന ചെയ്യേണ്ടതാണ്‌. അതായത്‌ ഗൃഹമദ്ധ്യസൂത്രത്തില്‍ ശൗചാലയങ്ങള്‍ വരാതെയും കട്ടിള, ജനല്‍ മുതലായവ നേര്‍ക്കുനേര്‍ മദ്ധ്യങ്ങള്‍ ഒഴിവാക്കി വരുന്ന രീതിയിലും വേണമെന്നു സാരം. ഇപ്രകാരം മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ അടുക്കളയുടെ സ്ഥാനം മാറ്റംവരാതെ ശ്രദ്ധിക്കേണ്ടതാണ്‌.
അതുപോലെതന്നെ നിലവിലുള്ള ഗൃഹത്തില്‍നിന്ന്‌ നാല്‌ അതിര്‍ത്തികളിലേക്കുമുള്ള ദൂരത്തെ കണക്കിലെടുത്ത്‌ വീടിന്‌ സ്ഥാനദോഷം വരാത്ത രീതിയിലും പിശാചവീഥിയിലേക്ക്‌ വീട്‌ കയറിനില്‍ക്കാത്തവിധത്തിലും ആകുവാന്‍ വാസ്‌തുശാസ്‌ത്രപ്രകാരം
വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും വേണം.

പുതിയ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ മരത്തില്‍ ഉത്തരം, കഴുക്കോല്‍ എന്നിവകൊണ്ടു മേല്‍ക്കൂരനിര്‍മ്മിച്ച തെക്കിനിപ്പുരയോ, പടിഞ്ഞാറ്റിപ്പുരയോ ആണെങ്കില്‍ കൂട്ടിയെടുക്കുവാന്‍ പുതിയതായി കണക്കാക്കി സ്വീകരിക്കുന്ന ചുറ്റളവ്‌ ഉത്തരപുറത്തുനിന്നുള്ള തള്ള്‌ ആയാധിക്യമുള്ളതായും ഉത്തമമായും വരുവാന്‍ ശ്രദ്ധിക്കേണ്ടതുമാണ്‌.
എന്നാല്‍ മുറികള്‍ കൂട്ടിയെടുക്കുന്നത്‌ വാര്‍പ്പ്‌ ഗൃഹത്തിലാണെങ്കില്‍ ഭിത്തിപ്പുറം ചുറ്റളവ്‌ ഉത്തമമായി വരുന്ന രീതിയിലാണ്‌ സ്വീകരിക്കേണ്ടത്‌. അതുകൂടാതെ പാദുകപുറം ചുറ്റളവ്‌ മരണ കണക്കില്‍ വരാതെയും ഉത്തമമല്ലെങ്കില്‍ക്കൂടി മദ്ധ്യമമോ, അധമമോ ആയി സ്വീകരിക്കേണ്ടതാണ്‌.
പുതുതായി എടുക്കുന്ന മുറികള്‍ സമചതുരമായി എടുക്കുന്നതില്‍ അഥവാ പണിചെയ്യുന്നതില്‍ വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ ദോഷമില്ല . കാരണം ദീര്‍ഘവിസ്‌താരങ്ങള്‍തമ്മിലുള്ള ബന്ധങ്ങളെ പറ്റി പറയുമ്പോള്‍ സമതതം, പാദാധികം, അര്‍ദ്ധാധികം എന്നിവ സ്വീകരിക്കാമെന്നും പാദഊനം സ്വീകരിക്കരുതെന്നും അനുശാസിക്കുന്നുണ്ട്‌.

32 തെക്കു പടിഞ്ഞാറെ മൂലയില്‍ വര്‍ജിക്കേണ്ടവ

? കന്നിമൂല ഉയര്‍ത്തിയിരിക്കണം എന്നുപറയുന്നത്‌ ശരിയാണോ? ഈ മൂലയില്‍ വര്‍ജിക്കേണ്ടത്‌ എന്തെല്ലാം?


കന്നിമൂല, അതായത്‌ തെക്കുപടിഞ്ഞാറെമൂല ഉയര്‍ന്നിരിക്കണം, എന്നു പറയുന്നത്‌ ഭൂമിയുടെ വിതാനമാണ്‌. അതായത്‌ ഭൂമിക്കുവേണ്ട ഉയര്‍ച്ചതാഴ്‌ചയെ സംബന്ധിച്ചാണ്‌ കന്നിമൂല ഉയരണമെന്നു പറയുന്നത്‌. എന്നാല്‍ ശാസ്‌ത്രപ്രകാരം വീടു പണിയുമ്പോള്‍ തെക്കിനിപ്പുരയായോ, അല്ലെങ്കില്‍ പടിഞ്ഞാറ്റിപ്പുരയായോ ആണ്‌ വീട്‌ നിര്‍മ്മിക്കേണ്ടത്‌.
അതായത്‌ തെക്കുവശത്തുള്ള മുറികള്‍ രണ്ടാം നിലയിലേക്ക്‌ ഉയര്‍ത്തുകയോ, പടിഞ്ഞാറുവശത്തുള്ള മുറികള്‍ രണ്ടാം നിലയിലേക്ക്‌ ഉയര്‍ത്തുകയോ ആണ്‌ വേണ്ടത്‌. തെക്കുപടിഞ്ഞാറെമൂല അഥവാ, കന്നിരാശി വരുന്ന ഭാഗം തെക്കിനിയേയും പടിഞ്ഞാറ്റിയേയും യോജിപ്പിക്കുന്നതും ഇരു ഗൃഹങ്ങളിലും പൊതുവായി വരുന്നതും ആകുന്നു. അതുകൊണ്ടാണ്‌ ഗൃഹത്തിന്‍െറ രൂപകല്‌പനയില്‍ വരുന്ന ഭേദഗതികളനുസരിച്ച്‌ സന്ദര്‍ഭങ്ങളില്‍ തെക്കുപടിഞ്ഞാറെമൂല ഉയര്‍ത്തണം എന്നു പറയുന്നതിന്‍െറ സാരം.

സ്ഥാപത്യവേദത്തിന്‍െറ വേദാംഗമായ വാസ്‌തുശാസ്‌ത്രത്തില്‍ വാസ്‌തുവിനെ സമചതുരമായി സ്വീകരിച്ച്‌ നാല്‌ ഖണ്ഡങ്ങളാക്കിതിരിച്ച്‌ വടക്കുകിഴക്കെ ഖണ്ഡം മനുഷ്യഖണ്ഡമെന്നും തെക്കുകിഴക്കേത്‌ അഗ്‌നനി ഖണ്ഡമെന്നും തെക്കുപടിഞ്ഞാറെ ഖണ്ഡത്തിന്‌ ദേവഖണ്ഡമെന്നും വടക്കുപടിഞ്ഞാറെ ഖണ്ഡം വായുഖണ്ഡമെന്നുമാണ്‌ സങ്കല്‌പിക്കുന്നത്‌. അതുകൊണ്ട്‌ മാത്രം ഗൃഹത്തിന്‍െറ തെക്കുപടിഞ്ഞാറെ മൂല ദേവമൂലയായി കണക്കാക്കുന്നത്‌ ശാസ്‌ത്രമനുശാസിക്കുന്ന രീതിയല്ല. അതായത്‌ മേല്‍പറഞ്ഞ മൂലയാണെന്ന സങ്കല്‌പത്തില്‍ അശുദ്ധികള്‍ വരുന്ന മുറികള്‍ പ്രസ്‌തുതമൂലയില്‍ വരുവാന്‍ പാടില്ല എന്നുപറയുന്നത്‌ ശാസ്‌ത്രമനുസരിച്ച്‌ യോജിക്കുന്നതല്ല.
വാസ്‌തുശാസ്‌ത്രത്തില്‍ ചതുശ്ശാലകളുടെ ഉപയോഗങ്ങളെപ്പറ്റി പറയുന്നിടത്ത്‌ തെക്കുപടിഞ്ഞാറെ കോണ്‍പുരയില്‍ (നിരൃതിപദത്തില്‍) സൂതികാഗൃഹം (പ്രസവമുറി) ആക്കുവാനാണ്‌ ശാസ്‌ത്രം അനുശാസിക്കുന്നത്‌. പ്രസവമുറി എന്നത്‌ പരിശുദ്ധിയുള്ള മുറിയായി കണക്കാക്കാന്‍ സാദ്ധ്യമല്ലല്ലോ. ഇതില്‍ നിന്നുതന്നെ തെക്കുപടിഞ്ഞാറെ മൂലയില്‍ അശുദ്ധി ബാധിക്കുന്നതരത്തിലുള്ള മുറികള്‍ ആക്കുന്നതുകൊണ്ട്‌ ദോഷമില്ല എന്നു മനസ്സിലാക്കേണ്ടതാണ്‌. വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കളയോ അതുമായി ബന്ധപ്പെട്ട ഊണ്‍തളം തുടങ്ങിയ മുറികളോ പ്രസ്‌തുതമൂലയില്‍ വര്‍ജി

ക്കേണ്ടവ തന്നെയാണ്‌. ശയനഗൃഹങ്ങള്‍ തെക്കിനിയിലോ, പടിഞ്ഞാറ്റിയിലോ വേണമെന്ന്‌ ശാസ്‌ത്രം അനുശാസിക്കുമ്പോള്‍ തെക്കുപടിഞ്ഞാറേ മൂല അഥവാ കന്നിമൂല ശയനഗൃഹമായി (കിടപ്പുമുറി) ഉപയോഗിക്കുന്നത്‌ ഉപദേശയോഗ്യമാണ്‌. കന്നിമൂല എന്നുപറയുന്നത്‌ കൂടുതല്‍ കന്നിപദമെന്നോ, അല്ലെങ്കില്‍ നിരൃതി പദമെന്നോ പറഞ്ഞാല്‍ മാത്രമേ സ്ഥാനം കൃത്യമാകുകയുള്ളൂ.

33 വീടുനിര്‍മാണവും വാസ്‌തുദോഷവും

? വാസ്‌തുശാസ്‌ത്രത്തില്‍ ജ്യോതിഷത്തിന്‍െറ പങ്ക്‌ എന്ത്‌?

ഗൃഹനിര്‍മ്മാണത്തിന്‌ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ഭൂമിപരമായി ആ സ്ഥലത്തിന്‌ ദോഷങ്ങള്‍ ഉണ്ടോ എന്ന്‌ അറിയണം.
വാസ്‌തുശാസ്‌ത്രത്തില്‍ വാസയോഗ്യമായ ഭൂമിയുടെ ലക്ഷണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇന്നത്തെ കാലത്ത്‌ ഗൃഹനിര്‍മ്മാണത്തിന്‌ ലഭിക്കുന്നതായ അല്‌പക്ഷേത്രങ്ങളില്‍ (ചെറിയ ഭൂമികളില്‍) ലക്ഷണമനുസരിച്ച്‌ തിരഞ്ഞെടുക്കുന്ന രീതി ഒരു പരിധിവരെ സാധ്യമായെന്നുവരില്ല. ഈ സാഹചര്യത്തില്‍ ഒരു ജ്യോതിഷപണ്ഡിതനെ സമീപിച്ച്‌ പ്രസ്‌തുത ഭൂമിയുടെ ഗുണദോഷഫലങ്ങള്‍ അറിയാവുന്നതാണ്‌.

സ്ഥലപ്രശ്‌നത്തില്‍ (ഭൂമിയെപ്പറ്റി രാശി ചിന്തിച്ച്‌) എടവം, ചിങ്ങം, വൃശ്ചികം എന്നീ സ്ഥിര രാശികളാണ്‌ അധിവാസയോഗ്യത്തിന്‌ ഉത്തമമായ രാശികളായി വരേണ്ടത്‌. സ്ഥിരരാശിയാണെങ്കില്‍കൂടി കുംഭം രാശിവന്നാല്‍ `സഗുണേനാപി, ഘടം ത്യജേല്‍' `പ്രത്യക്ഷ'ത്തില്‍ ഭൂമി നല്ലതായി തോന്നുമെങ്കിലും കുംഭംരാശിവന്നാല്‍ ആ ഭൂമി അധിവാസയോഗ്യമല്ലെന്നു മാത്രമല്ല, ഒഴിവാക്കേണ്ടതുമാണെന്നു സാരം. ഇങ്ങനെയുള്ള സ്ഥലത്ത്‌ തച്ചുശാസ്‌ത്രവിധിപ്രകാരം ഗൃഹനിര്‍മ്മാണം നടത്തി താമസിച്ചാല്‍പോലും ഗൃഹത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുകയില്ല. എന്നാല്‍ രാശിപ്രശ്‌നത്തില്‍ എടവം രാശിവരികയാണെങ്കില്‍ `അഗുണോപി വൃഷഃ ശ്രേഷ്‌ഠ' പ്രത്യക്ഷത്തില്‍ ഭൂമി കണ്ടാല്‍ ഭംഗിയോ, സൗകര്യമോ കുറവുതോന്നാമെങ്കിലും. ആ ഭൂമിയില്‍ വസിച്ചാല്‍ ശ്രേയസ്സും, അഭ്യുന്നതിയും ഉണ്ടാകുകയും വാസയോഗ്യമായിരിക്കുകയും ചെയ്യും . മീനം, മിഥുനം, കന്നി, ധനു എന്നീ ഉഭയരാശികള്‍ വരികയാണെങ്കിലും ആ ഭൂമി അധിവാസയോഗ്യമായി സ്വീകരിക്കുക പതിവുണ്ട്‌.

നിലവിലുള്ള ഗൃഹത്തിന്‌ വാസ്‌തുദോഷമുണ്ടോ എന്ന്‌ രാശി ചിന്തിക്കുമ്പോള്‍ ലഗ്‌നം, നാല്‌, ഏഴ്‌, എട്ട്‌, പത്ത്‌ എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ വന്നാല്‍ വാസ്‌തുദോഷവും സ്ഥാനദോഷവും സൂത്രദോഷവും ഉണ്ടെന്നു പറയാം. സൂത്രദോഷമുള്ള വീട്ടില്‍ താമസിക്കുന്നവര്‍ക്ക്‌ ശ്വാസസംബന്ധമായ അസുഖങ്ങളും ഭക്ഷണം നേരാംവണ്ണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥകളും വന്നുചേരും. പണം ധാരാളം വന്നുചേര്‍ന്നാലും നിലനില്‍ക്കുവാന്‍ പ്രയാസമുണ്ടാകും. ആവശ്യത്തിന്‌ അന്യാശ്രയം വേണ്ടിവരുമെന്നര്‍ത്ഥം.

സ്ഥാനദോഷമോ സൂത്രദോഷമോ ഉണ്ടെങ്കില്‍ തച്ചുശാസ്‌ത്രവിധിപ്രകാരം അളന്നുനോക്കി പരിഹരിക്കുകതന്നെയാണ്‌ വേണ്ടത്‌. ഭൂമിപരമായ ചെറിയദോഷങ്ങള്‍ രാശിവശാല്‍ കണ്ടാല്‍ പഞ്ചശിരസ്സ്‌ (ആന, ആമ, പന്നി, പോത്ത്‌, സിംഹം എന്നീ മൃഗങ്ങളുടെ ശിരസ്സ്‌) സ്ഥാപിക്കുകയാണു വേണ്ടത്‌. സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ പഞ്ചശിരസ്സുണ്ടാക്കി ചെമ്പുപാത്രത്തില്‍ ദിക്‌കല്‌പന ചെയ്‌ത്‌ സ്ഥാപിക്കുകയാണ്‌ പതിവ്‌.

ഗൃഹാരംഭം, കട്ടിളവെപ്പ്‌, ഗൃഹപ്രവേശം തുടങ്ങിയ ശുഭകര്‍മ്മങ്ങള്‍ക്ക്‌ ഗൃഹനാഥന്‍േറയും ഗൃഹനാഥയുടേയും നക്ഷത്രമനുസരിച്ച്‌ ഉത്തമമുഹൂര്‍ത്തങ്ങളെ സ്വീകരിക്കുന്നതിന്‌ ജ്യോതിശാസ്‌ത്രത്തെ അവലംബിക്കേണ്ടതുണ്ട്‌.
വീടിന്‌ ചുറ്റളവ്‌ സ്വീകരിക്കുമ്പോള്‍, ചുറ്റളവിന്‍െറ ദോഷഫലങ്ങളെ ജ്യോതിശാസ്‌ത്രമനുസരിച്ചുള്ള കണക്കുകള്‍കൊണ്ട്‌ നിര്‍ണ്ണയിക്കാവുന്നതാണ്‌.
എന്നാല്‍ ഗൃഹനാഥന്‍െറ നക്ഷത്രവും ഗൃഹത്തിന്‌ സ്വീകരിക്കുന്ന ചുറ്റളവിന്‍െറ നക്ഷത്രവും തമ്മില്‍ ബന്ധമില്ല എന്നും അറിയേണ്ടതാണ്‌.

34 ചുറ്റളവും വാസ്‌തുശാസ്‌ത്രവും

? സ്‌ക്വയര്‍ ഫീറ്റ്‌, പെരിമീറ്റര്‍ എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്‌? വാസ്‌തുശാസ്‌ത്രത്തില്‍ സ്‌ക്വയര്‍ഫീറ്റിന്‌ പകരം ചുറ്റളവ്‌ കണക്കാക്കുന്നത്‌ എന്തുകൊണ്ടാണ്‌


ഒരു വാസ്‌തു, ഒരു കെട്ടിടം, മുറി എന്നിവയെ പ്രതിനിധാനംചെയ്യുന്നതിന്‌ അളവുകള്‍ ആവശ്യമാണ്‌. അതുപോലെ കുളം, കിണര്‍, കട്ടിള, ജനല്‍, മേശ, കസേര എന്നിങ്ങനെയുള്ള എല്ലാ സാധനസാമഗ്രികളുടെയും ആകൃതിയെ അളവുകൊണ്ടാണ്‌ പ്രതിനിധാനംചെയ്യുന്നത്‌.
നേരത്തെ പറഞ്ഞതുപോലെ ഏറ്റവും ചെറിയ അളവുകള്‍, യവം, അംഗുലം, കോല്‍, ദണ്ഡ്‌ തുടങ്ങിയവയാണല്ലോ. വലിപ്പവ്യത്യാസമനുസരിച്ചു വേണം ഒരോന്നിനെയും ഏതു മാനദണ്ഡമുപയോഗിച്ച്‌ അളക്കണം എന്നു തീരുമാനിക്കുവാന്‍. അതായത്‌ ഏറ്റവും ചെറിയവയെ യവംകൊണ്ടും കുറച്ചു വലിപ്പമുള്ളവയെ (കട്ടിള, ജനാല, മേശ, കസേര) അംഗുലം (വിരല്‍) കൊണ്ടും അളക്കേണ്ടതാണ്‌.

എന്നാല്‍ അതിനേക്കാള്‍ വലിപ്പമുള്ളതും യവം, അംഗുലം എന്നിവകൊണ്ട്‌ അളക്കാന്‍ സാധ്യമല്ലാത്തതുമായവയെ കോല്‍ എന്ന മാനദണ്ഡമുപയോഗിച്ച്‌ അളക്കണം എന്നാണ്‌ ശാസ്‌ത്രം അനുശാസിക്കുന്നത്‌. ഉദാ: ഗൃഹം, ഗൃഹാങ്കണം, മുറികള്‍ എന്നിവയെ കോല്‍ അളവുകൊണ്ടാണ്‌ അളക്കേണ്ടത്‌. എന്നാല്‍ പറമ്പിനെ ദണ്ഡുകൊണ്ട്‌ അളന്നു തിട്ടപ്പെടുത്തുകയാണ്‌ പതിവ്‌. നേരത്തെ പറഞ്ഞതുപോലെ ഒരു കെട്ടിടത്തിന്‍െറ ആകൃതിയെ പ്രതിനിധാനംചെയ്യുന്നതിന്‌ ദീര്‍ഘം (നീളം), വിസ്‌താരം (വീതി) എന്നീ രണ്ട്‌ അളവുകള്‍ വേണമല്ലോ. എന്നാല്‍ ഇതിനെ ഒറ്റയായി പറയണമെങ്കില്‍ ദീര്‍ഘവിസ്‌താരങ്ങളെ ഗുണിച്ച്‌ കിട്ടുന്ന ക്ഷേത്രഫലമോ (സ്‌ക്വയര്‍ ഫീറ്റ്‌)അല്ലെങ്കില്‍ ദീര്‍ഘവിസ്‌താരങ്ങളെ കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവോ (പെരിമീറ്റര്‍) ആണ്‌ സ്വീകരിക്കേണ്ടത്‌.

എന്നാല്‍ 20 യൂണിറ്റ്‌ (കോല്‍, അടി, മീറ്റര്‍ ഏതുമാകാം) നീളവും അഞ്ചു യൂണിറ്റ്‌ വീതിയുമായ കെട്ടിടത്തിന്‍െറ ക്ഷേത്രഫലം 100 യൂണിറ്റും അതേ കെട്ടിടത്തിന്‍െറ കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവ്‌ 50 യൂണിറ്റുമാണ്‌ വരുന്നത്‌. അതുപോലെതന്നെ 15 യൂണിറ്റ്‌ നീളവും 10 യൂണിറ്റ്‌ വീതിയുമായ കെട്ടിടത്തിന്‍െറ ഗുണിച്ചാല്‍ കിട്ടുന്ന ക്ഷേത്രഫലം 150 യൂണിറ്റും കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവ്‌ 50 തന്നെയും വരുന്നതാണ്‌.

അതായത്‌ ക്ഷേത്രഫലം 150 യൂണിറ്റ്‌ ആയാലും 100 യൂണിറ്റായാലും ചെലവിന്‍െറ കാര്യത്തില്‍ വ്യത്യാസം അനുഭവപ്പെടുകയില്ല. അതായത്‌ ചുറ്റളവ്‌ (പെരിമീറ്റര്‍ അഥവാ റണ്ണിങ്‌ മീറ്റര്‍) മാറ്റമില്ലെങ്കില്‍ ചെലവില്‍ വ്യത്യാസം വരുന്നതല്ല. അതുകൊണ്ടുതന്നെ വീടിന്‍െറ ചെലവിന്‌ അടിസ്ഥാനം ചുറ്റളവാണെന്ന്‌ വ്യക്തമാകുന്നു.
ഇക്കാരണംകൊണ്ടായിരിക്കണം ശാസ്‌ത്രം ചുറ്റളവിനെ സ്വീകരിച്ചിരിക്കുന്നത്‌ എന്നു സങ്കല്‌പിക്കാവുന്നതാണ്‌.

35 വീടിന്‍െറ ചുറ്റളവ്‌ കണക്കാക്കുമ്പോള്‍

? കെട്ടിടത്തിന്‍െറ ചുറ്റളവ്‌ കണക്കാക്കുമ്പോള്‍ സിറ്റൗട്ട്‌, പോര്‍ച്ച്‌ ഇവ ഉള്‍പ്പെടുത്തണോ? ചുറ്റളവ്‌ കണക്കാക്കുമ്പോള്‍ തറയുടെ അളവാണോ ഭിത്തിയുടെ അളവാണോ ഉത്തമമായി സ്വീകരിക്കേണ്ടത്‌?


വീടിന്‍െറ ചുറ്റളവ്‌ ശാസ്‌ത്രപ്രകാരം കണക്കാക്കുമ്പോള്‍ പഴയ രീതിയനുസരിച്ച്‌ തന്‍പുര അഥവാ തായ്‌പുര (പ്രധാനഗൃഹം)യുടെ ചുറ്റളവാണ്‌ കണക്കാക്കുക. ഉത്തരത്തിനാണ്‌ പ്രാധാന്യമെങ്കിലും ഗൃഹത്തിന്‍െറ ആദ്യാവയവമായ പാദുകത്തിന്‍െറ കണക്കും കൂടി വേണ്ടവിധത്തില്‍ ആകണം.
പിന്നീട്‌ ഈ പ്രധാനപുരയോട്‌ കൂട്ടിച്ചേര്‍ക്കുന്ന ഭാഗങ്ങള്‍കൂടി വന്നാലും ഉത്തരത്തിന്‍െറയും പാദുകത്തിന്‍െറയും ചുറ്റളവുകള്‍ ശരിയായി വരണം. അതായത്‌ മാളികപ്പുരയുടെതന്നെ ചുറ്റ്‌ ശരിയാക്കിയതിനുശേഷം അതിനോട്‌ ചേര്‍ന്നുവരുന്ന പ്രാന്തഭാഗത്തിന്‍േറതും ഒരേ ഉത്തരദാനത്തിന്‌ വരുന്ന ചുറ്റും ശരിയാവണം. പിന്നെ അടുക്കള ചേര്‍ന്നുവരുന്നതും അവസാനം ഇറയവുംകൂടി ഒട്ടാകെ പുരയായി വരുന്ന ഭാഗത്തിന്‍െറ ചുറ്റും വേണ്ട കണക്കിലാകണം.
വാര്‍പ്പു കെട്ടിടങ്ങളില്‍ ശാസ്‌ത്രമനുസരിച്ച്‌ ചുറ്റളവ്‌ കണക്കാക്കുമ്പോള്‍ ഒരേ ഉയരത്തില്‍ (ഉയരം കൂടിയത്‌ തെക്കിനി, പടിഞ്ഞാറ്റി) വാര്‍ക്കുന്ന കെട്ടിടത്തിന്‍െറ ചുറ്റളവ്‌ ഉത്തമമായും താഴ്‌ന്നുവരുന്ന പൂമുഖം, അടുക്കള മുതലായവയും ചേര്‍ത്ത്‌ കണക്ക്‌ ശരിയാവുകയും വേണം. അതു കഴിഞ്ഞാല്‍ അതിലും താഴെ വരുന്ന വര്‍ക്ക്‌ ഏരിയ, കാര്‍പോര്‍ച്ച്‌ (തൂണുണ്ടെങ്കില്‍) എന്നിവയും കൂട്ടിച്ചേര്‍ത്ത്‌ നല്ല കണക്കിലാവണം. എന്നാല്‍ കാര്‍പോര്‍ച്ച്‌ തൂണില്ലാതെയാണെങ്കില്‍ അതിന്‍െറ ചുറ്റളവ്‌ വാമടയോടാണ്‌ (സണ്‍ഷെയ്‌ഡ്‌) ചേര്‍ക്കേണ്ടത്‌.

മരമുപയോഗിച്ചുള്ള കഴുക്കോല്‍ നിര്‍മിച്ച്‌ മേല്‍ക്കൂര കൂട്ടുന്ന രീതിയില്‍ പ്രാധാന്യം ഉത്തരങ്ങള്‍ക്കായതുകൊണ്ട്‌ ഉത്തരപുറം ചുറ്റളവാണ്‌ ഉത്തമമായി സ്വീകരിക്കേണ്ടത്‌. എന്നാല്‍ ഇന്നത്തെ വാര്‍പ്പുകെട്ടിടങ്ങളില്‍ ഉത്തരത്തിന്‍െറ സ്ഥാനത്ത്‌ ബീം തുടങ്ങിയ കോണ്‍ക്രീറ്റ്‌ നിര്‍മിതികള്‍ ആയതിനാലും ഭിത്തിപ്പുറവും ബീം പുറവും ഒരേ രീതിയില്‍ വരുന്നതിനാലും ഭിത്തിപ്പുറം ചുറ്റളവാണ്‌ ഉത്തമമായി സ്വീകരിക്കേണ്ടത്‌.
ഗൃഹത്തിന്‍െറ അവയവങ്ങളില്‍ ആദ്യം കാണുന്നത്‌ പാദുകമാണ്‌. പിന്നെ തറയുടെ ബാക്കിവരുന്ന അവയവവും. തുടര്‍ന്ന്‌ ഒന്നാംനില ഭിത്തി, രണ്ടാംനില ഭിത്തി മുതലായവയുമാണല്ലോ. അതിനു മുകളിലാണ്‌ മേല്‍പുരയെ താങ്ങിനിര്‍ത്തുന്ന ഉത്തരം ഉണ്ടാവുന്നത്‌. ഇന്നത്തെ കണക്കില്‍ ആ ഉത്തരം എന്നത്‌ ബീം അല്ലെങ്കില്‍ ഭിത്തിതന്നെയാകുന്നു. അതിനാലാണ്‌ ഉത്തരപ്പുറം അല്ലെങ്കില്‍ ഭിത്തിപ്പുറം അതുമല്ലെങ്കില്‍ ബീം പുറം എന്നിവ കണക്കാക്കണമെന്ന്‌ പറയുന്നതിന്‍െറ അടിസ്ഥാനം.

36 ഗൃഹമദ്ധ്യസൂത്രവും പ്രാധാന്യവും

? ഗൃഹമദ്ധ്യസൂത്രത്തിന്‍െറ പ്രാധാന്യം എന്താണ്‌? ഇത്‌ കണക്കാക്കേണ്ടതും ഒഴിവാക്കേണ്ടതും എങ്ങനെ?


വീടിനെ വാസ്‌തുപുരുഷനായി കണക്കാക്കുമ്പോള്‍ അതിന്‌ പുരുഷന്‍േറതായ എല്ലാം ഉണ്ടാകുമല്ലോ. അതായത്‌ ഗൃഹം സപ്‌തധാതുക്കളാല്‍ ഉണ്ടാക്കിയതാണ്‌. അപ്പോള്‍ ആ സപ്‌തധാതുക്കളെ നിലനിര്‍ത്തുന്ന നാഡികളും സിരകളും ഉണ്ടാവുന്നു. അതില്‍ മദ്ധ്യത്തില്‍ വരുന്ന നാഡികള്‍ക്കാണ്‌ പ്രാധാന്യം. സപ്‌തനാഡികളില്‍ സുഷുമ്‌നാ നാഡിക്കാണ്‌ പ്രാധാന്യം.
ഈ നാഡി മദ്ധ്യത്തില്‍കൂടി പോകുന്നതാണ്‌. അതിനാല്‍ ഗൃഹമദ്ധ്യത്തില്‍ വരുന്ന രേഖ സുഷുമ്‌നാ നാഡിയായി കണക്കാക്കുകയും അതിനെ മദ്ധ്യസൂത്രം എന്ന പേരില്‍ സങ്കല്‌പിക്കുകയും ചെയ്യുന്നു. അതിനാലാണ്‌ മദ്ധ്യസൂത്രത്തില്‍ യാതൊരുവിധ തടസ്സവും ഉണ്ടാകരുതെന്ന്‌ പറയുന്നത്‌. ഇതാണ്‌ ഗൃഹമദ്ധ്യസൂത്രം.
അപ്പോള്‍ ഒരു പ്രധാനപ്പെട്ട പുരയുടെ ഒരേ ഉയരത്തില്‍ വരുന്ന ഗൃഹത്തിന്‍െറ മദ്ധ്യം കണക്കാക്കി കട്ടിളയോ ജനാലയോ വെച്ച്‌ ഒഴിവുവരുത്തുന്നു. (കട്ടിളമദ്ധ്യവും ഗൃഹമദ്ധ്യവും ഒന്നാകാന്‍ പാടില്ലാത്തതുമാകുന്നു). ഒരേ രേഖയില്‍ വരുന്നത്‌ വേധമായി കണ
ക്കാക്കാം.

അങ്ങനെ നാല്‌ ഗൃഹങ്ങളില്‍ കിഴക്കിനിയുടെയും പടിഞ്ഞാറ്റിയുടെയും ഗൃഹമദ്ധ്യങ്ങള്‍ തമ്മിലും കട്ടിള മദ്ധ്യങ്ങള്‍ തമ്മിലും വേധം വരാതെ സൂക്ഷിക്കേണ്ടതാണ്‌. അതുപോലെ തെക്കിനിയുടേതും വടക്കിനിയുടേതും മദ്ധ്യങ്ങളും കട്ടിളമദ്ധ്യങ്ങളും വ്യത്യസ്‌തരേഖകളില്‍ വരുന്ന രീതിയിലായിരിക്കണം സ്ഥാനം നിശ്ചയിക്കേണ്ടത്‌. അപ്പോള്‍ ഗൃഹമദ്ധ്യംമാത്രമല്ല ഏതിന്‍െറയൊക്കെ മദ്ധ്യങ്ങളുണ്ടോ അതെല്ലാം കണക്കാക്കി വേണംസ്ഥാനങ്ങള്‍ നിശ്ചയിക്കുവാന്‍.
ഗൃഹമദ്ധ്യം സുഷുമ്‌നാ നാഡിയായി കണക്കാക്കുന്നതിനാല്‍ വാസ്‌തുപുരുഷന്‍ മലര്‍ന്നു കിടന്നാല്‍ വരുന്ന സുഷുമ്‌നാ നാഡിയുടെ ഉയരമാണ്‌ കണക്കാക്കേണ്ടത്‌. അത്‌ സുമാര്‍ അഞ്ചില്‍ രണ്ട്‌ ഭാഗമാണെന്നും ശാസ്‌ത്രം നിശ്ചയിച്ചിരിക്കുന്നു.

37 വ്യാപാരസ്ഥാപനങ്ങള്‍ പണിയുമ്പോള്‍

? വ്യാപാരസ്ഥാപനങ്ങള്‍, വ്യാപാര-വാണിജ്യസംബന്ധമായ ഓഫീസുകള്‍ എന്നിവയ്‌ക്ക്‌ ശാസ്‌ത്രപ്രകാരമുള്ള സ്ഥാനം എവിടെ?


വ്യാപാരസ്ഥാപനങ്ങളില്‍ പ്രധാനമായി സമ്പത്ത്‌ കൈകാര്യം ചെയ്യുന്ന സ്ഥാനമാണ്‌ വാസ്‌തുശാസ്‌ത്രപ്രകാരം ശരിയായി ചെയ്യേണ്ടത്‌. ശാസ്‌ത്രമനുസരിച്ച്‌ ധനാലയത്തില്‍ അല്ലെങ്കില്‍ ധാന്യാലയത്തില്‍ ആണ്‌ ധനം സൂക്ഷിക്കേണ്ടത്‌. അതിനാല്‍ തെക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ ആണ്‌ സ്ഥാനം കണക്കാക്കേണ്ടത്‌. അതായത്‌ വ്യാപാരസ്ഥാപനത്തിന്‍െറ തെക്കുവശത്തോടുചേര്‍ന്നോ, പടിഞ്ഞാറുവശത്തോടുചേര്‍ന്നോ ആകണം ഇതെന്ന്‌ സാരം.
അതുപോലെതന്നെ ധനാലയമോ ധാന്യാലയമോ ആയി കണക്കാക്കുന്ന തെക്കിനിയുടെയും പടിഞ്ഞാറ്റിയുടെയും ദര്‍ശനങ്ങള്‍ യഥാക്രമം വടക്കോട്ടോ കിഴക്കോട്ടോ ആയിരിക്കണം. അതായത്‌ ധനമോ, പ്രധാനരേഖകളോ സൂക്ഷിക്കേണ്ടത്‌ തെക്കേഭിത്തിയോടുചേര്‍ന്ന്‌ വടക്കോട്ടു തുറക്കാവുന്ന രീതിയിലുള്ള അലമാരയിലോ, പടിഞ്ഞാറെ ഭിത്തിയോടുചേര്‍ന്ന്‌ കിഴക്കോട്ടുതുറക്കാവുന്ന രീതിയിലുള്ള അലമാരയിലോ ആവണം.

വലിയ സ്ഥാപനങ്ങളോ, കമ്പനികളോ ആണെങ്കില്‍ അതിനെ ദീര്‍ഘചതുരമോ, സമചതുരമോ ആയ ഒരു കെട്ടിടസമുച്ചയമായി കണക്കാക്കാം. ഉടമസ്ഥന്‍, മാനേജര്‍ തുടങ്ങിയ പ്രധാനപ്പെട്ടവര്‍ തെക്കുഭാഗത്തോ, പടിഞ്ഞാറുഭാഗത്തോ വരുന്ന മുകളില്‍ വടക്കോട്ടുതിരിഞ്ഞോ, കിഴക്കോട്ടുതിരിഞ്ഞോ ആയിവരുന്ന രീതിയില്‍ രൂപകല്‌പന ചെയ്യേണ്ടതാണ്‌. എന്നാല്‍ പ്രസ്‌തുത സ്ഥാപനത്തോടു ബന്ധപ്പെട്ട്‌ ഭക്ഷണം പാകം ചെയ്യേണ്ട അടുക്കള തുടങ്ങിയ സൗകര്യങ്ങള്‍ വടക്കോ, കിഴക്കോ ആയിരിക്കണം.

ഒരു വ്യാപാരസ്ഥാപനത്തിന്‍െറ ഒട്ടാകെ ദീര്‍ഘത്തെ (നീളം) യോ, വിസ്‌താരത്തെ (വീതി) യോ നിര്‍ണ്ണയിക്കുമ്പോള്‍ അതിന്‍െറ മദ്ധ്യത്തില്‍ തൂണുകള്‍ അല്ലെങ്കില്‍ ഭിത്തികള്‍ തടസ്സമായി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. അതായത്‌ നാല്‌ മുറികളുള്ള കെട്ടിടം ഒരേ വിസ്‌താരത്തില്‍ പണിയുമ്പോള്‍ മദ്ധ്യത്തില്‍ തൂണ്‌ വരുന്നതാണ്‌. എന്നാല്‍ അഞ്ചു മുറികളായി ഒരേ വിസ്‌താരത്തില്‍ പണിയുമ്പോള്‍ മദ്ധ്യത്തില്‍ തടസ്സമില്ലാതെ ഒരു മുറിതന്നെ വരും. അതായത്‌ ഒരേ വിസ്‌താരത്തില്‍ മുറികള്‍ വ്യാപാരത്തിനായി പണിയുമ്പോള്‍ മുറികളുടെ എണ്ണം മൂന്ന്‌, അഞ്ച്‌, ഏഴ്‌ തുടങ്ങി ഒറ്റസംഖ്യയായി വരുന്ന രീതിയില്‍ രൂപകല്‌പന ചെയ്യേണ്ടതാണ്‌.
കൂടാതെ ഓരോ മുറിയുടെ പ്രത്യേക ഉള്‍ചുറ്റളവുകളും ഒട്ടാകെ കെട്ടിടത്തിന്‍െറ പുറം ചുറ്റളവും ആയാധിക്യമുള്ള ചുറ്റളവ്‌ സ്വീകരിക്കുന്നതാണ്‌ ഉത്തമം. അതായത്‌ മേല്‍പ്പറഞ്ഞ ചുറ്റളവുകള്‍ ചെലവിനേക്കാള്‍ വരവു കൂടുതലുള്ള കണക്കുകളായി സ്വീകരിക്കണമെന്ന്‌ അര്‍ത്ഥം.

38 ക്ഷേത്രനിര്‍മാണവും ഭൂമിയുടെ ലക്ഷണവും

ക്ഷേത്രനിര്‍മ്മാണത്തിന്‌ അഥവാ ദേവാലയ നിര്‍മ്മാണത്തിന്‌ യോഗ്യമായ ഭൂമിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഈ ഭൂമികള്‍ ഗൃഹനിര്‍മ്മാണത്തിന്‌ യോഗ്യമാണോ?

ക്ഷേത്രനിര്‍മ്മാണത്തെപ്പറ്റിയും താന്ത്രികവിധിപ്രകാരമുള്ള പ്രതിഷ്‌ഠകള്‍, മറ്റ്‌ ക്ഷേത്ര സംബന്ധമായ ചടങ്ങുകള്‍ എന്നിവയെപ്പറ്റിയും പ്രതിപാദിക്കുന്നത്‌ `തന്ത്രസമുച്ചയം' എന്ന ഗ്രന്ഥത്തിലാണ്‌.
തന്ത്രസമുച്ചയം ശില്‌പഭാഗത്തില്‍ `തീര്‍ത്ഥാന്തേ തടിനീതടേ'', ``ഗോമര്‍ത്തൈ്യഃ ഫലപുഷ്‌പദുഗ്‌ദ്‌ധ'' എന്നു തുടങ്ങുന്ന ശ്ലോകങ്ങളിലാണ്‌ ക്ഷേത്രനിര്‍മ്മാണത്തിന്‌ യോഗ്യമായ ഭൂമിയുടെ ലക്ഷണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്‌.

അതായത്‌ തീര്‍ത്ഥ(കുളം)ത്തിന്‍െറ വക്കത്തോ, നദീതീരത്തോ, പര്‍വ്വതത്തിന്‍െറ മുകളിലോ, ഉദ്യാനത്തിലോ, ഋഷിമാര്‍ മുതലായവരുടെ ആശ്രമത്തിലോ, ഗ്രാമത്തിലോ സ്ഥാനമനുസരിച്ച്‌ ദേവപ്രതിഷ്‌ഠ അഥവാ ദേവീപ്രതിഷ്‌ഠ നടത്താമെന്ന്‌ ശാസ്‌ത്രമുപദേശിക്കുന്നു.
അതുപോലെതന്നെ പശുക്കള്‍, മനുഷ്യര്‍, ഫലങ്ങളും പുഷ്‌പങ്ങളും ധാരാളമുള്ള വൃക്ഷങ്ങള്‍ എന്നിവയോടുകൂടിയതും കുന്നും കുഴിയും കൂടാതെയും കിഴക്കോട്ടു നീരൊഴുക്കായും മണ്ണുമിനുത്തതും ചവിട്ടിയാല്‍ ഗംഭീരസ്വരമുള്ളതും പ്രദക്ഷിണമായി ഒഴുകുന്ന നദി മുതലായവയോടുകൂടിയതും വിത്തുവിതച്ചാല്‍ ക്ഷണത്തില്‍ മുളയ്‌ക്കുന്നതും വേനല്‍ക്കാലത്തും വെള്ളം ധാരാളമുള്ളതും ശീതോഷ്‌ണങ്ങള്‍ സമമായിരിക്കുന്നതുമായ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിച്ച്‌ ദേവപ്രതിഷ്‌ഠ നടത്തിയാല്‍ പരിസരവാസികള്‍ക്കും പാദസേവകര്‍ക്കും ഐശ്വര്യാദികള്‍ ഉണ്ടാകുമെന്ന്‌ ശാസ്‌ത്രം പറയുന്നു.

മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ക്ക്‌ വിപരീതമായ ഭൂമി അധമവും സമ്മിശ്രലക്ഷണങ്ങളോടുകൂടിയത്‌ മദ്ധ്യമവുമാകുന്നു. ഭൂമിയില്‍ കിളച്ചാല്‍ ഭസ്‌മം, എല്ല്‌, തലനാര്‌, പുഴുക്കള്‍ എന്നിവയുള്ളതും മദ്ധ്യം താണിരിക്കുന്നതും കോണിലേക്ക്‌ തിരിഞ്ഞിരിക്കുന്നതുമായ ഭൂമികള്‍ എല്ലാം വര്‍ജ്ജ്യങ്ങളാകുന്നു.
ദേവാലയനിര്‍മ്മാണത്തിനു യോഗ്യമായ മേല്‍പറഞ്ഞ ലക്ഷണങ്ങളോടുകൂടിയ ഭൂമികളെല്ലാം ഗൃഹനിര്‍മ്മാണത്തിനും യോഗ്യമാണെന്നു മനസ്സിലാക്കേണ്ടതാണ്‌.

39 ദീര്‍ഘവിസ്‌താരം നിശ്ചയിക്കാന്‍

വീടിന്‍െറയും മുറികളുടെയും ദീര്‍ഘവിസ്‌താരങ്ങള്‍ സ്വീകരിക്കുന്നതില്‍ വാസ്‌തുശാസ്‌ത്രത്തില്‍ പറയുന്ന നിയമങ്ങളെന്തൊക്കെയാണ്‌?


ഗൃഹങ്ങളുടെയായാലും മുറികളുടെയായാലും ദീര്‍ഘവിസ്‌താരങ്ങള്‍ നിശ്ചയിക്കുന്നതില്‍ നേരത്തെ പറഞ്ഞ നിയമങ്ങള്‍ക്കു പുറമെ സ്വീകരിക്കേണ്ട അനുപാതത്തെപ്പറ്റിയും ശാസ്‌ത്രത്തില്‍ പറയുന്നുണ്ട്‌.
അതായത്‌ നാല്‌ യൂണിറ്റ്‌ ദീര്‍ഘവും അത്രതന്നെ വിസ്‌താരവും നിശ്ചയിച്ചാല്‍ സമചതുരം അഥവാ സമതതം എന്നു പറയുന്നു. എന്നാല്‍ നാല്‌ വിസ്‌താരവും നാലില്‍ ഒന്നു കൂടുതലാവുന്നതുവരെ (ദീര്‍ഘം അഞ്ചില്‍ താഴെ)യായാല്‍ സമതതം എന്നുതന്നെ വിളിക്കാം - അതായത്‌ സമചതുരത്തോടടുത്തതെന്നര്‍ത്ഥം. എന്നാല്‍ അഞ്ച്‌ ആയാല്‍ നാലിലൊന്ന്‌ കൂടുന്നു. ഇതിനെ പാദാധികം എന്നും നാലില്‍ രണ്ട്‌ (പകുതി) കൂടിയ ദീര്‍ഘം വരുന്നതിനെ അര്‍ദ്ധാധികം എന്നുമാണ്‌ കണക്കാക്കുന്നത്‌.

വിസ്‌താരം -4, ദീര്‍ഘം 4 മുതല്‍ 5 വരെ - സമതതം
വിസ്‌താരം - 4, ദീര്‍ഘം 5 മുതല്‍ 6 വരെ - പാദാധികം
വിസ്‌താരം - 4, ദീര്‍ഘം 6 മുതല്‍ 7 വരെ - അര്‍ദ്ധാധികം
വിസ്‌താരം- 4, ദീര്‍ഘം 7 മുതല്‍ 8 വരെ - പാദൂനം (നാലില്‍ ഒന്ന്‌ കുറഞ്ഞത്‌) എന്ന്‌ കണക്കാക്കപ്പെടുന്നു.
മേല്‍പറഞ്ഞ പാദൂനം എന്നത്‌ സ്വീകരിക്കരുതെന്നും ശാസ്‌ത്രം അനുശാസിക്കുന്നു.
പിന്നെയും കണക്കാക്കിയാല്‍
വിസ്‌താരം-4, ദീര്‍ഘം 8 മുതല്‍ 9 വരെ - സമതതം
വിസ്‌താരം-4, ദീര്‍ഘം 9 മുതല്‍ 10 വരെ - പാദാധികം
വിസ്‌താരം-4, ദീര്‍ഘം 10 മുതല്‍ 11 വരെ - അര്‍ദ്ധാധികം
വിസ്‌താരം-4, ദീര്‍ഘം 11 മുതല്‍ 12 വരെ - പാദൂനം
എന്നിങ്ങനെ കണക്കാക്കാം.
ചുറ്റളവ്‌ നിശ്ചയിച്ചുകഴിഞ്ഞാല്‍ ആ ചുറ്റളവിന്‍െറ പകുതിയെ എടുത്ത്‌ അതിനെ
എട്ടു മുതല്‍ 32 കൂടിയ ഭാഗങ്ങളായി തിരിച്ചാല്‍ മേല്‍പറഞ്ഞവയെല്ലാം ക്രമമനുസരിച്ച്‌
കിട്ടുന്നതുമാണ്‌.
എട്ടായി ഭാഗിച്ചാല്‍ 4 ദീര്‍ഘം ത 4 വിസ്‌താരം
ഒമ്പതായി ഭാഗിച്ചാല്‍ 4 ദീര്‍ഘം ത 5 വിസ്‌താരം
പത്തായി ഭാഗിച്ചാല്‍ 4 ദീര്‍ഘം ത 6 വിസ്‌താരം
അതുപോലെ 32 ആയി ഭാഗിച്ചാല്‍ 4 ദീര്‍ഘം ത 28 വിസ്‌താരം എന്നിങ്ങനെ ആയി വരും എന്നു മനസ്സിലാക്കാം.
മേല്‍പറഞ്ഞ പ്രകാരം ഭാഗിച്ച്‌ കിട്ടുന്നതില്‍ കണക്കനുസരിച്ച്‌ സമതതം, പാദാധികം, അര്‍ദ്ധാധികം എന്നിവ സ്വീകരിക്കാവുന്നതും പാദൂനം വര്‍ജ്ജിക്കേണ്ടതുമാകുന്നു.
എന്നാല്‍ ഒരു ചുറ്റളവിന്‍െറ നാലില്‍ ഒന്ന്‌ സ്വീകരിക്കുമ്പോള്‍ സമചതുരമായതിനാല്‍ ആ സമചതുരത്തിന്‍െറ ദീര്‍ഘവിസ്‌താരത്തെ ചുറ്റളവിന്‍െറ പദയോനി എന്നു പറയുന്നു. ഉദാഹരണത്തിന്‌ 16-8 ചുറ്റിന്‍െറ പദയോനി അതിന്‍െറ നാലില്‍ ഒന്നായ 4-2 ആകുന്നു. അപ്പോള്‍ ചുറ്റ്‌ 16-8 ഏത്‌ കണക്കിനെ, ഏതു ദിക്കിനെ പ്രതിനിധീകരിക്കുന്നുവോ, 4-2 എന്ന പദയോനികണക്കും ആ ദിക്കിനെ പ്രതിനിധീകരിക്കും എന്നു മനസ്സിലാക്കാവുന്നതാണ്‌.
അവസാനം പറഞ്ഞ നിയമമനുസരിച്ചാണ്‌ ക്ഷേത്രത്തിന്‌ പൂര്‍വ്വാദി നാല്‌ ദിക്കുകളിലേക്ക്‌ കണക്കനുസരിച്ച്‌ ദര്‍ശനത്തെ നിശ്ചയിക്കുന്നത്‌.

40 പ്രവേശന കവാടം ഒരുക്കുമ്പോള്‍

വീടിന്‍െറ പ്രധാന കട്ടിളയില്‍ അലങ്കാരപ്പണിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?


ഗൃഹത്തിന്‍െറ പ്രധാന ദ്വാരത്തിന്‌ (കട്ടിളയ്‌ക്ക്‌) രണ്ട്‌ കട്ടിളക്കാലുകളും ഒരു ചേറ്റുപടിയും ഒരു കുറുമ്പടിയും ഒന്നോ, രണ്ടോ വാതിലുകളും ഉണ്ടായിരിക്കണം. കട്ടിളക്കാലിന്‍െറ ചുവട്ടില്‍ വെക്കുന്ന പടിക്ക്‌ ചേറ്റുപടിയെന്നും കട്ടിളക്കാലിന്‍െറ മുകളില്‍ വെക്കുന്ന പടിക്ക്‌ കുറുമ്പടി എന്നും പേരു പറയുന്നു.

ചേറ്റുപടിയുടേയും കുറുമ്പടിയുടേയും അകം തമ്മിലുള്ള അകലം ദ്വാരത്തിന്‍െറ ദീര്‍ഘവും കട്ടിളക്കാലുകളുടെ അകം തമ്മിലുള്ള അകലം ദ്വാരത്തിന്‍െറ വിസ്‌താരവുമാകുന്നു. ഈ ദീര്‍ഘവിസ്‌താരങ്ങളില്‍നിന്നുമുണ്ടാകുന്ന ചുറ്റളവ്‌ അതാത്‌ ദിക്കിന്‌ വിധിച്ചിട്ടുള്ള ശുഭയോനി കണക്കാക്കി നിശ്ചയിക്കേണ്ടതാണ്‌.

വീടിന്‌ ഭിത്തിഉയരം കൂടുതലുണ്ടെങ്കില്‍ കട്ടിള കഴിഞ്ഞ്‌ മേല്‍പുര വരെയുള്ള ഇടഭിത്തി കെട്ടുന്നില്ലെങ്കില്‍ ഭംഗിക്കുവേണ്ടി ആ ഇടയില്‍ മംഗളപ്പലക അഥവാ കൂരമ്പപ്പലക കൊത്തുപണികളോടുകൂടി ഉണ്ടാക്കാവുന്നതാണ്‌. ഈ പലകയില്‍ ഗണപതി, ശ്രീകൃഷ്‌ണന്‍, ലക്ഷ്‌മീഭഗവതി, പൂര്‍ണകുംഭം തുടങ്ങിയ അലങ്കാരങ്ങള്‍ കൊത്താവുന്നതാണ്‌. അലങ്കാരത്തിനുവേണ്ടി കൊത്തുപണിചെയ്യുമ്പോള്‍ കൊത്തുന്ന രൂപങ്ങള്‍ സൗമ്യമായതും പ്രസാദം ഉളവാക്കുന്നതുമാകാന്‍ ശ്രദ്ധിക്കണം. രൗദ്രരൂപങ്ങള്‍ ചെയ്യാതിരിക്കുന്നതാണ്‌ ഉത്തമം. മുന്‍ പറഞ്ഞ രീതിയിലുള്ള അലങ്കാരങ്ങള്‍ വാതില്‍പ്പലകകളിലും ചെയ്യാവുന്നതാണ്‌.
ദ്വാരങ്ങള്‍ അഥവാ വാതിലുകള്‍ രണ്ടുപാളികളായി ചെയ്യുമ്പോള്‍ മദ്ധ്യത്തില്‍ സൂത്രപ്പട്ടിക സ്‌തനങ്ങളോടുകൂടി നിര്‍മ്മിക്കുക പതിവുണ്ട്‌. രണ്ടു വാതില്‍പ്പലകകള്‍ ഉള്ളിടത്ത്‌ ഇടത്തേവാതില്‍പ്പലക (ഗൃഹത്തിനകത്ത്‌ നിന്ന്‌ പുറത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ ഇടതുവശത്തുള്ളത്‌) യിലാണ്‌ സൂത്രപ്പട്ടിക തറയേ്‌ക്കണ്ടത്‌. ഇടത്തേവാതില്‍പാളി മാതാവായും വലത്തേവാതില്‍പാളി പുത്രിയായുമാണ്‌ ശാസ്‌ത്രം ഉപദേശിക്കുന്നത്‌. ഇപ്രകാരം വെക്കുന്ന സൂത്രപ്പട്ടികയില്‍ പിച്ചളക്കെട്ടുകളോടുകൂടി സ്‌തനങ്ങള്‍ അഥവാ മൊട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ മൂന്ന്‌, അഞ്ച്‌, ഏഴ്‌ തുടങ്ങി ഒറ്റസംഖ്യകളായ സ്‌തനങ്ങളെ നിര്‍മ്മിക്കേണ്ടതാണ്‌. കട്ടിളയ്‌ക്ക്‌ ഒരു വാതില്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ എങ്കില്‍ അത്‌ ഇടത്തേ കട്ടിളക്കാലിന്‍മേല്‍ ഉറപ്പിക്കണം.
പ്രധാന ദ്വാരത്തിന്‌ വഴി, കിണര്‍, തൂണ്‌ മുതലായവയില്‍നിന്നും വേധം സംഭവിക്കുവാന്‍ പാടില്ലാത്തതാണ്‌. പ്രധാന ദ്വാരത്തിന്‍െറ അവയവങ്ങളെല്ലാം തന്നെ ഒരേ തരം മരം (തടി) കൊണ്ട്‌ നിര്‍മ്മിക്കാനാണ്‌ ശാസ്‌ത്രോപദേശം.

ഉദാഹരണത്തിന്‌ കുറുമ്പടിയും ചേറ്റുപടിയും ഒരേ മരത്തിലും കട്ടിളക്കാലുകള്‍ മറ്റൊരു മരത്തിലും പണിയുന്നത്‌ ശുഭകരമല്ല. എന്നാല്‍ കട്ടിളയുടെ അവയവങ്ങളെല്ലാം ഒരേമരത്തിലും വാതില്‍പ്പാളികള്‍ മറ്റൊരു മരത്തിലും പണിയുന്നതു കൊണ്ട്‌ ദോഷമില്ല.
കട്ടിള നിര്‍മ്മിക്കുമ്പോള്‍ ചേറ്റുപടി കരിങ്കല്ലിലും മറ്റുഭാഗങ്ങള്‍ മരത്തിലും നിര്‍മ്മിക്കുന്നത്‌ അനുവദനീയമാണ്‌. ഇപ്പോള്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന കോണ്‍ക്രീറ്റ്‌ കട്ടിള പ്രധാന ദ്വാരത്തിന്‌ അനുഗുണമല്ല.